Entertainment

ഇന്ത്യയുടെ 'ക്യാപ്റ്റൻ ഫന്റാസ്റ്റിക്', സുനിൽ ഛേത്രിയിൽ നിന്ന് നാം പഠിക്കേണ്ടത്!

Dhanam News Desk

അൻപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഒരു ഏഷ്യാ കപ്പ് വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ രാജ്യം നെഞ്ചേറ്റിയത് ഇന്ത്യൻ ഫുട്ബോളിനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ഈ നായകനെക്കൂടിയാണ്. സുനിൽ ഛേത്രി എന്ന 33 കാരനെ.

അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ മറികടന്ന് ഏറ്റവും കൂടുതൽ അന്താരാഷ്ട്രഗോളുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറിയപ്പോൾ, ഛേത്രി  ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റില്‍ തായ്‌ലാന്റിനെതിരെ തന്റെ അറുപത്തിയാറാം ഗോള്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഛേത്രി ചരിത്ര നേട്ടത്തിന് അര്‍ഹനായത്. 85 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് 67 ഗോളുകൾ നേടിയ ഛേത്രിയുടെ മുന്നില്‍ ഇനിയുള്ളത്. 

1984-ൽ സെക്കന്തരാബാദിൽ ജനിച്ച സുനിൽ കരിയർ ആരംഭിച്ചത് മോഹുൻ ബഗാൻ ക്ലബ്ബിൽ ആയിരുന്നു. ക്യാപ്റ്റൻ ഫന്റാസ്റ്റിക് എന്ന വിളിപ്പേര് അദ്ദേഹത്തിന് വെറുതേ കിട്ടിയതല്ല. ഛേത്രിയെ ഫന്റാസ്റ്റിക് ആക്കിയ കാര്യങ്ങൾ എന്തെല്ലാമാണ്!

പ്രൊഫഷണലിസം

പ്രൊഫഷണലിസം കൊണ്ട് ഒരു ദേശീയ ടീമിനെ മികവുറ്റതാക്കാൻ കഴിവുള്ള താരമാണ് ഛേത്രി. ബെംഗളൂരു എഫ്‌സിയുടെ മുൻ കോച്ചായ ആൽബർട്ട് റോക്കോ ഒരിക്കൽ പറഞ്ഞത് തന്റെ കരിയറിൽ ഇതുവരെ കണ്ടുമുട്ടിയിട്ടുള്ളവരിൽ ഏറ്റവും പ്രൊഫഷണലായ കളിക്കാരനാണ് ഛേത്രി എന്നാണ്.  സഹകളിക്കാരനായ ജെജെ ലാല്‍ പെഖുല പറയുന്നത് താൻ പ്രൊഫഷണലിസം പഠിച്ചത് ക്യാപ്റ്റനിൽ നിന്നാണെന്നാണ്. 

ലീഡർഷിപ്

ഒരു നല്ല ക്യാപ്റ്റന്റെ എല്ലാ ഗുണങ്ങളും ഛേത്രിക്കുണ്ട്. സഹകളിക്കാരും അത് സമ്മതിക്കുന്നു. മികച്ചത് നേടാനുള്ള നിരന്തര പ്രയത്‌നത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ടീം അംഗങ്ങൾക്ക് ഇപ്പോഴും ഒരു മാതൃകയാകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. പറയുന്ന കാര്യം നടത്തി കാണിച്ചുകൊണ്ടുക്കുന്നതാണ് ശീലം. 

എപ്പോഴും പോസിറ്റീവ്

വളരെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ഒരു വ്യക്തിയാണദ്ദേഹം. 2009-ൽ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് ചാംപ്യൻഷിപ്പിന് കളിക്കാൻ അവസരം കിട്ടിയപ്പോൾ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 70 ൽ താഴെയായതുകൊണ്ട് അദ്ദേഹത്തിന് വർക്ക് പെർമിറ്റ് കിട്ടാതെപോയി. എന്നാൽ ഇത് ലോകാവസാനമല്ലെന്നും ഞാൻ എന്റെ രാജ്യത്തിന് വേണ്ടി തുടർന്നും കളിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ ചെയ്താലും പോസിറ്റീവ് ആയി ഇരിക്കണം എന്ന ചിന്തയോടുകൂടിയാണ് ഒരു ദിവസം തുടങ്ങുക എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.    

കുടുംബം ആദ്യം

അമ്മ ഉണ്ടാക്കിയ ഭക്ഷണമാണ് ഛേത്രിക്ക് ഏറ്റവും പ്രിയം. തനിക്ക് കിട്ടുന്ന പ്രതിഫലം ഇപ്പോഴും അച്ഛനെയാണ് ഏൽപ്പിക്കുന്നത്. ഇല്ലായിരുന്നെങ്കിൽ 50 സ്‌പോർട്സ് കാറുകളുള്ളവനും താമസിക്കാൻ ഒറ്റ വീടുപോലും ഇല്ലാത്തവനും ആയിപ്പോയേനേ എന്നൊരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളരെക്കാലം സുഹൃത്തായിരുന്ന സോനം ഭട്ടാചാര്യയാണ് അദ്ദേഹത്തിന്റെ ഭാര്യ. പാർട്ടികളിൽ പോകാൻ താല്പര്യമില്ലാത്ത ക്യാപ്റ്റന് വെട്ടുകാരുമൊത്ത് സമയം ചെലവഴിക്കാനാണ് ഇഷ്ടം. 

ഫിറ്റ്നസ്

ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ഛേത്രി തയ്യാറല്ല. കൃത്യമായ ഡയറ്റും വ്യായാമവും ഛേത്രിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള ചിന്തകളും തരും, അത് നമ്മെ കൂടുതൽ കഴിവുള്ളവരാക്കും, ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.      

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT