Entertainment

ആദ്യദിന കളക്ഷന്‍ വെറും ₹10 ലക്ഷം, 31-ാം ഡേയില്‍ 22.75 കോടിയും! കേവലം ₹2 കോടി ബജറ്റിലെത്തി ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച് ഹനുമാന്‍ അന്‍ഷ്

മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ചിത്രം 32-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ കളക്ഷന്‍ 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

Dhanam News Desk

ലോക സിനിമയില്‍ തന്നെ അവിശ്വസനീയമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് 'ഹനുമാന്‍ അന്‍ഷ്' എന്ന ചെറിയൊരു ബോളിവുഡ് ചിത്രം. വെറും രണ്ട് കോടി രൂപ മുടക്കുമുതലില്‍ റിലീസിനെത്തിയ ചിത്രത്തെ തുടക്കത്തില്‍ ആരും കാര്യമായെടുത്തിരുന്നില്ല.

ആദ്യ ദിനം 355 ഷോകളില്‍ നിന്ന് ചിത്രം വെറും 10 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. എന്നാല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറിയ ചിത്രം 32-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ആകെ കളക്ഷന്‍ 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ്.

ആത്മീയ ഗുരു നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ വലിയ ഹൈപ്പോ പ്രമോഷനുകളോ ഇല്ലാതിരുന്ന ചിത്രം, മികച്ച മൗത്ത് പബ്ലിസിറ്റിയുടെ മാത്രം കരുത്തിലാണ് ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഓഗസ്റ്റ് 7ന് യാതൊരുവിധ ബഹളങ്ങളുമില്ലാതെയാണ് ഹനുമാന്‍ അന്‍ഷ് തീയറ്ററുകളിലെത്തിയത്.

മൗത്ത് പബ്ലിസിറ്റിയുടെ മാജിക്

ആദ്യ ദിവസം വെറും 10 ലക്ഷം രൂപയും ആദ്യ ആഴ്ച്ചാവസാനം 64 ലക്ഷം രൂപ മാത്രവുമായിരുന്നു കളക്ഷന്‍. രണ്ടാം ആഴ്ചയായപ്പോഴേക്കും ചിത്രത്തിന്റെ പ്രദര്‍ശനം രാജ്യത്തുടനീളം വെറും 40 സ്‌ക്രീനുകളായി ചുരുങ്ങി. എന്നാല്‍ തീയറ്ററുകളില്‍ നിന്നു ലഭിച്ച മികച്ച അഭിപ്രായം സിനിമയുടെ ഗതി മാറ്റിമറിച്ചു. രണ്ടാം ആഴ്ച്ചയിലെ 40 സ്‌ക്രീനുകളില്‍ നിന്ന് മൂന്നാം ആഴ്ച്ചയായപ്പോഴേക്കും സ്‌ക്രീനുകളുടെ എണ്ണം ഏകദേശം 400 ആയി ഉയര്‍ത്തി.

റിലീസ് ചെയ്ത എട്ടാംദിനം വെറും 5 ലക്ഷം രൂപയായിരുന്നു കളക്ഷന്‍. പതിനാറാം ദിനം മുതലാണ് ചിത്രത്തിന്റെ തലവര മാറി തുടങ്ങുന്നത്. അന്നാദ്യമായി ചിത്രത്തിന്റെ പ്രതിദിന കളക്ഷന്‍ ഒരു കോടിക്ക് മുകളിലായി. പിന്നീടുള്ള ദിവസങ്ങളില്‍ തീയറ്ററിലേക്ക് ആളൊഴുക്കായിരുന്നു. റിലീസ് ചെയ്ത് നാലാം ശനിയാഴ്ച്ച (24-ാം ദിനം) 15 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഷോകളുടെ എണ്ണം 5,363 ആയി ഉയര്‍ന്നു.

റിലീസ് ചെയ്തശേഷമുള്ള അഞ്ചാം ഞായറാഴ്ചയായ 31-ാം ദിനത്തില്‍ ചിത്രം 22.75 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. വിശാല്‍ ചതുര്‍വേദി രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ മുന്നേറ്റം തുടരുന്നതിനിടെ സെപ്റ്റംബര്‍ 11ന് വിദേശ റിലീസിംഗിനും എത്തുകയാണ്.

Low-budget Hindi devotional film Hanuman Ansh has emerged as a sleeper hit, grossing ₹156.20 crore by its 32nd day at the box office

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT