x.com/PrithviOfficial
Entertainment

വിവാദങ്ങളും ലൂസിഫര്‍ താരതമ്യവും എംപുരാന് 'ക്ഷീണം' ആകുമോ? ബോക്‌സോഫീസില്‍ നിര്‍ണായക ഏപ്രില്‍!

എംപുരാന് ഇനീഷ്യല്‍ കളക്ഷന്‍ മികച്ച രീതിയില്‍ കിട്ടിയിട്ടുണ്ട്. ഇതെല്ലാം പക്ഷേ സിനിമ റിലീസിംഗിനു മുമ്പുള്ള ബുക്കിംഗാണ്‌

Dhanam News Desk

വലിയ പ്രമോഷനോടെ തീയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം എംപുരാന് ലക്ഷ്യം വയ്ക്കുന്ന കളക്ഷനിലേക്ക് എത്താന്‍ വെല്ലുവിളികളേറെ. ഉള്ളടക്കത്തിന്റെ പേരില്‍ തുടക്കത്തിലേ വിവാദത്തില്‍ അകപ്പെട്ടതും ആദ്യ ഭാഗമായ ലൂസിഫറിനെ അപേക്ഷിച്ച് നെഗറ്റീവ് റിവ്യൂസ് കൂടുന്നതും ലോംഗ് റണ്ണില്‍ ചിത്രത്തെ പിന്നോട്ടടിക്കുമെന്ന ഭയം അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.

ആദ്യദിനം മലയാളത്തിലെ റെക്കോഡ് കളക്ഷനാണ് എംപുരാന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22 കോടി രൂപയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളത്തില്‍ നിന്ന് മാത്രം 19.45 കോടി രൂപയും കന്നടയില്‍ നിന്ന് അഞ്ചുലക്ഷം രൂപയും തെലുങ്കില്‍ നിന്ന് 1.2 കോടിയും തമിഴില്‍ നിന്ന് 0.8 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക്.

രണ്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 11.75 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. മലയാളത്തില്‍ നിന്ന് 10.75 കോടി രൂപ, കന്നഡയില്‍ നിന്ന് 0.03 കോടി രൂപ, തെലുഗുവില്‍ നിന്ന് 0.27 കോടി രൂപ, ഹിന്ദിയില്‍ നിന്ന് 0.4 കോടി രൂപ എന്നിങ്ങനെയാണ് രണ്ടാം ദിവസത്തിലെ കണക്കുകള്‍.

വെള്ളിയാഴ്ച 46 ശതമാനമായിരുന്നു കേരളത്തിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി. രാവിലത്തെ ഷോയ്ക്ക് 37 .09 ശതമാനവും ഉച്ചയ്ക്ക് 40.89 ശതമാനവും വൈകുന്നേരം 48.42 ശതമാനവും രാത്രിയില്‍ 57.69 ശതമാനവുമായിരുന്നു കണക്കുകള്‍. കൊച്ചിയില്‍ 81.25 ശതമാനമായിരുന്നു. തിരുവനന്തപുരം 60.75 ശതമാനം, ബെംഗളുരു 25.50 ശതമാനം ചെന്നൈ 29.00 ശതമാനം, കോഴിക്കോട് 66.75 ശതമാനം ഹൈദരാബാദ് 16.50 ശതമാനം മുംബൈ 17.25 ശതമാനം എന്നിങ്ങനെയായിരുന്നു ഇന്നലത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി.

സമ്മിശ്ര പ്രതികരണം

എംപുരാന്റെ ആദ്യ ഭാഗവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്ര മികച്ച അഭിപ്രായമല്ല മൊത്തതില്‍ ഈ ചിത്രത്തിനുള്ളത്. എത്ര കോടി ബജറ്റുണ്ടെന്നതോ പ്രമോഷനോ ഒന്നും ലോംഗ് റണ്ണില്‍ സിനിമ ഓടാന്‍ പര്യാപ്തമല്ല. എംപുരാനെ സംബന്ധിച്ച് ഇനീഷ്യല്‍ കളക്ഷന്‍ മികച്ച രീതിയില്‍ കിട്ടിയിട്ടുണ്ട്. ഇതെല്ലാം പക്ഷേ സിനിമ റിലീസിംഗിനു മുമ്പുള്ള ബുക്കിംഗാണ്. സിനിമ ഇറങ്ങിയശേഷം പലതരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രത്തിന് വരുന്നത്.

വിദേശ ലൊക്കേഷനുകളും ടെക്‌നിക്കല്‍ ബ്രില്യന്‍സും മികച്ചു നില്‍ക്കുമ്പോള്‍ പോലും കഥയിലേക്ക് അടുപ്പിക്കുന്ന ബ്രില്യന്‍സ് എംപുരാനില്‍ ചേര്‍ന്നുപോയെന്ന വിലയിരുത്തലുകളുണ്ട്. വരുംദിവസങ്ങളില്‍ നിഷ്പക്ഷ പ്രേക്ഷകര്‍ തീയറ്ററിലെത്തുമ്പോഴായിരിക്കും ചിത്രം ഏതുരീതിയില്‍ മുന്നോട്ടു പോകുമെന്ന ധാരണ ലഭിക്കുക.

വിവാദങ്ങള്‍ തിരിച്ചടിയാകും?

റിലീസിംഗിനുശേഷം ഉടലെടുത്ത വിവാദങ്ങള്‍ എംപുരാന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ അടക്കം ചേരിപ്പോര് രൂക്ഷമാണ്. ഒരുവിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്ന പ്രതികരണങ്ങള്‍ എംപുരാന്റെ ലോംഗ് റണ്‍ ബിസിനസില്‍ ഏതു രീതിയില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കണ്ടറിയണം.

മറ്റ് ഇന്ത്യന്‍ ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷനെ വിവാദം ബാധിച്ചേക്കാം. ഇപ്പോള്‍ തന്നെ ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. വിവാദം കത്തിപ്പടര്‍ന്നാല്‍ പ്രതീക്ഷിച്ച കളക്ഷന്‍ കേരളത്തിന് വെളിയില്‍ നിന്ന് കിട്ടാതായേക്കാം.

ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും എംപുരാന് 140 കോടിക്ക് മുകളില്‍ ബജറ്റ് ആയെന്നാണ് വിവരം. അങ്ങനെയെങ്കില്‍ 350-400 കോടി രൂപ തീയറ്റര്‍ കളക്ഷന്‍ കിട്ടിയെങ്കിലേ ചിത്രം ലാഭത്തിലെത്തുകയുള്ളൂ. ഇതിനായി നിറഞ്ഞ സദസില്‍ തന്നെ ചിത്രം ദിവസങ്ങളോളം ഓടേണ്ടിവരും. നെഗറ്റീവ് ഫീഡ്ബാക്ക് വരുന്നത് ചിത്രത്തെ എത്രത്തോളം ബാധിക്കുമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT