Entertainment

സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യാം? വിൽ സ്മിത്തിന്റെ 5 ധനപാഠങ്ങൾ

Dhanam News Desk

ഈയിടെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രധാന അതിഥിയായിരുന്നു ഹോളിവുഡ് നടൻ വിൽ സ്മിത്ത്. അദ്ദേഹത്തിന്റെ ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ അധികവും സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു. തന്റെ ജീവിതത്തിലെ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ജീവിതത്തിൽ ഒരുപാട് വിജയങ്ങളും തകർച്ചകളും കണ്ട ഈ മഹാനടന്റെ ജീവിത പാഠങ്ങൾ ആർക്കും ഉൾക്കൊള്ളാവുന്നതാണ്. എച്ച്ടി ലീഡർഷിപ് സമ്മിറ്റിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന്.

നികുതി കൃത്യമായി അടക്കുക

വിൽ സ്മിത്ത് കരിയർ തുടങ്ങിയത് ഹോളിവുഡ് നടനായിട്ടായിരുന്നില്ല. ഒരു റാപ് ഗായകനായിട്ടായിരുന്നു. ലക്ഷങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ പക്ഷെ ചെറുപ്പക്കാരനായ ആ റാപ്പർ നികുതി അടക്കാൻ വിട്ടുപോയി. അവസാനം ഇന്റെണൽ റവന്യൂ സർവീസ് (യുഎസിലെ നികുതി വകുപ്പ്) അധികൃതർ വാതിക്കൽ എത്തിയപ്പോഴാണ് സ്മിത്തിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിഴയും എല്ലാം ചേർത്ത് 30 ലക്ഷം ഡോളർ നികുതി അടക്കേണ്ടി വന്നു. അടുത്ത ആൽബം പൊട്ടിയതോടെ കയ്യിലുണ്ടായിരുന്ന കാശെല്ലാം പോയി.

നിയമങ്ങളെ ഗൗനിക്കാതിരുന്നതുകൊണ്ടാണ് പേരെടുത്ത ഒരു ഗായകൻ അതിസമ്പന്നനിൽ നിന്ന് ദരിദ്രനായി തീർന്നത്. അതുകൊണ്ട് നിയമപരമായി പ്രവർത്തിക്കുക.

പരാജയം സംഭവിച്ചോ? റീബൂട്ട് ചെയ്യാം

ജീവിതത്തിൽ പരാജയം മണക്കാത്ത ആരുമുണ്ടാകില്ല. തോൽവി എപ്പോഴെങ്കിലും ഏറ്റുവാങ്ങേണ്ടി വന്നാൽ ജീവിതം ഒന്നേന്ന് ഫ്രഷ് ആയി വീണ്ടും തുടങ്ങുക. സ്മിത്തിന്റെ വാക്കുകളിൽ: "സംഗീതത്തിൽ നിന്ന് സിനിമയിലേക്കുള്ള എന്റെ മാറ്റം ഞാനായിട്ട് തെരഞ്ഞെടുത്ത ഒന്നല്ല. റവന്യൂ സർവീസുകാർ എന്റേതായിട്ടുണ്ടായിരുന്ന എല്ലാം കൊണ്ട് പോയി, ഞാനങ്ങനെ ലോസ് ആഞ്ചെലെസിലേക്ക് താമസം മാറി. കുറച്ച് കാശുണ്ടാക്കാനാണ് ഞാൻ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്."

ഇതുപോലെയല്ലെങ്കിലും, നമ്മിൽ പലരും ഇത്തരം പ്രതിസന്ധി നേരിട്ടിട്ടുണ്ടാകും. പെട്ടെന്ന് ജോലി നഷ്ടപ്പെടുക, വലിയ വ്യക്തിപരമായ പ്രശ്നങ്ങൾ നേരിടുക എന്നത് ഉണ്ടാകുമ്പോൾ തളരാതെ ജീവിതം റീസ്റ്റാർട്ട് ചെയ്യാം.

ജീവിതത്തിൽ അച്ചടക്കം കൊണ്ടുവരുക

ഒരു ഹോളിവുഡ് ഷോയുമായാണ് സ്മിത്ത് രണ്ടാമത്തെ കരിയർ ആരംഭിച്ചത്. പക്ഷെ അപ്പോഴും റവന്യൂ സർവീസ് 70 ശതമാനം പണം പിടിക്കുന്നുണ്ടായിരുന്നു. ഇനി വീണ്ടും ദരിദ്രമായ ആ ജീവിതത്തിലേക്ക് തിരിച്ച് പോകില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ജീവിതത്തിന് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കി. "ഒരു പ്ലാൻ ഉണ്ടാക്കി അത് സത്യസന്ധമായി പിന്തുടരുക എന്നത് ഒരാളുടെ സാമ്പത്തിക നിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ ചെയ്തു," സ്മിത്ത് പറഞ്ഞു.

നിങ്ങൾക്ക് ഒരു പക്ഷെ ധാരാളം പണം ഉണ്ടാകാം. പക്ഷെ അച്ചടക്കം പിന്തുടർന്നില്ലെങ്കിൽ സമ്പത്ത് നിലനിൽക്കില്ല.

തോൽക്കാം, തോൽ‌വിയിൽ നിന്ന് പഠിക്കാം, വീണ്ടും ശ്രമിക്കാം

നമ്മൾ ആരും തന്നെ എല്ലാം തികഞ്ഞ ഒരു സാമ്പത്തിക രൂപരേഖ ഉണ്ടാക്കിയിട്ടല്ല ജീവിതം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പരാജയം സ്വാഭാവികമാണ്. ജീവിതത്തിൽ എത്ര തവണ വേണമെങ്കിലും തോൽക്കാം. പക്ഷെ എല്ലാത്തിന്റെയും അവസാനം വിജയമായിരിക്കണം. "പരാജയങ്ങൾ നിരവധി ഏറ്റുവാങ്ങേണ്ടി വന്നത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്തുകൊണ്ട് നിങ്ങൾ പരാജയപ്പെട്ടു എന്ന് പരിശോധിക്കുക. വീണ്ടും ശ്രമിക്കുക," സ്മിത്ത് കൂട്ടിച്ചേർത്തു.

ഭയമുള്ള കാര്യങ്ങൾ ചെയ്യുക

സ്മിത്തിന്റെ അൻപതാമത്തെ ജന്മദിനത്തിൽ തനിക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ് അദ്ദേഹം ചെയ്തത്. അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യനിൽ ഹെലികോപ്റ്ററിൽ നിന്ന് ബംഗീ ജംപ് ചെയ്തു. "ഒരിക്കൽ നിങ്ങൾക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള ജീവിതം ആ ഭയമില്ലാതെ ജീവിക്കാം," സ്മിത്ത് പറയുന്നു.

ബിസിനസ് തന്ത്രങ്ങൾ മാറ്റി പയറ്റാനും, പുതിയ ആശയങ്ങൾ പരീക്ഷിക്കാനും, പുതിയ ഇടങ്ങളിൽ നിക്ഷേപിക്കാനും ഭയമുള്ളവർ നമുക്കിടയിൽ ഉണ്ടാകാം. ആ ഭയത്തെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരേയൊരു വഴി അതിലേക്ക് നടന്ന് ചെല്ലുക, അതിനെ നേരിടുക എന്നതാണ്.

സ്മിത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പാഠം: നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ, ഇല്ലാത്ത കാശുണ്ടാക്കി, നമ്മെ ഒട്ടും വിലകൽപ്പിക്കാത്ത ആളുകളെ ഇംപ്രസ്‌ ചെയ്യിക്കാനായി വാങ്ങിക്കൂട്ടുന്നതാണ് കൂടുതൽ ആളുകളുടെയും പ്രശ്നം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT