ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരാധകപിന്തുണയിലും കളിമികവിലും മുന്നേറുകയാണ്. കോടികളാണ് ഓരോ സീസണിലും കളിക്കാരുടെയും ഫ്രാഞ്ചൈസി ഉടമകളുടെയും പോക്കറ്റിലെത്തുന്നത്. 2007ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല, ഇതുപോലെ പണംകായ്ക്കുന്ന മരമായി മാറുമെന്ന്.
ഐപിഎല്ലിന്റെ തുടക്കത്തില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയ കോര്‍പറേറ്റുകള്‍ ഇന്ന് പണംവാരുകയാണ്. അടുത്തിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആദിത്യ ബിര്‍ല ഗ്രൂപ്പും ബ്ലാക്‌സ്റ്റോണും ഉള്‍പ്പെടെയുള്ള കണ്‍സോഷ്യം വാങ്ങിയത് 16,706 കോടി രൂപയ്ക്കാണ്. മറ്റൊരു ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ഉടമകള്‍ക്ക് ലഭിച്ചത് 15,300 കോടി രൂപയും. ലക്ഷ്മി മിത്തലും അഡാര്‍ പൂനാവാലെയും ചേര്‍ന്നാണ് ഈ ടീമിനെ സ്വന്തമാക്കിയത്.
ഒട്ടുമിക്ക ഐപിഎല്‍ ടീമുകളും മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനിടെ ലാഭത്തിലെത്തിയിരുന്നു. മറ്റ് ബിസിനസുകളെ അപേക്ഷിച്ച് ലീഗ് നടക്കുന്ന രണ്ട് മാസമായിരിക്കും ഈ ബിസിനസില്‍ സവിശേഷ ശ്രദ്ധ വേണ്ടത്. മാത്രമല്ല, ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യം കോര്‍പറേറ്റുകള്‍ക്ക് അവരുടെ മറ്റ് ബിസിനസുകളുടെ പ്രമോഷനായും ഉപയോഗിക്കാന്‍ സാധിക്കും.
ടീമുകളും അവരുടെ മൂല്യവും നോക്കാം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയും നിതാ അംബാനിയും ഉടമസ്ഥരായ മുംബൈ ഇന്ത്യന്‍സിന്റെ വിപണിമൂല്യം 13,500 കോടി രൂപയ്ക്ക് മുകളിലാണ്. ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്ന് കൂടിയാണിത്.
ഇന്ത്യാ സിമന്റ്‌സിന് ഓഹരിപങ്കാളിത്തം കൂടുതലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂല്യം 11,300 കോടി രൂപയ്ക്ക് മുകളിലാണ്. സൂപ്പര്‍താരം എംഎസ് ധോണിയുടെ സാന്നിധ്യവും ചെന്നൈയുടെ ബ്രാന്‍ഡ് വാല്യു വര്‍ധിപ്പിക്കുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സ്വന്തമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂല്യം 9,500 കോടി രൂപയാണ്. ജൂഹി ചൗള, ജയ് മെഹ്ത എന്നിവരാണ് സഹഉടമകള്‍.
ഗുജറാത്ത് ടൈറ്റന്‍സ് (9,600 കോടി), ഹൈദരാബാദ് (8,800 കോടി), പഞ്ചാബ് കിംഗ്‌സ് (8,000 കോടി), ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് (10,000 കോടി) എന്നിങ്ങനെയാണ് മറ്റ് ഫ്രാഞ്ചൈസികളുടെ മൂല്യം. പഞ്ചാബ്, കൊല്‍ക്കത്ത ഒഴികെയുള്ള ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം കോര്‍പറേറ്റ് കമ്പനികള്‍ക്കാണ്. ഈ കമ്പനികളുടെ മൊത്തം വരുമാനത്തില്‍ ഐപിഎല്‍ വലിയ സംഭാവന നല്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine