തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്റെ മൂല്യത്തില്‍ ഇടിവ്. 2023ല്‍ 92,500 കോടി രൂപയായിരുന്നു ലോകത്തെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്റെ മൂല്യം. 2024ല്‍ ഇത് 82,700 കോടി രൂപയായി താഴ്ന്നു. ഈ വര്‍ഷം പിന്നെയും താഴേക്ക് പോയെന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവില്‍ മൂല്യം 76,100 കോടി രൂപയാണ്. ഒരു വര്‍ഷം കൊണ്ട് എട്ട് ശതമാനത്തിന്റെ കുറവ്. രണ്ടുവര്‍ഷം കൊണ്ട് 16,400 കോടി രൂപയുടെ ഇടിവാണ് സംഭവിച്ചത്.
ആരാധകര്‍ക്കിടയില്‍ ലീഗിനോടുള്ള താല്പര്യം കുറഞ്ഞതല്ല മൂല്യം താഴാന്‍ ഇടയാക്കിയത്. അതിന് കാരണങ്ങള്‍ പലതാണ്. 2024ല്‍ ഡിസ്‌നി സ്റ്റാറും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം 18ഉം ലയിച്ച് ഒറ്റ കമ്പനിയായിരുന്നു. ഇത് ഐപിഎല്ലിനെ സംബന്ധിച്ച് വലിയ ദോഷം ചെയ്തു. ഐപിഎല്ലിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുത്തിരുന്നത് മീഡിയ റൈറ്റ്‌സ് വില്പനയിലൂടെയായിരുന്നു.
ടിവി, ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം വെവ്വേറെയായിരുന്നു നല്കിയിരുന്നത്. സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ പോരടിച്ചിരുന്ന രണ്ട് കമ്പനികള്‍ ഒന്നിച്ചത് ബി.സി.സി.ഐയുടെ വിലപേശല്‍ ശേഷിയെ ബാധിച്ചുവെന്ന് ഡിആന്‍ഡ്പി അഡൈ്വസറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഓണ്‍ലൈന്‍ മണി ഗെയിമിംഗ് ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഡ്രീംഇലവന്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സര്‍ക്കാരിന്റെ തീരുമാനം ബാധിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് വരുമാനത്തില്‍ മാത്രം 1,500-2,000 കോടി രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഇതുവഴി സംഭവിക്കുക.
സംഘാടകര്‍ക്ക് മാത്രമല്ല ഇതുവഴി നഷ്ടം സംഭവിക്കുക. വിവിധ ഫ്രാഞ്ചൈസികള്‍ക്കും വരുമാനത്തില്‍ കുറവ് വരും. ഡ്രീംഇലവന്‍, മൈഇലവന്‍ സര്‍ക്കിള്‍ (my11circle) തുടങ്ങിയ ഓണ്‍ലൈന്‍ ഫാന്റസി ഗെയിമിംഗ് കമ്പനികള്‍ ഐപിഎല്‍ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. ഈ കരാറുകളില്‍ നിന്നെല്ലാം ഇത്തരം കമ്പനികള്‍ പിന്‍മാറിയിട്ടുണ്ട്.
അടുത്തിടെ ആരംഭിച്ച വനിതാ പ്രീമിയര്‍ ലീഗിനും ചെറിയതോതില്‍ തിരിച്ചടിയേറ്റിട്ടുണ്ട്. മൂല്യം മുന്‍വര്‍ഷത്തെ 1,250 കോടി രൂപയില്‍ നിന്ന് 1,240 കോടിയായി താഴ്ന്നു. അതേസമയം, വനിതാ ലീഗിന്റെ ടിവി റേറ്റിംഗ് 30 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine