ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമാകുന്നത് മാര്‍ച്ച് 28നാണ്. ലോകത്തെ മുന്‍നിര താരങ്ങളെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്. ഇത്തവണ വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ക്രിക്കറ്റ് പൂരം നടക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് മേഖലയിലാകെ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഐപിഎല്ലിനെയു ബാധിച്ചിട്ടുണ്ട്. ടീമുകളുടെ പ്രീസീസണ്‍ ഒരുക്കങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും ഗള്‍ഫ് യുദ്ധം കാരണം തടസപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
വിദേശ താരങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവ് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ്. ഈ മേഖലകളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടത് കളിക്കാരുടെയും ഒഫീഷ്യല്‍സിന്റെയും വരവിനെ ബാധിച്ചു. ട്വന്റി-20 ലോകകപ്പിന് ശേഷം വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ താരങ്ങളുടെ മടക്കയാത്ര വൈകിയിരുന്നു. കളിക്കാരുടെ മാനസികരോഗ്യത്തെ ഇത് ബാധിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചാല്‍ ലീഗിന്റെ ഗ്ലാമര്‍ ഇടിയാന്‍ കാരണമാകും.
ഐപിഎല്ലിന്റെയും വിവിധ ടീമുകളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ട്. ഈ കമ്പനികളെല്ലാം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് ഐപിഎല്ലിലെ വിവിധ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നിന്ന് ഇവര്‍ പിന്‍വലിയാന്‍ കാരണമായേക്കും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊന്ന് എത്തിഹാദ് എയര്‍വെയ്‌സ് ആണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഖത്തര്‍ എയര്‍വെയ്‌സും ഡല്‍ഹി ക്യാപിറ്റല്‍സിന്റേത് ഡിപി വേള്‍ഡുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗള്‍ഫ് കമ്പനികളുടെ സാന്നിധ്യം പ്രകടമാണ്.
എല്ലാത്തരത്തിലും വലിയ പ്രശ്‌നങ്ങള്‍ സംഘാടകര്‍ ഇത്തവണ നേരിടുന്നുണ്ട്. കളിക്കാരുടെ വരവും താമസവും പോലും പ്രശ്‌നത്തിലാണ്. ഓരോ ടീമിലും കളിക്കാരും അവരുടെ കുടുംബാംഗങ്ങളുമടക്കം 120ലേറെ പേര്‍ സംഘത്തിലുണ്ടാകും. ഇവര്‍ക്കായി ഹോട്ടലുകളിലാണ് മുറികള്‍ ബുക്ക് ചെയ്യുന്നത്. എന്നാല്‍ പാചകവാതക പ്രതിസന്ധിയും മറ്റും താമസ കാര്യത്തിലടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും രാത്രിമത്സരങ്ങള്‍ക്കായി ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ പതിനായിരക്കണക്കിന് ലിറ്റര്‍ ഇന്ധനം ആവശ്യമാണ്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ പ്രതിസന്ധി ഇല്ലെന്ന് പറയുമ്പോള്‍ പോലും തികഞ്ഞ ജാഗ്രതയിലാണ്. ഇത്തരമൊരു സമയത്ത് വലിയതോതില്‍ ഇന്ധനം ആവശ്യമായ വിനോദപരിപാടികള്‍ നടത്തുന്നത് വിമര്‍ശനം വിളിച്ചുവരുത്തിയേക്കും.
Read DhanamOnline in English
Subscribe to Dhanam Magazine