Entertainment

ഒരുകാലത്ത് വില്ലന്‍, ഇന്ന് രക്ഷകന്‍! ക്ലബുകളുടെ തലവര മാറ്റി യുട്യൂബ്; ഐഎസ്എല്ലിന്റെ പുതിയ വിജയഫോര്‍മുല

ഐഎസ്എല്‍ ക്ലബുകള്‍ക്ക് ഈ സീസണില്‍ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തുകയ്ക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് കരാറാകുന്നതെന്നാണ് വിവരം

Lijo MG

ഒരുസമയത്ത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) തലവേദനയായിരുന്നു യുട്യൂബ്. മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് അനധികൃതമായി യുട്യൂബ് ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നതായിരുന്നു കാരണം. കരാര്‍ ലഭിച്ച ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ നഷ്ടം വരാന്‍ ഇത്തരം പൈറസി സ്ട്രീമിംഗ് കാരണമായി. എന്നാലിപ്പോള്‍, അതേ യുട്യൂബ് തന്നെ ലീഗിന്റെയും ക്ലബുകളുടെയും രക്ഷയ്‌ക്കെത്തിയെന്നതാണ് വിരോധാഭാസം.

മുമ്പ് ഹോട്ട്‌സ്റ്റാര്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളായിരുന്നു ലീഗിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. ഇത്തവണ യുട്യൂബ് ഡിജിറ്റല്‍ സംപ്രേക്ഷണം ഏറ്റെടുത്തു. ആരാധകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കളി കാണാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചത്. യുട്യൂബിലേക്ക് സ്ട്രീമിംഗ് മാറിയതിന് ഗുണമുണ്ടായി.

ലീഗിലെ ഒട്ടുമിക്ക മല്‍സരങ്ങള്‍ക്കും മികച്ച രീതിയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഉദ്ഘാടന ആഴ്ചയിലെ ആദ്യത്തെ അഞ്ച് മല്‍സരങ്ങള്‍ക്ക് 52 മില്യണ്‍ വ്യൂവേഴ്‌സിനെ ആണ് ലഭിച്ചത്. 1.2 ലക്ഷം പുതിയ സബ്‌സ്‌ക്രൈബേഴ്‌സ് ഒരാഴ്ച കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാനലിന് ലഭിച്ചു.

എന്താണ് നേട്ടം?

ഏതൊരു ലീഗിന്റെയും നിലനില്‍പ്പ് സാമ്പത്തികത്തില്‍ ഊന്നിയാണ്. നഷ്ടം സഹിച്ച് ഒരു കമ്പനിയും ദീര്‍ഘകാലം ക്ലബ് നടത്തില്ല. ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്തെ വമ്പന്മാരായ ടാറ്റ ഗ്രൂപ്പിന്റെ ജംഷഡ്പൂര്‍ എഫ്‌സി ഐഎസ്എല്ലില്‍ നിന്ന് പിന്‍മാറിയത് തന്നെ ഉദാഹരണം. ഐഎസ്എല്ലിലെ മുഴുവന്‍ ക്ലബുകളും സാമ്പത്തികനഷ്ടത്തിലാണ്. ഇത്തവണ ടീമുകളെല്ലാം ചേര്‍ന്നാണ് ലീഗ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ സീസണ്‍ ക്ലബുകളുടെയും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ഭാവിക്ക് നിര്‍ണായകമാണ്.

യുട്യൂബ് വ്യൂവേഴ്‌സിന്റെ എണ്ണം സംഘാടകര്‍ പ്രതീക്ഷിച്ചതിനും അപ്പുറത്താണ്. വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചതോടെ ടീമുകളും ആവേശത്തിലാണ്. സ്‌പോണ്‍സര്‍ഷിപ്പിനായി കമ്പനികളെ സമീപിക്കാന്‍ ഈ വ്യൂവേഴ്‌സ് ഉണര്‍വ് ടീമുകളെ സഹായിക്കുന്നുണ്ട്.

ലീഗ് ആരംഭിക്കും മുമ്പ് ടീമുകള്‍ക്ക് വലിയതോതില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചിരുന്നില്ല. എന്നാല്‍, ആരാധകര്‍ ഏറ്റെടുത്തതോടെ കോര്‍പറേറ്റ് കമ്പനികളും കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. എംജി മോട്ടോര്‍ ഇന്ത്യ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയതും മിക്ക ടീമുകള്‍ക്കും കൂടുതല്‍ കോര്‍പറേറ്റ് സ്‌പോണ്‍സര്‍മാര്‍ ലഭിക്കുന്നതും പോസിറ്റീവാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ ഹോംമല്‍സരം കാണാന്‍ ഗ്യാലറിയിലെത്തിയത് 40,000ത്തിലേറെ ആരാധകരാണ്‌

കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത ദിവസം തന്നെ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിക്കും. ഐഎസ്എല്‍ ക്ലബുകള്‍ക്ക് ഈ സീസണില്‍ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തുകയ്ക്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് കരാറാകുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം കാണാന്‍ 40,000ത്തിലേറെ ആരാധകരാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

ഐഎസ്എല്‍ ക്ലബുകളുടെ ഭാവി

യുട്യൂബിലൂടെ ലഭിക്കുന്ന വലിയ പ്രേക്ഷകസ്വീകാര്യത ഐഎസ്എല്‍ ക്ലബുകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമോയെന്നാണ് ഇനി അറിയേണ്ടത്. സംപ്രേക്ഷണാവകാശങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ സ്പോണ്‍സര്‍ഷിപ്പുകളും ടിക്കറ്റ് വില്‍പനയും മെര്‍ച്ചന്‍ഡൈസ് വരുമാനവുമാണ് ക്ലബുകളുടെ പ്രധാന ആശ്രയം. യുട്യൂബിലെ ഉയര്‍ന്ന വ്യൂവേഴ്സ് എണ്ണം കൂടുതല്‍ ബ്രാന്‍ഡുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെങ്കിലും ഇത് സ്ഥിരമായ വരുമാനമാക്കി മാറ്റുകയെന്നതാണ് വെല്ലുവിളി. താരങ്ങളുടെ പ്രതിഫലം, യാത്ര, പരിശീലനം, സ്റ്റേഡിയം നടത്തിപ്പ് തുടങ്ങിയ ചെലവുകള്‍ നിയന്ത്രിച്ചാല്‍ മാത്രമേ ക്ലബുകള്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനാകൂ.

ഈ സീസണിലെ നേട്ടങ്ങള്‍ വരുംവര്‍ഷങ്ങളിലും നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതും നിര്‍ണായകമാണ്. ലീഗിന്റെ നടത്തിപ്പില്‍ സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ക്ലബുകള്‍ക്ക് ദീര്‍ഘകാല സ്പോണ്‍സര്‍ഷിപ്പ് കരാറുകളും ശക്തമായ വരുമാനമാര്‍ഗങ്ങളും ആവശ്യമാണ്. ആരാധകപിന്തുണ ഏറെയുള്ള കേരള ബ്ലാസ്റ്റേഴ്സ് പോലുള്ള ക്ലബുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ സാമ്പത്തികനേട്ടം സ്വന്തമാക്കാന്‍ അവസരമുണ്ട്.

എന്നാല്‍ ചെറുക്ലബുകള്‍ക്കും നിലനില്‍ക്കാന്‍ കഴിയുന്ന വരുമാനവിതരണ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്. യുട്യൂബിലൂടെ ലഭിച്ച പുതിയ ഉണര്‍വ് താല്‍ക്കാലിക ആവേശത്തില്‍ ഒതുങ്ങാതെ സാമ്പത്തിക വളര്‍ച്ചയിലേക്ക് വഴിമാറിയാല്‍ മാത്രമേ ഐഎസ്എല്ലിന്റെയും ഇന്ത്യന്‍ ക്ലബ് ഫുട്ബോളിന്റെയും ഭാവി സുരക്ഷിതമാകൂ.

YouTube streaming brings millions of views to the Indian Super League, boosting sponsorship prospects for Kerala Blasters and other financially struggling ISL clubs

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT