Saudi Films 
Entertainment

യുദ്ധം വകവയ്ക്കാതെ റിലീസിംഗ് നടത്താന്‍ 'ആട് 3'; മറ്റ് ബിഗ് ബജറ്റ് ചിത്രങ്ങളും രണ്ടുംകല്പിച്ച് മുന്നോട്ട്

അടുത്ത കാലത്ത് മലയാള സിനിമകളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്

Dhanam News Desk

ഗള്‍ഫ് മേഖലയെ ആശങ്കയിലാഴ്ത്തിയ പശ്ചിമേഷ്യന്‍ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോഴും ശമനമില്ലാതെ മുന്നോട്ടു പോകുകയാണ്. യുദ്ധത്തിന്റെ ഫലമായി കേരളത്തിലടക്കം എല്‍പിജി വിതരണം സ്തംഭിക്കുകയും ചെയ്തു. ഗള്‍ഫില്‍ വലിയ വിപണിയുള്ള മലയാള സിനിമയ്ക്കും യുദ്ധം വലിയ കെടുതിയാണ് വരുത്തിവച്ചിരിക്കുന്നത്.

അടുത്ത കാലത്ത് മലയാള സിനിമകളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നത്. സംഘര്‍ഷം മൂലം ഗള്‍ഫില്‍ വിനോദമേഖലയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

മലയാള സിനിമയുടെ വലിയ സീസണായ മധ്യവേനല്‍ അവധിക്കാലത്താണ് ഈ പ്രതിസന്ധിയെന്നത് തകര്‍ച്ചയുടെ ആഴംവര്‍ധിപ്പിക്കുന്നു. ചെറുതും വലുതുമായ അരഡസനിലേറെ ചിത്രങ്ങളാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസിംഗിനായി അണിയറയിലുള്ളത്. യുദ്ധം മൂലം ഈ ചിത്രങ്ങളുടെ റിലീസിംഗ് അടക്കം മാറ്റിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോഴിതാ യുദ്ധത്തെ മുന്‍നിര്‍ത്തി റിലീസിംഗ് മാറ്റുന്നില്ലെന്ന പ്രഖ്യാപനവുമായി 'ആട് 3' സിനിമയുടെ നിര്‍മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും രംഗത്തു വന്നിരിക്കുന്നു. മുന്‍നിശ്ചയിച്ച പ്രകാരം മാര്‍ച്ച് 19ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് നിര്‍മാതാവ് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും അറിയിച്ചിരിക്കുന്നത്.

ഇന്‍ഡസ്ട്രിക്ക് ആശ്വാസം

യുദ്ധകാലത്ത് സിനിമ വ്യവസായത്തിന്റെ നിലനില്പ് കൂടി പരിഗണിച്ചാണ് റിസ്‌ക്കെടുക്കാന്‍ തയാറാകുന്നതെന്ന് വിജയ് ബാബു പറഞ്ഞു. റിലീസിംഗ് മാറ്റിവയ്ക്കുന്നത് തീയറ്ററുകളെ അടക്കം ഗുരുതരമായി ബാധിക്കും. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു കൊണ്ടുള്ള തീരുമാനമാണിതെന്ന് വിജയ് ബാബു പറയുന്നു.

വിവിധ ഘടകങ്ങള്‍ പരിശോധിച്ചും, വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ നമ്മുടെ സിനിമാ വ്യവസായം അഭിവൃദ്ധിപ്പെടേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്തും ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു; 'ആട് 3: വണ്‍ ലാസ്റ്റ് റൈഡ്, പാര്‍ട്ട്-1' 2026 മാര്‍ച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും -ഫ്രൈഡേ ഫിലിം ഹൗസിന്റെയും കാവ്യ ഫിലിം കമ്പനിയുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

മറ്റ് ചിത്രങ്ങളും സമാന തീരുമാനമെടുത്തേക്കും

ഗള്‍ഫ് പ്രതിസന്ധി അടുത്തെങ്ങും അവസാനിക്കില്ലെന്ന സൂചനകളാണ് വരുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തേക്ക് റിലീസിംഗ് നീട്ടിവയ്ക്കുന്നത് ബുദ്ധിയല്ലെന്നാണ് സിനിമരംഗത്തുള്ളവരുടെ വിലയിരുത്തല്‍. 'ദൃശ്യം 3', മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം 'പേട്രിയറ്റ്' ടൊവീനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി' എന്നീ ചിത്രങ്ങളാണ് ഉടന്‍ വരാനിരിക്കുന്നു ചിത്രങ്ങള്‍.

ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാറുള്ളതിനാല്‍ ഒരുപരിധിയില്‍ കൂടുതല്‍ റിലീസിംഗ് വൈകിപ്പിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ മുന്‍നിശ്ചയിച്ച സമയത്ത് തന്നെ തീയറ്ററിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനമെടുത്തെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ തീയറ്ററുകള്‍ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സമയമാണ് മധ്യവേനല്‍ അവധിക്കാലവും ഓണവും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT