Image Courtesy: Hilite Group 
Entertainment

സിനിമാനുഭവം മാറ്റാൻ നൂതന മള്‍ട്ടിപ്ലക്‌സുകളുമായി ഹൈലൈറ്റ്

കോഴിക്കോട് ഹൈലൈറ്റ് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ എപിക് (EPIQ) ഫോര്‍മാറ്റിലും സിനിമ കാണാം

Dhanam News Desk

മലയാളിയുടെ സിനിമാനുഭവങ്ങള്‍ക്ക് പുതുമ പകരാനൊരുങ്ങി കേരളത്തിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഹൈലൈറ്റ്. കേരളത്തിലെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് അവതരിപ്പിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, ഇപ്പോഴിതാ സംസ്ഥാനത്ത് ആദ്യമായി എപിക് (EPIQ) ഫോര്‍മാറ്റിലുള്ള സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മള്‍ട്ടിപ്ലക്സുകളുമായി എത്തുന്നു. രാജ്യത്ത് തന്നെ ഈ സൗകര്യമുള്ള മൂന്നാമത്തെ മള്‍ട്ടിപ്ലക്സാണ് കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ തയാറാക്കുന്നത്. ഗ്രൂപ്പിന് കീഴിലുള്ള പലാക്സി സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പലാക്സി എന്ന പേരിലുള്ള മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ ഒരുക്കുന്നത്.

ലോകോത്തര നിലവാരമുള്ള തിയറ്ററുകള്‍ നിര്‍മിച്ച് സിനിമാനുഭവം മെച്ചപ്പെടുത്തുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ പി സുലൈമാന്‍ പറയുന്നു. സിനിമാ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യയൊരുക്കി ഫ്യൂച്ചറിസ്റ്റിക് തിയറ്ററുകളൊരുക്കുകയാണ് കമ്പനി ചെയ്യുന്നത്.

ഫ്‌ളാഗ്ഷിപ്പ് പ്രോജക്റ്റ്

കോഴിക്കോട് ഹൈലൈറ്റ് മാളിനോടനുബന്ധിച്ചാണ് പലാക്സി സിനിമാസ് എന്ന ഫളാഗ്ഷിപ്പ് പ്രോജക്റ്റ് ഒരുങ്ങുന്നത്. ഇവിടെ എട്ട് സ്‌ക്രീനുകല്‍ലായി 1400 പേര്‍ക്ക് ഒരുമിച്ചിരുന്ന് സിനിമ കാണാം. എട്ടു തിയറ്ററുകളില്‍ രണ്ടെണ്ണം പൂര്‍ണമായും റിക്ലൈനര്‍ സീറ്റുകളാണ്. പ്രീമിയം ലാര്‍ജ് ഫോര്‍മാറ്റിലുള്ള എപിക് സ്‌ക്രീനാണ് ഒന്നില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡോള്‍ബി സ്പീക്കേഴ്സ്, അറ്റ്‌മോസ്, 4കെ, 2കെ ലേസര്‍ പ്രൊജക്റ്ററുകള്‍, റിക്രിയേഷന്‍, ഫുഡ് & ബിവറിജസ് തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഓരോ തിയറ്ററിനോടനുബന്ധിച്ചും ഉണ്ടാകും.

 വരുന്നു 40 സ്‌ക്രീനുകള്‍

രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 40 സ്‌ക്രീനുകള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് പലാക്സി സിനിമാസ്. ആറ് സ്‌ക്രീനുകളുമായി തൃശ്ശൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, കുന്ദംകുളം, അഞ്ച് സ്‌ക്രീനുകളുമായി ചെമ്മാട്, താമരശ്ശേരി, മൂന്ന് സ്‌ക്രീനുകളുമായി കൊച്ചി എന്നിവിടങ്ങളില്‍ മള്‍ട്ടിപ്ലക്സുകള്‍ തുറക്കും.

എപിക് ഫോര്‍മാറ്റ് (EPIQ)

ബാര്‍കോ കോണ്‍ട്രാസ്റ്റ് ആര്‍.ജി.ബി ലേസര്‍ പ്രൊജക്ഷന്‍ ഉപയോഗിച്ച് വലിയ സ്‌ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മികച്ച ശബ്ദാനുഭവവും ഇതിന്റെ പ്രത്യേകതയാണ്. എല്ലാ വശങ്ങളില്‍ നിന്നും മികവുള്ള ദൃശ്യം ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഇരിപ്പിടങ്ങളും പ്രത്യേക അന്തരീക്ഷം ഒരുക്കുന്ന ലൈറ്റിംഗും മറ്റൊരു പ്രത്യേകതയാണ്. ഓരോന്നും എല്ലാം തികഞ്ഞ സീറ്റായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്ലൈനര്‍ സീറ്റുകളും ആഡംബരം നിറഞ്ഞ ലോഞ്ചര്‍ സീറ്റുകളുമൊക്കെ ഒരുക്കിയിരിക്കുന്നതെന്നും കമ്പനി പറയുന്നു.

(This article has been originally published in Jan first Issue)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT