Entertainment

ഓവര്‍സീസ് കളക്ഷന്‍ ₹111 കോടി, ഇന്ത്യയില്‍ നിന്ന് ₹150 കോടിക്ക് മുകളില്‍; സര്‍വകാല റെക്കോഡില്‍ 'ലോക', ₹300 ക്ലബില്‍ ഇടംപിടിക്കുമോ?

ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്

Dhanam News Desk

മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രമെന്ന റെക്കോഡ് ഇനി ലോക: ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് സ്വന്തം. നാലാംവാരത്തിലേക്ക് എത്തിയ ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ 269 കോടി രൂപ പിന്നിട്ടെന്നാണ് വിവരം. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 241.56 കോടി രൂപയുടെ കളക്ഷന്‍ റെക്കോഡ് മൂന്നാം ആഴ്ച്ചയില്‍ തന്നെ കല്യാണി പ്രിയദര്‍ശന്‍ ചിത്രം മറികടന്നിരുന്നു.

ഇനി 300 കോടി കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിക്കുമോയെന്ന ആകാംക്ഷയിലാണ് സിനിമലോകം. അങ്ങനെ വന്നാല്‍ മലയാള സിനിമയ്ക്കത് വലിയ നേട്ടമാകും. ഓവര്‍സീസ് കളക്ഷന്‍ ഉയര്‍ന്നതാണ് ലോകയ്ക്കും ഗുണം ചെയ്തത്. ആദ്യത്തെ 22 ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍ 111 കോടി രൂപയ്ക്ക് മുകളിലാണ്. ഇന്ത്യയില്‍ നിന്ന് നേടിയത് 150 കോടിക്ക് മുകളിലും. റിലീസ് ചെയ്ത 22-മത്തെ ദിവസവും 20 ലക്ഷം രൂപയ്ക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്യുന്നുണ്ട്.

ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും 300 കോടിയിലേക്ക് എത്തുക അത്ര എളുപ്പമാകില്ല. അതേസമയം, ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ്. മലയാള സിനിമയില്‍ ട്രെന്റ് സെറ്ററായി ലോക മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

അയല്‍സംസ്ഥാനങ്ങളിലും തരംഗം

സാധാരണ മലയാള സിനിമകള്‍ക്ക് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കാറില്ല. എന്നാല്‍ അടുത്ത കാലത്ത് ഈ ട്രെന്റിന് മാറ്റം വന്നിട്ടുണ്ട്. തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ അത്രയും വരില്ലെങ്കിലും മലയാള സിനിമകളുടെ ഗ്രാഫ് ഉയരുന്ന പ്രവണതയാണുള്ളത്. ലോകയ്ക്ക് കര്‍ണാടകയില്‍ നിന്ന് ഇതുവരെ 13 കോടിക്ക് മുകളിലാണ് കളക്ഷന്‍. ആന്ധ്രപ്രദേശ് (14 കോടി), തമിഴ്‌നാട് (19 കോടി), റെസ്റ്റ് ഓഫ് ഇന്ത്യ (8 കോടി) എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കളക്ഷന്‍.

കേരളത്തില്‍ നിന്നുള്ള കളക്ഷനെ മാത്രം ആശ്രയിച്ച് സിനിമ ഇറക്കേണ്ട അവസ്ഥയില്‍ നിന്ന് മലയാള സിനിമ മാറുന്നുവെന്നതിന്റെ സൂചനയാണിത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കളക്ഷന്‍ നേടിയവയില്‍ മുന്നിലുള്ള മഞ്ഞുമ്മല്‍ ബോയ്‌സും ലോകയും മുന്‍നിര നായകന്മാരുടെ ചിത്രമല്ലെന്നതും ശ്രദ്ധേയമാണ്.

ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് നേടിയത് 111 കോടി രൂപയ്ക്ക് മുകളിലാണ്. വിദേശ രാജ്യങ്ങളില്‍ ടിക്കറ്റ് നിരക്ക് കേരളത്തിലേക്കാള്‍ കൂടുതലാണെന്നതും വരുമാനം ഉയരുന്നതിന് കാരണമാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലും മലയാളികളുടെ കുടിയേറ്റം വ്യാപകമായതും മലയാള സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT