Entertainment

തീയറ്ററുകളിലേക്ക് ആളൊഴുക്ക്, ഇന്‍ഡസ്ട്രിക്ക് കൈത്താങ്ങായി ഇടത്തരം ചിത്രങ്ങള്‍; പക്ഷേ സിനിമവ്യവസായത്തിന് ഇതു മതിയോ?

സിനിമ ഹിറ്റായാല്‍ മാത്രമേ ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് തീയറ്ററുകള്‍ക്ക് കാര്യമായ നേട്ടം ലഭിക്കുകയുള്ളൂ.

Dhanam News Desk

ഏറെക്കാലത്തിനുശേഷം മലയാള സിനിമയ്ക്ക് താങ്ങാവുന്ന മാസമായി മാറുകയാണ് ഏപ്രില്‍. വേനല്‍ കടുത്തിട്ടും നല്ല ചിത്രങ്ങള്‍ എത്തിയതോടെ തീയറ്ററിലേക്ക് വീണ്ടും പ്രേക്ഷകരുടെ ഒഴുക്കാണ്. സിനിമ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് പോകുകയാണെങ്കിലും താല്‍ക്കാലിക ആശ്വാസം നല്കാന്‍ ഇപ്പോള്‍ തീയറ്ററിലെത്തിയ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ 85 ശതമാനത്തിലധികം ചിത്രങ്ങളും സാമ്പത്തികമായി നഷ്ടത്തിലായിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് നിര്‍മാതാക്കള്‍ക്ക് ആശ്വാസം പകര്‍ന്നത്. പുതിയ നിര്‍മാതാക്കളുടെ വരവ് കുറയുന്ന പ്രവണതയും മലയാള സിനിമയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ മുതല്‍ തീയറ്ററില്‍ ടിക്കറ്റ് കീറാന്‍ നില്ക്കുന്നവര്‍ക്ക് വരെ തൊഴില്‍നഷ്ടമുണ്ടാകുമെന്ന് ഇന്‍ഡസ്ട്രി മുന്നറിയിപ്പ് നല്കുന്നു.

അത്ഭുതമായി വാഴയും മോഹിനിയാട്ടവും

വലിയ പ്രതിസന്ധികള്‍ക്കിടയിലും ഈ അവധിക്കാലത്ത് തീയറ്ററുകളിലേക്ക് ആളെത്തുന്നുണ്ട്. മുമ്പ് സൂപ്പര്‍താര ചിത്രങ്ങള്‍ അല്ലെങ്കില്‍ തീയറ്ററില്‍ പോയി സിനിമ കാണാന്‍ പ്രേക്ഷകര്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നില മാറിയിരിക്കുന്നു. ആസ്വദിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അഭിനേതാക്കള്‍ പ്രശ്‌നമല്ലെന്ന ലൈനാണ് പ്രേക്ഷകരുടേത്. ഈ വര്‍ഷം തീയറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടിയ ആദ്യ അഞ്ചു ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ നാലും സൂപ്പര്‍സ്റ്റാറുകള്‍ ഇല്ലാത്ത സിനിമകളായിരുന്നു.

ഈ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റ് വാഴ 2 ആണ്. ആഗോളതലത്തില്‍ ചിത്രം 200 കോടി പിന്നിട്ടുവെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ നിന്ന് മാത്രം സവിന്‍ എസ്.എ സംവിധാനം ചെയ്ത ചിത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. റിലീസ് ആഴ്ചയിലെ തിരക്ക് നിലനിര്‍ത്താന്‍ ഈ സിനിമയെ സഹായിച്ചത് ഫാമിലി ഓഡിയന്‍സിന്റെ ഒഴുക്കായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റായ ലോക ചാപ്റ്റര്‍1 ചന്ദ്ര എന്ന ചിത്രത്തിനും കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കാന്‍ തുണച്ചത് കുടുംബ പ്രേക്ഷകരുടെ വരവാണ്.

മുമ്പ് യൂത്ത് ഓഡിയന്‍സിനെ മാത്രം ലക്ഷ്യമിട്ട് സിനിമ എടുത്തിരുന്നവര്‍ കുടുംബ പ്രേക്ഷകര്‍ക്കും കൂടി ആകര്‍ഷകമായ രീതിയിലേക്ക് മേക്കിംഗ് മാറ്റിയിട്ടുണ്ടെന്ന് സിനിമ നിരൂപകനായ ജെ. സുധി പറയുന്നു. വാണിജ്യ വിജയം നേടണമെങ്കില്‍ ഫാമിലി ഓഡിയന്‍സിനും കൂടി സ്വീകാര്യമായ രീതിയില്‍ ചിത്രങ്ങളെ അണിയിച്ചൊരുക്കേണ്ടി വരും. സിനിമകള്‍ തീയറ്ററില്‍ അഭിപ്രായമുണ്ടാക്കിയില്ലെങ്കില്‍ ഒടിടി വില്പന അത്ര എളുപ്പമാകില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകളുടെ സ്വീകാര്യത മാത്രം നോക്കിയാണ് ഇപ്പോള്‍ റൈറ്റ്‌സ് വാങ്ങുന്നത്.

സിനിമ ഹിറ്റാകാന്‍ വലിയ താരനിരയോ ക്യാന്‍വാസോ വേണ്ടെന്ന് തെളിയിക്കുകയാണ് സൈജു കുറുപ്പ് നായകനായ മോഹിനിയാട്ടം. തീയറ്ററില്‍ ഹിറ്റാകാതെ ഒടിടിയില്‍ വലിയ അഭിപ്രായം നേടിയ ഭരതനാട്യം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് മോഹിനിയാട്ടം. തീയറ്ററില്‍ മികച്ച കളക്ഷനുമായി മുന്നേറുന്ന ചിത്രം ഇതുവരെ 50 കോടിക്ക് മുകളില്‍ നേടി. 100 കോടി കളക്ഷനില്‍ ചിത്രം എത്തുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തിയറ്ററുകള്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും ലക്ഷക്കണക്കിന് രൂപ മാസംതോറും ചെലവ് വരുന്ന അവസ്ഥയാണ്. തീയറ്റര്‍ ഉടമകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംസ്ഥാന ഖജനാവിലേക്ക് വലിയ വരുമാനം സംഭാവന ചെയ്യുന്ന വ്യവസായത്തിന് ഈ രീതിയില്‍ ഏറെക്കാലം മുന്നോട്ടു പോകാന്‍ സാധിക്കില്ല.
കെ. വിജയകുമാര്‍, തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ്

വേനലും തീയറ്ററും

വേനല്‍ക്കാലം സാധാരണഗതിയില്‍ മലയാള സിനിമയുടെ പ്രധാന സീസണ്‍ ആണ്. അവധിക്കാലം ആയതിനാല്‍ കൂടുതല്‍ പേര്‍ തീയറ്ററുകളില്‍ എത്തുന്ന സമയം കൂടെയാണിത്. സംസ്ഥാനത്തെ തീയറ്ററുകള്‍ മിക്കതും എ.സി ആയതിനാല്‍ കടുത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നവരും കുറവല്ല. ഇത്തവണ വേനല്‍ക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മിക്കതും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതാണ്.

സിനിമ ഹിറ്റായാല്‍ മാത്രമേ ടിക്കറ്റിതര വരുമാനത്തില്‍ നിന്ന് തീയറ്ററുകള്‍ക്ക് കാര്യമായ നേട്ടം ലഭിക്കുകയുള്ളൂ. തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യം, സ്‌നാക്‌സ്, ടീ കൗണ്ടറുകള്‍ എല്ലാം തീയറ്ററുടമകള്‍ക്ക് അധികവരുമാനം നല്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീയേറ്ററില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി തീയറ്ററുടമകള്‍ പറയുന്നു. എന്നാല്‍ ഇതൊരു താല്ക്കാലിക പ്രതിഭാസം മാത്രമാണെന്നും പ്രതിസന്ധി ഏതുനിമിഷവും സംഭവിക്കാമെന്നും തീയറ്റര്‍ ഉടമകള്‍ പറയുന്നു.

പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ എണ്ണവും കുറവാണ്. നിര്‍മാതാക്കളില്‍ ആത്മവിശ്വാസക്കുറവുണ്ട്. മുമ്പ് കിട്ടിക്കൊണ്ടിരുന്ന ഒടിടി വരുമാനം വിജയം നേടുന്ന ചിത്രങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടു. മിഡില്‍ഈസ്റ്റിലെ പ്രതിസന്ധി ഓവര്‍സീസ് വരുമാനത്തില്‍ ക്ഷീണംചെയ്തിട്ടുണ്ട്.
രാകേഷ് ബാഹുലേയന്‍, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

സമരത്തിന് സിനിമ സംഘടനകള്‍

ഇരട്ട നികുതി ഭാരവും വൈദ്യുതി താരിഫിലെ വര്‍ദ്ധനവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി സിനിമാ മേഖല സമരത്തിന് ഒരുങ്ങുകയാണ്. ജി.എസ്.ടി.ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഈടാക്കുന്ന വിനോദ നികുതി പൂര്‍ണമായും ഒഴിവാക്കുക, തിയറ്ററുകള്‍ക്ക് കുറഞ്ഞ വൈദ്യുതി താരിഫ് ഏര്‍പ്പെടുത്തുക എന്നീ പ്രധാന ആവശ്യങ്ങളാണ് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്.

ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, നടീനടന്മാരുടെ സംഘടനയായ 'അമ്മ' തുടങ്ങിയ സംഘടനകള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാന്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് സംഘടനകളുടെ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT