Entertainment

മെയ്ഡ് ഇൻ ചൈന അണുനാടകങ്ങൾ പുതിയ ട്രെൻഡ്; ഇന്ത്യക്കും ഇൻസ്റ്റക്കും യുട്യൂബിനുമെല്ലാം കെണിയാകുമോ?

ഡിജിറ്റൽ എന്റർടെയിൻമെന്റ് രംഗത്ത് വലിയ സമ്മർദ്ദം സൃഷ്ടിക്കാൻ തുടങ്ങുകയാണ് മൈക്രോ ഡ്രാമ. ഇന്ത്യ ഈ മേഖലയിൽ ശരിക്കും കാലുറപ്പിച്ചിട്ടി​ല്ല

Dhanam News Desk

ടിക് ടോക്കിനു പിന്നാലെ ചൈനയിൽ നിന്നൊരു സോഷ്യൽ മീഡിയ വില്ലൻ--മൈക്രോ ഡ്രാമ (Micro Drama). ഭീമമായ ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അണുനാടകം എന്ന് അർഥം വരുന്ന മൈക്രോ ഡ്രാമ. ഇൻസ്റ്റയിലെ റീലുകൾ പോലെ ഏറിയാൽ 90 സെക്കൻഡ് മുതൽ മൂന്നു മിനിട്ടു വരെ മാത്രം നീളുന്ന സൂക്ഷ്മ നാടകങ്ങൾ. വലിയൊരു കഥ തന്നെ 90 സെക്കൻഡുകളുടെ പരമ്പരയായി അവതരിപ്പിക്കാമെന്ന നേട്ടവുമുണ്ട്. ഇതൊരു പെയ്ഡ് സർവീസ് കൂടിയാക്കാം. ഓരോ എപ്പിസോഡും പണം കൊടുത്തു വാങ്ങാം. പരസ്യങ്ങളുടെ അകമ്പടിയോടെ, റൊമാൻസും ഫാന്റസിയുമെല്ലാം അടങ്ങുന്ന നാടകങ്ങൾ മൊബൈൽ ഫോണിൽ കാണാം. കാശു കൊടുത്തു വാങ്ങി നാടകം കാണാനൊന്നും ആളുകൾ തുനിയില്ലാണ് ഇപ്പോൾ ഉത്തമ വിശ്വാസം. അതങ്ങനെയാണെങ്കിൽ ചൈനയിൽ എങ്ങനെ മൈക്രോ ഡ്രാമ തരംഗമാവുന്നു എന്ന ചോദ്യം ബാക്കി.

ചൈനീസ് മൈക്രോ ഡ്രാമകൾ ഇന്ത്യൻ വിപണിക്ക് ഭീഷണിയാണോ?

യഥാർഥത്തിൽ ‘അതെ’ എന്നാണ് ഉത്തരം. എന്നാൽ ഇപ്പോഴത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. പൂർണമായ ഭീഷണി അല്ലെങ്കിലും, ഡിജിറ്റൽ എന്റർടെയിൻമെന്റ് രംഗത്ത് വലിയ സമ്മർദ്ദം സൃഷ്ടിക്കാൻ തുടങ്ങുകയാണ്. ഇന്ത്യ ഈ മേഖലയിൽ ശരിക്കും കാലുറപ്പിച്ചിട്ടി​ല്ല. കോവിഡ് കാലത്ത് ചൈനയിൽ വികസിപ്പിച്ചു തുടങ്ങിയ ഈ കണ്ടന്റുകൾ ഇന്ത്യക്കു പുറമെ യു.എസ് വിപണിയിലും അതിവേഗം കുടിയേറുന്ന വിധം ബിഗ് ബിസിനസാണിന്ന്. ഫലത്തിൽ ടിക് ടോക്കിന്റെ മറ്റൊരു രൂപം. നിർമിത ബുദ്ധിയുടെ ഉപയോഗം അതിവേഗം വളരുന്നത് മൈക്രോ ഡ്രാമ ബിസിനസിന് പുതിയ സാധ്യതകൾ നൽകുകയും ചെയ്യുന്നു.

എങ്ങനെ ഭീഷണിയാകുന്നു?

ആറ്റിക്കുറുക്കിയ കണ്ടന്റ്. വീണ്ടും കാണണമെന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഉള്ളടക്കം. ആകെ രണ്ടു മണിക്കൂർ വരെയൊക്കെ നീളുന്ന പരമ്പര. റീൽസും ഷോർട്ട്സും കാണുന്ന മലയാളികൾ അടക്കം ഇന്ത്യക്കാരുടെ ശീലത്തിന് പെർഫെക്ട്. ഒ.ടി.ടികളിൽ നിന്നും യുട്യൂബർമാരിൽ നിന്നും ഇതിലേക്ക് ശ്രദ്ധ മാറാം. നിർമാണ ചെലവും കുറവ്. ചൈനയിൽ ഒരു സീരീസിന് 10 മുതൽ 50 ലക്ഷം വരെ ചെലവു വരുന്നു. മൈ​ക്രോ പേമെന്റ് വഴി വരുമാനം. ചൈനീസ് പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ എത്തിയാൽ, ഈ മത്സരത്തിൽ ഇന്ത്യൻ ക്രിയേറ്റർമാർ പ്രയാസപ്പെടും.

ചൈനീസ് സ്റ്റുഡിയോകൾ പ്രതിമാസം നൂറുകണക്കിന് മൈക്രോ ഡ്രാമകളാണ് നിർമിക്കുന്നത്. ട്രെൻഡുകൾക്ക് അനുസരിച്ചാണ് ഉള്ളടക്കം. ഇന്ത്യയുടെ നിർമ്മാണ വേഗം ഇതുമായി താരതമ്യപ്പെടുത്തിയാൽ കുറവാണ്. ചൈനീസ് അപ്ലിക്കേഷനുകൾ പ്രേക്ഷകന്റെ താൽപര്യം സെക്കൻഡുകൾക്കുള്ളിൽ പഠിച്ച് കണ്ടന്റ് നൽകും. ഇത്തരം പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ വന്നാൽ ലോക്കൽ ആപ്പുകളുടെ യൂസർ സമയം കുറയാൻ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്ലിപ്പുകൾ വളരെയധികം പ്രചരിക്കുന്നു

ഇന്ത്യൻ യുവാക്കൾക്കിടയിൽ ഇതിനകം തന്നെ മൈ​ക്രോ ഡ്രാമ വൈറലായി മാറുന്നുണ്ട്. ക്ലിപ്പുകൾ വളരെയധികം പ്രചരിക്കുന്നു. അതുവഴി ഡിമാൻഡ് ഇന്ത്യയിൽ പെട്ടെന്ന് ഉയരുന്നുണ്ട്. അതേസമയം, ചൈനീസ് മൈക്രോ ഡ്രാമ പ്ലാറ്റ്ഫോമുകൾ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല. പ്രാദേശിക ഭാഷയും സംസ്കാരവും ഇത്തരം നാടക നിർമിതികളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെ. എന്നാൽ ജിയോ സിനിമ, ഹോട്ട്സ്റ്റാർ, സീ തുടങ്ങിയ ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ ഈ മേഖലയിൽ വലിയ പരീക്ഷണം നടത്താത്തത് ചൈനക്ക് കടന്നു കയറാൻ അവസരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT