Entertainment

Ikigai: നിങ്ങള്‍ക്കും കണ്ടെത്താം നിങ്ങളുടെ സ്വന്തം ഇക്കിഗായ്

സന്തോഷം നിറഞ്ഞ സുദീര്‍ഘ ജീവിതത്തിനായി ഒരു രഹസ്യം

Dhanam News Desk

സന്തോഷത്തോടെ സമാധാനത്തോടെ ഓരോ നിമിഷവും ആസ്വദിച്ച് ദീര്‍ഘകാലം ജീവിക്കാന്‍ പറ്റിയാല്‍ എന്ത് രസമായിരിക്കും അല്ലേ? ഇത് നടക്കാത്ത കാര്യമല്ല. നടപ്പാക്കാവുന്ന കാര്യമാണ്. അതിന് പറ്റുന്ന രഹസ്യം വെളിപ്പെടുത്തുന്ന പുസ്തകമാണ് ഇക്കിഗായ്.

ദക്ഷിണ ജപ്പാനിലുള്ള ദ്വീപാണ് ഒകിനാവ. അസാധാരണമായ ദീര്‍ഘായുസ്സിന് ഉടമകളാണ് ഈ ദ്വീപ് നിവാസികള്‍. ഒകിനാവയിലെ ഓരോ ലക്ഷം പേരിലും 24.55 പേര്‍ നൂറുവയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ആഗോള ശരാശരിയേക്കാള്‍ ഏറെ മുന്നിലാണിത്.

ഒകിനാവയിലുള്ളവര്‍ക്ക് എന്തുകൊണ്ട് ലോകത്തെ മറ്റിടങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ ആയുസ്സ് ലഭിക്കുന്നുവെന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. പലതും കണ്ടെത്തുകയും ചെയ്തു. ആരോഗ്യകരമായ ആഹാരക്രമം, ലാളിത്യം നിറഞ്ഞ ജീവിതം, അവിടുത്തെ കാലാവസ്ഥ, അങ്ങനെ പലതും.

ഇതിന്റെയിടയിലെല്ലാം ഗവേഷകരും സാധാരണ മനുഷ്യരും ഏറെ ചോദിക്കുന്ന ചോദ്യമുണ്ട്. എന്താണ് ജീവിതത്തിന്റെ ലക്ഷ്യം? സന്തോഷവും സമാധാനവും നിറഞ്ഞ് ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതോ അതോ വലിയ ലക്ഷ്യങ്ങള്‍ നേടി വിജയിയായി തുടരുന്നതോ?

ചില വ്യക്തികള്‍ക്ക് സ്വന്തം ജീവിത ഉദ്ദേശ്യത്തെ കുറിച്ച് കൃത്യമായ ധാരണ കാണും. മറ്റ് ചിലര്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായിരിക്കും. അങ്ങേയറ്റം അഭിനിവേശത്തോടെ ജീവിതത്തിരക്കുകളില്‍ മുഴുകി ആസ്വദിച്ച് ജീവിക്കുക എന്ന ആശയമാണ് ഇക്കിഗായ് എന്ന ജാപ്പനീസ് ആശയം വെളിവാക്കുന്നത്.

കിടപ്പിലായവരല്ല ഒകിനാവയിലെ നൂറുവയസ്സുകാര്‍. അവര്‍ ഓരോ ജന്മദിനവും ആഘോഷിച്ച് പുതിയ ദിനമായി പുതിയ തുടക്കം കുറിക്കുന്നവരാണ്.

ഇതൊക്കെയാണ് അവരുടെ ഇക്കിഗായ്. ജപ്പാനിലെ നൂറുവയസ്സുകാരുടെ രഹസ്യമാണ് ഹെക്തര്‍ ഗാര്‍സിയയും ഫ്രാന്‍സെസ്‌ക മിറാല്യെസും ചേര്‍ന്ന് രചിച്ച ഇക്കിഗായ് വെളിപ്പെടുത്തി തരുന്നത്. സ്വന്തം ജീവിതത്തിന്റെ ഇക്കിഗായ് കണ്ടെത്താന്‍ ഒരു വ്യക്തിയെ സഹായിക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്. നമ്മളെ സംതൃപ്തരാക്കുന്ന, പ്രവര്‍ത്തനോന്മുഖമാക്കുന്ന സ്വന്തം ഇക്കിഗായ് നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഉണ്ട്. ചിലര്‍ അത് തിരിച്ചറിഞ്ഞുകാണും. മറ്റു ചിലര്‍ ഏതോ ഒരു ഒഴുക്കില്‍ അങ്ങനെ ജീവിച്ചും തിരക്കില്‍ പെട്ടും പോവുകയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT