Entertainment

പെപ്സി കോയുടെ മുന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഇന്ദ്ര നൂയിയുടെ ജീവചരിത്രം

പരിധികളെയും പരിമിതികളെയും മറികടന്ന് മുന്നേറാന്‍ കൊതിക്കുന്ന സ്ത്രീകള്‍ മാത്രമല്ല, നേട്ടം കൊയ്യുന്ന ബിസിനസ് സാരഥിയാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം വായിച്ചിരിക്കണം ഈ പുസ്തകം.

Dhanam News Desk

ലോകമെമ്പാടുമുള്ള ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന വായനക്കാരുടെ മുന്നിലേക്ക് കഴിഞ്ഞ വര്‍ഷമാണ് ഈ പുസ്തകമെത്തിയത്; പെപ്സി കോയുടെ മുന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഇന്ദ്ര നൂയിയുടെ ജീവചരിത്രം, മൈ ലൈഫ് ഇന്‍ ഫുള്‍. മദ്രാസില്‍ നിന്ന് ഇരുണ്ട നിറമുള്ള ഒരു പെണ്‍കുട്ടി വലിയ സ്വപ്നങ്ങളുടെ ചിറകേറി അമേരിക്കയിലേക്ക് പറന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കോര്‍പ്പറേറ്റ് സാരഥിയായി വളര്‍ന്ന കഥയാണ് ഇതിലുള്ളത്. പരിധികളെയും പരിമിതികളെയും മറികടന്ന് മുന്നേറാന്‍ കൊതിക്കുന്ന സ്ത്രീകള്‍ മാത്രമല്ല, നേട്ടം കൊയ്യുന്ന ബിസിനസ് സാരഥിയാകാന്‍ ആഗ്രഹിക്കുന്നവരെല്ലാം വായിച്ചിരിക്കണം ഈ പുസ്തകം.

ഇന്ദ്ര നൂയി എന്ന വ്യക്തിയുടെ നിരവധി അടരുകള്‍ ഈ പുസ്തകത്താളില്‍ നിന്ന് വായിച്ചെടുക്കാം. അസാധാരണ നേട്ടം കൊയ്യാന്‍ ആര്‍ക്കും അനായാസം ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കുന്നതാണ് ഇതില്‍ പലതും. ജീവിതത്തില്‍ ഇത്രയേറെ ഉയരങ്ങളിലെത്തിയ ഇന്ദ്ര നൂയി തന്റെ നേട്ടങ്ങളെല്ലാം സ്വന്തം പ്രയത്നത്താല്‍ കരസ്ഥമാക്കിയതാണെന്ന ധ്വനി പോലും എവിടെയും കൊണ്ടുവരുന്നില്ലെന്നതാണ് ശ്രദ്ധേയം. തന്റെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഓരോ ഘട്ടത്തിലും ലഭിച്ച പ്രോത്സാഹനവും പിന്തുണയുമാണ് നേട്ടങ്ങളിലേക്ക് കൈപിടിച്ചുകൊണ്ടുപോയത് എന്നാണവര്‍ പറയുന്നത്.

ലോകപ്രശസ്തരുടെ ഓര്‍മ്മക്കുറിപ്പുകളുടെ എഴുത്തുകാര്‍ പലരും അജ്ഞാതരായിരിക്കും. അവിടെയും ഇന്ദ്ര നൂയി പതിവ് തെറ്റിക്കുന്നുണ്ട്. പുസ്തകരചയിതാവിന്റെ പേരും ഇന്ദ്ര നൂയി പറയുന്നുണ്ട്.

നൂയിയുടെ വ്യക്തിത്വത്തിന്റെ തിളക്കമാര്‍ന്ന പല വശങ്ങള്‍ പുസ്തകം തുറന്നുകാട്ടുമ്പോഴും അതില്‍ ശ്രദ്ധേയമായത്, ഓരോ വ്യക്തിയുടെയും സംഭാവനകളെ മാനിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബിസിനസ് സാരഥിയുടെ വേറിട്ട ചിത്രമാണ്.

മദ്രാസില്‍ പിറന്ന തനിക്ക് ഇത്രയേറെ സഞ്ചരിക്കാന്‍ സാധിച്ചത് മാതാപിതാക്കളും കുടുംബവും തന്ന പിന്തുണയും അവസരങ്ങളും കൊണ്ടാണെന്ന തിരിച്ചറിവില്‍ നിന്ന്, പെപ്സികോയുടെ വളര്‍ച്ചയ്ക്കായി സ്വന്തം മകളെ സമ്മാനിച്ച മാതാപിതാക്കള്‍ക്ക് വര്‍ഷങ്ങളോളം നൂയി നന്ദി പറഞ്ഞു കൊണ്ട് കത്തെഴുതുമായിരുന്നു.

അതുപോലെ പെപ്സികോ ജീവനക്കാരുടെ ജീവിത പങ്കാളികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഇവരെഴുതിയ നന്ദി കുറിപ്പുകള്‍ ഓരോരുത്തരെയും കമ്പനി സാരഥിയുമായി വ്യക്തിപരമായുള്ള അടുപ്പം സൃഷ്ടിക്കാന്‍ സഹായിച്ചു.

ജീവനക്കാരെ എങ്ങനെ പരിഗണിക്കണം, അവര്‍ക്ക് സമാധാനമായി ജോലി ചെയ്യാന്‍ എന്ത് അടിസ്ഥാന സൗകര്യമൊരുക്കണമെന്നതൊക്കെ നൂയി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT