Entertainment

ഒരു വ്യക്തിയുടെ ഉള്ളിലെ പൂര്‍ണ മികവിനെ പുറത്തെടുത്ത് മുന്നിലുള്ള ലക്ഷ്യം നേടാം: പത്ത് പ്രമാണങ്ങള്‍ പറഞ്ഞ് ഈ പുസ്തകം

നമ്മുടെ തന്നെ കുറച്ചുകൂടി നല്ല പതിപ്പ് സ്വയം സൃഷ്ടിക്കാന്‍ ഉപകരിക്കും ഈ പുസ്തകം.

Dhanam News Desk

''കഴിഞ്ഞകാലത്തിലേക്ക് തിരിഞ്ഞുനോക്കരുത്. ഇന്നലെകളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചാല്‍ കഴിഞ്ഞകാലത്തെ വെച്ചുകൊണ്ട് നാം ഭാവിയെ പരിമിതപ്പെടുത്തുകയാണ്. അതാണ് പിന്നോട്ട് പോക്ക്.'' ഉള്ളില്‍ ബോംബ് പോലെ പതിക്കുന്നില്ലേ ഈ വാചകം. കരോള്‍ സി. കാള്‍സണുമായി ചേര്‍ന്ന് സ്‌കിപ്പ് റോസ് രചിച്ച സെ യെസ് ടു യുവര്‍ പൊട്ടന്‍ഷ്യല്‍ എന്ന പുസ്തകത്തിലുള്ളതാണിത്.

ലക്ഷ്യത്തിന് അത്ര പ്രാധാന്യമുണ്ടോ മനുഷ്യജീവിതത്തില്‍ എന്നും തോന്നാം. അതിനുള്ള ഉത്തരവും തൊട്ടുപിന്നാലെ തന്നെയുണ്ട്. 'We are Goal- Oriented Creatures'. വരുന്നിടത്ത് വെച്ച് കാണാമെന്ന ധാരണയില്‍ മുന്നോട്ടുപോയാല്‍ എവിടെയും എത്താന്‍ പോകുന്നില്ല.

ഒരു വ്യക്തിയുടെ ഉള്ളിലെ പൂര്‍ണ മികവിനെ പുറത്തെടുത്ത് മുന്നിലുള്ള ലക്ഷ്യം നേടിയെടുക്കാനുള്ള പത്ത് പ്രമാണങ്ങളാണ് പുസ്തകത്തിന്റെ കാതല്‍. നല്‍കൂ, നിങ്ങള്‍ക്ക് കിട്ടും; നിങ്ങള്‍ക്ക് ശരിയായി വേണ്ടതിനെ ഉള്‍ക്കൊള്ളാന്‍ ആവശ്യമില്ലാത്തതിനെ ഒഴിവാക്കൂ, നിങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് കൃത്യമായി നിര്‍വചിക്കുക. എന്നിട്ട് എഴുതിവെക്കുക, വിഷ്വലൈസേഷന്റെ ശക്തി, വാക്കുകളുടെ അപാരമായ കഴിവ്, ഏത് കാര്യവും നാളേക്ക് മാറ്റിവെക്കാതെ ഇപ്പോള്‍ തന്നെ, ഈ നിമിഷം തന്നെ ചെയ്യുമെന്ന തീരുമാനം, ഒരു കാര്യം കാണുന്നതിന് മുമ്പേ അതില്‍ വിശ്വസിക്കാന്‍ പറ്റുക തുടങ്ങിയ, ലക്ഷ്യത്തിലേക്ക് നടന്നെത്താന്‍ സഹായിക്കുന്നവയാണ് ഓരോ പ്രമാണവും.

മനസ്സിരുത്തി വായിച്ചാല്‍, സ്വയമൊന്നു ഉള്ളില്‍ ചികഞ്ഞാല്‍ കുടഞ്ഞെറിയാം പല അശുഭചിന്തകളെയും അലസതകളെയും. നമ്മുടെ തന്നെ കുറച്ചുകൂടി നല്ല പതിപ്പ് സ്വയം സൃഷ്ടിക്കാന്‍ ഉപകരിക്കും ഈ പുസ്തകം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT