Entertainment

ഓണ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലുമില്ല, ദുല്‍ഖറും പിന്മാറി; നിവിനും പൃഥ്വിയും ക്ലിക്കായില്ലെങ്കില്‍ തിയേറ്ററുകള്‍ക്ക് തിരിച്ചടി

ആദ്യ നാല്-അഞ്ച് ദിവസങ്ങളില്‍ പോസിറ്റീവ് വേഡ് ഓഫ് മൗത്ത് നേടുന്ന ചിത്രമായിരിക്കും അവധിക്കാലത്തെ അധിക ഷോകളും വലിയ സ്‌ക്രീന്‍ വിഹിതവും സ്വന്തമാക്കാന്‍ കൂടുതല്‍ സാധ്യത

Lijo MG

ഫെസ്റ്റിവല്‍ സീസണ്‍ ലക്ഷ്യംവച്ചായിരുന്നു മുന്‍കാലങ്ങളില്‍ പ്രധാനപ്പെട്ട സിനിമകളുടെ റിലീസ് നിശ്ചയിച്ചിരുന്നത്. കൂടുതല്‍ അവധി ദിവസങ്ങളുള്ളതിനാല്‍ ഓണക്കാലമാണ് തീയറ്ററുകളുടെയും ചാകരക്കാലം. എന്നാല്‍, ഇത്തവണത്തെ ഓണക്കാലം റിലീസുകളാല്‍ അത്ര സമ്പന്നമല്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഇത്തവണത്തെ ഓണത്തിനില്ല. ഓണം റിലീസായി നിശ്ചയിച്ചിരുന്ന ദുല്‍ഖര്‍ സല്‍മാന്റെ 'ഐ ആം ദ ഗെയിം' റിലീസ് സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റുകയും ചെയ്തു.

നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന റോളുകളില്‍ എത്തുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ് ആണ് കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തുന്ന ചിത്രം. തുടര്‍ഹിറ്റുകളൊരുക്കിയ ഗിരിഷ് എഡിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.

വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന ഖലീഫ ആണ് മറ്റൊരു ആകര്‍ഷണം. യുവ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകും ഈ ചിത്രം. മറ്റ് മുന്‍നിര താരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ഇല്ലാത്തത് തീയറ്ററുകള്‍ക്ക് ക്ഷീണമാണ്. കുടുംബവുമൊത്ത് ആളുകള്‍ സിനിമ കാണാനെത്തുന്ന സമയമാണ് ഓണക്കാലം. റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തീയറ്ററുകളുടെ വരുമാനത്തെ ഇത് ബാധിക്കും.

2025 ആവര്‍ത്തിക്കുമോ?

മലയാളത്തില്‍ ആദ്യമായി ഒരു ചിത്രം 300 കോടി കടന്ന ചിത്രമായിരുന്നു 2025ല്‍ ഇറങ്ങിയ ലോക- ചാപ്റ്റര്‍ 1: ചന്ദ്ര. മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം, ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങള്‍ക്കൊപ്പമെത്തിയാണ് കല്യാണി പ്രിയദര്‍ശന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചത്.

ലോകയ്ക്കും കരുത്തായത് കുടുംബ പ്രേക്ഷകരുടെ വരവാണ്. സമീപകാലത്ത് ഫാമിലി ഓഡിയന്‍സ് കൂടുതലായി തീയറ്ററിലെത്തി കണ്ട സിനിമകളിലൊന്നാണ് ഇത്. ഇനീഷ്യല്‍ കളക്ഷന്‍ നേടാന്‍ യുവപ്രേക്ഷകരുടെ സാന്നിധ്യം വഴിയൊരുക്കുമെങ്കിലും ലോംഗ് റണ്ണില്‍ കളക്ഷന്‍ നേടാന്‍ ഫാമിലി ഓഡിയന്‍സ് അനിവാര്യമാണെന്ന് സംവിധായകനും നിര്‍മാതാവുമായ പോളിവടക്കന്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു.

മുന്‍നിര താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നാല്‍ പോലും വൈവിധ്യമാര്‍ന്ന ജോണറുകളിലെത്തുന്ന ചിത്രങ്ങളും അന്യഭാഷാ ബിഗ് ബജറ്റുകളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20-30 ശതമാനം വരെ കൂടുതല്‍ വരുമാനം ഓണക്കാലത്ത് തിയേറ്ററുകള്‍ക്ക് നേടിക്കൊടുക്കുമെന്നാണ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. തീയേറ്ററുകളുടെ നിലനില്‍പ്പിനും ബോക്‌സ് ഓഫീസിന്റെ കുതിപ്പിനും ഓണചിത്രങ്ങള്‍ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

മൗത്ത്പബ്ലിസിറ്റി നിര്‍ണായകം

ഇത്തവണ ഓണം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ പ്രധാന മലയാള ചിത്രങ്ങള്‍ തിയേറ്ററിലെത്തും. 'ഖലീഫ' ഓഗസ്റ്റ് 20നും 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഓഗസ്റ്റ് 21നും എത്തും. തിരുവോണദിനം ഓഗസ്റ്റ് 26നാണ്. അതുകൊണ്ടുതന്നെ ആദ്യ വാരാന്ത്യത്തിലെ പ്രേക്ഷക പ്രതികരണം രണ്ട് സിനിമകള്‍ക്കും നിര്‍ണായകമാകും.

ആദ്യ നാല്-അഞ്ച് ദിവസങ്ങളില്‍ പോസിറ്റീവ് വേഡ് ഓഫ് മൗത്ത് നേടുന്ന ചിത്രമായിരിക്കും അവധിക്കാലത്തെ അധിക ഷോകളും വലിയ സ്‌ക്രീന്‍ വിഹിതവും സ്വന്തമാക്കാന്‍ കൂടുതല്‍ സാധ്യത.

തിയേറ്ററുകള്‍ക്ക് ഹിറ്റുകള്‍ അനിവാര്യം

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ റിലീസ് ചെയ്ത 184 മലയാള ചിത്രങ്ങളില്‍ 15 എണ്ണം മാത്രമാണ് വാണിജ്യവിജയം നേടിയത്. കേരള ഫിലിം ചേംബറിന്റെ കണക്കില്‍ 2025ല്‍ മലയാള സിനിമയ്ക്ക് മൊത്തം 530 കോടിയോളം നഷ്ടമുണ്ടായി. 2026ന്റെ ആദ്യ പകുതിയില്‍ 'ദൃശ്യം 3', 'ആട് 3' ഉള്‍പ്പെടെയുള്ള ഭേദപ്പെട്ട കളക്ഷന്‍ ലഭിച്ചെങ്കിലും അത്ര വലിയ വിജയമായില്ല.

കേരളത്തിലെ തിയേറ്ററുകള്‍ക്ക് ഓണം പോലുള്ള നീണ്ട അവധിക്കാലമാണ് ഒരു വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട സമയം. കുടുംബവുമായി സിനിമ കാണാനെത്തുന്നവരുടെ എണ്ണം ഈ സമയത്ത് ഉയരുന്നതിനാല്‍ ഒരു വിജയചിത്രത്തിന് സാധാരണ വാരത്തേക്കാള്‍ കൂടുതല്‍ ഷോകളും ദീര്‍ഘമായ തിയേറ്റര്‍ റണ്ണും ലഭിക്കും.

Malayalam theatres are banking on Khalifa and Bethlehem Kudumba Unit for Onam 2026 after Dulquer Salmaan’s I’m Game moved out of the festival release window

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT