കേരളത്തിലടക്കം സജീവ സാന്നിധ്യമുള്ള പിവിആര്‍ ഐനോക്‌സ് പുതിയ ബിസിനസ് തന്ത്രം പരീക്ഷിക്കുന്നു. ടിയര്‍ 2, ടിയര്‍ 3 നഗരങ്ങളിലേക്കും വളര്‍ന്നുവരുന്ന ചെറുവിപണികളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ പുതിയ തിയേറ്റര്‍ മാതൃകയാണ് കമ്പനി പ്രഖ്യാപിച്ചത്. കുറഞ്ഞ നിര്‍മാണച്ചെലവില്‍ മികച്ച സിനിമാ അനുഭവം ലഭ്യമാക്കുന്ന 'സ്മാര്‍ട്ട് സ്‌ക്രീന്‍' മാതൃകയാണ് പിവിആര്‍ അവതരിപ്പിക്കുന്നത്.
സാധാരണ പിവിആര്‍ മള്‍ട്ടിപ്ലെക്‌സുകളെ അപേക്ഷിച്ച് 30-35 ശതമാനം വരെ കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും സ്മാര്‍ട്ട് സ്‌ക്രീനുകളുടെ പ്രധാന ആകര്‍ഷണം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 300 ചെറുനഗരങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ബിഹാറിലെ മുസാഫര്‍പൂരിലായിരിക്കും സ്മാര്‍ട്ട് സ്‌ക്രീന്‍ മാതൃകയില്‍ ആദ്യ തിയേറ്റര്‍ ആരംഭിക്കുകയെന്ന് പിവിആര്‍ ഐനോക്‌സ് മാനേജിംഗ് ഡയറക്ടര്‍ അജയ് ബിജിലി വ്യക്തമാക്കി. തീയറ്ററുകള്‍ കാര്യമായില്ലാത്തതോ പരിമിതമായതോ ആയ നഗരങ്ങളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. മികച്ച തിയേറ്റര്‍ അനുഭവത്തിനായി ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുന്ന ചെറുനഗരങ്ങളിലെ സിനിമാപ്രേമികളെ ലക്ഷ്യമിട്ടാണ് നീക്കം.
സാധാരണ മള്‍ട്ടിപ്ലെക്‌സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ മൂലധനത്തിലും സ്മാര്‍ട്ട് സ്‌ക്രീനുകള്‍ സ്ഥാപിക്കാനാകും. ഒരു സ്‌ക്രീന്‍ ഒരുക്കുന്നതിനുള്ള ശരാശരി പ്രാഥമിക നിക്ഷേപം 1.9 കോടി രൂപ ആയിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. വലിയ മള്‍ട്ടിപ്ലെക്‌സുകള്‍ സാമ്പത്തികമായി പ്രായോഗികമല്ലാത്ത ചെറുനഗരങ്ങളിലും വളര്‍ന്നുവരുന്ന വിപണികളിലും ഈ മാതൃക അനുയോജ്യമാകുമെന്നാണ് പ്രതീക്ഷ.
ചെലവ് കുറഞ്ഞ മാതൃകയാണെങ്കിലും പ്രദര്‍ശന നിലവാരത്തിലും ആസ്വാദക അനുഭവത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. അത്യാധുനിക ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനം, പ്രീമിയം സൗണ്ട് സിസ്റ്റം, മികച്ച ഇരിപ്പിട സൗകര്യം, മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് സമാനമായ അന്തരീക്ഷം എന്നിവ സ്മാര്‍ട്ട് സ്‌ക്രീനുകളിലും ലഭ്യമാക്കും.
ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ആളോഹരി സിനിമാ സ്‌ക്രീനുകളുടെ എണ്ണം ഇപ്പോഴും കുറവാണ്. സ്മാര്‍ട്ട് സ്‌ക്രീന്‍ മാതൃകയിലൂടെ രാജ്യത്തെ സ്‌ക്രീനുകളുടെ എണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,622 കോടി രൂപയായി വര്‍ധിച്ചിരുന്നു. മുന്‍വര്‍ഷം സമാന പാദത്തില്‍ 54 കോടി രൂപ നഷ്ടമായിരുന്നു. മികച്ച സിനിമകളുടെ വരവും അനുകൂല സാഹചര്യങ്ങളുമാണ് കമ്പനിക്ക് കരുത്തായത്. ലാഭം 56 കോടി രൂപയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine