Entertainment

റിലീസിനു മുമ്പേ ₹1,000 കോടിയുടെ നേട്ടവുമായി 'രാമായണ' നിര്‍മാതാക്കള്‍, ₹1600 കോടിയുടെ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിര്‍മാണ കമ്പനിക്ക് ഓഹരി വിപണിയില്‍ തിളക്കം

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തൊട്ടു പിന്നാലെ ഓഹരി 7% ഉയര്‍ന്നിരുന്നു, നിര്‍മാണ കമ്പനിയില്‍ രണ്‍ബീര്‍ കപൂറും ഓഹരി പങ്കാളിയായേക്കും

Dhanam News Desk

രണ്‍ബീര്‍ കപൂറും യഷും സായി പല്ലവിയും അണിനിരക്കുന്ന രാമായണ എന്ന ചിത്രമാണ് ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചാ വിഷയം. താരങ്ങളുടെ പ്രതിഫലമടക്കമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

1,600 കോടി രൂപ മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. അതിനു ശേഷം പ്രൈം ഫോക്കസ് സ്റ്റുഡിയോസ് ഓഹരികളും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (BSE) ലിസ്റ്റ് ചെയ്തിട്ടുള്ള പ്രൈം ഫോക്കസ് ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നു വരെയുള്ള സമയത്ത് 30 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയില്‍ കാഴ്ചവച്ചത്. ഓഹരി വില 113.47 രൂപയില്‍ നിന്ന് 149.69 രൂപയിലെത്തി. പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴി 462.7 മില്യണ്‍ ഇക്വിറ്റി ഓഹരികള്‍ അനുവദിക്കാന്‍ കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കിയതാണ് ഓഹരിയെ മുന്നേറ്റത്തിലാക്കിയത്. തുടര്‍ന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൂടി പുറത്തുവന്നത് വീണ്ടും റാലിക്ക് ഇടയാക്കി. ജൂലൈ മൂന്നിന് ഓഹരി വില 176 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 4,638 കോടിയില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് 5,641 കോടി രൂപയായി. 1,000 കോടി രൂപയുടെ നേട്ടമാണ് കമ്പനി ഉടമകള്‍ക്കുണ്ടായത്. ഇന്ന് ഓഹരി വില രണ്ട് ശതമാനത്തിലധികം ഉയര്‍ന്ന് 163 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഇതു പ്രകാരം 5,051 കോടി രൂപയാണ് വിപണി മൂല്യം.

നിക്ഷേപമിറക്കാന്‍ രണ്‍ബീറും

രാമായണയിലെ നായകനും ബോളിവുഡ് ചലച്ചിത്രതാരവുമായ രണ്‍ബീര്‍ കപൂര്‍ കമ്പനിയുടെ ഓഹരി വാങ്ങാന്‍ തയാറാകുന്നതായും വാര്‍ത്തകളുണ്ട്. പുതിയ ഓഹരികള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കിയതോടെ നിര്‍ദിഷ്ട നിക്ഷേപകരുടെ പട്ടികയിലേക്ക് രണ്‍ബീറിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.25 മില്യണ്‍, അതായത് 20 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ നിലവിലെ വിപണി വിലയില്‍ രണ്‍ബീറിന് ലഭ്യമാക്കും.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയുടെ ആദ്യ ഭാഗം 2026 ദീപാവലി സമയത്ത് പുറത്തിറക്കും. രണ്ടാംഭാഗം 2027ലാണ് റിലീസ് ചെയ്യുക.

രാമനായി രണ്‍ബീര്‍ കപൂറും, രാവണനായി യഷും സീതയായി സായി പല്ലവിയും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ദിയോളും വേഷമിടും. എ.ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയ്ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കുന്നത്. സിമ്മറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

താരങ്ങളുടെ പ്രതിഫലം

ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്‍ബീര്‍ കപൂറിന് 150 കോടിയാണ് പ്രതിഫലമെന്നാണ് അറിയുന്നത്. ഓരോ ഭാഗത്തിനും 75 കോടി രൂപ വീതം. യഷും ഒട്ടും പിന്നിലല്ല. ആദ്യ ഭാഗത്തില്‍ വെറും 15 മിനിറ്റ് മാത്രമാണ് യഷിന് റോളുണ്ടാവുക. ഇരു ഭാഗങ്ങളിലുമായി100 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് സൂചന. സായി പല്ലവിക്ക് 12 കോടിയാണ് പ്രതിഫലമായി നല്‍കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT