മലയാളത്തില്‍ ഒരു സിനിമ ഹിറ്റാകാന്‍ വലിയ താരനിരയും കോടികളുടെ പ്രൊമോഷനും വേണമെന്ന ധാരണക്ക് വലിയ വെല്ലുവിളിയാണ് കുറച്ച് കാലങ്ങളായി ഉയരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിരയുമായെത്തിയ പാട്രിയറ്റിന് തിയേറ്ററുകളില്‍ കാലിടറിയത് ഇതിന് ഉദാഹരണമാണ്. പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ, ഖലീഫ. ടൊവീനോയുടെ ഐഡന്റിറ്റി, പള്ളിച്ചട്ടമ്പി തുടങ്ങി വന്‍ താരനിരയോടെ എത്തിയ ഒരുപറ്റം ചിത്രങ്ങളും തിയേറ്ററുകളില്‍ അടിപതറിയിരുന്നു.
അതേസമയം വലിയ ഹൈപ്പോ, കോടികളുടെ പ്രൊമോഷനോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ കൊച്ചു ചിത്രങ്ങള്‍ വന്‍ വിജയം നേടുന്ന കാഴ്ചയും കാണാം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത്, സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ അഭിനയിച്ച് 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം. റിലീസ് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്ത് മലയാളത്തിലെ പല പ്രമുഖ പ്രൊഡ്യൂസര്‍മാരും വിതരണക്കാരും ഒടിടി പ്ലാറ്റ്ഫോമുകളും സിനിമ കണ്ട് വിജയിക്കില്ലെന്ന് വിധിയെഴുതിയിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് 50 കോടിയിലധികം കളക്ഷനാണ് രോമാഞ്ചം നേടിയത്.
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത്, നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തി ഈ ഓണത്തിനിറങ്ങിയ ബത്ലഹേം കുടുംബ യൂണിറ്റ് 300 കോടിയിലേറെ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ചു. നല്ല സിനിമകള്‍ക്ക് നിലനല്‍പുണ്ട് എന്നതിനുദാഹരണമാണ് ഈ സിനിമ. നസ്ലിനെയും മമിത ബൈജുവിനെയും പുതിയ കുറച്ച് താരങ്ങളെയും വെച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന്റെയും (135 കോടി കളക്ഷന്‍) ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരെ വെച്ച് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ബോയ്സിന്റെയും ബജറ്റ് ചെറുതാണെങ്കിലും കളക്ഷന്‍ ഗംഭീരമായിരുന്നു. വാഴ, വാഴ 2 സിനിമകളും മികച്ച കളക്ഷന്‍ നേടിയിരുന്നു.
ഇത്തരം സിനിമകളുടെ വിജയത്തിന് കാരണം ഉള്ളടക്കത്തിന്റെ കരുത്താണ്. കഥ പ്രേക്ഷകരുമായി കൂടുതല്‍ 'കണക്റ്റായതാണ്' ഇത്തരം സിനിമകള്‍ ബ്ലോക്ക്ബസ്റ്ററാവാന്‍ കാരണം. പ്രേക്ഷകനെ ഞെട്ടിച്ച കഥപറച്ചില്‍ ശൈലിയും അവരോട് നേരിട്ട് സംവദിച്ചതുമാണ് എക്കോയും പൊന്മാനും പടക്കളവും വിജയിക്കാന്‍ കാരണം.
വലിയ താരമൂല്യമില്ലാത്ത ചിത്രത്തിന് ആദ്യ ദിനത്തില്‍ വലിയ ഓപണിങ് ലഭിച്ചില്ലെങ്കിലും, സിനിമ കണ്ട ഒരാള്‍ മറ്റൊരാളോട് 'ഇത് കാണണം' എന്ന് പറഞ്ഞുതുടങ്ങുന്നിടത്താണ് യഥാര്‍ത്ഥ ഹിറ്റ് പിറക്കുന്നത്. Opening എന്നതിനേക്കാള്‍ Word of mouth, Star value ഉം അതിനേക്കാള്‍ Content valueഉം ആണ് ഇന്ന് ബോക്സ് ഓഫീസിനെ നയിക്കുന്നത്.
മുമ്പത്തേക്കാളും വലിയ വിപണിയായി മലയാള സിനിമ ഇന്ന് മാറിയിട്ടുണ്ട്. 2026ലും ഇന്ത്യന്‍ ബോക്സോഫീസ് കുതിപ്പ് തുടരുമ്പോള്‍, ദേശീയ വിപണിയുടെ ഒമ്പത് ശതമാനത്തോളം വിഹിതവുമായി മികച്ച പ്രകടനമാണ് മലയാളം കാഴ്ചവെക്കുന്നത്. കഴിഞ്ഞ വര്‍ഷം 1,164 കോടിയോളമാണ് മലയാള സിനിമയുടെ ഗ്രോസ് കളക്ഷന്‍. ഇക്കുറി അത് മറികടക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ (പ്രത്യേകിച്ച് സൗദി അറേബ്യന്‍ വിപണി), മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, യുഎസ്-യൂറോപ്പ് പ്രവാസി വിപണികള്‍ എന്നിവ മലയാള സിനിമയുടെ വലിയ വരുമാന കേന്ദ്രങ്ങളായി വളര്‍ന്നുകഴിഞ്ഞു. ടിക്കറ്റ് വരുമാനത്തില്‍ നികുതി കഴിച്ച് ബാക്കി വരുന്ന തുകയാണ് തിയേറ്റര്‍ ഷെയര്‍. ആദ്യ ആഴ്ചയില്‍ നിര്‍മാതാവിന് 60 ശതമാനവും തിയേറ്ററിന് 40 ശതമാനവും എന്ന അനുപാതത്തിലാണ് വിഭജനം (മള്‍ട്ടിപ്ലക്സില്‍ 50:50). രണ്ടാം ആഴ്ചയില്‍ 55:45, മൂന്നാം ആഴ്ചയില്‍ 50:50, അതിനുശേഷം 40:60 എന്ന നിലയില്‍ അനുപാതം തിയേറ്ററിന് അനുകൂലമായി മാറുന്നു. അതിനാല്‍ ഏറ്റവും ഉയര്‍ന്ന വിഹിതം ലഭിക്കുന്ന ആദ്യ ആഴ്ചകളില്‍ തന്നെ പരമാവധി പ്രേക്ഷകരെ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
ആദ്യ ആഴ്ചകളില്‍ തന്നെ തിയേറ്ററുകളില്‍ ആളുകളെ നിറക്കുകയും കുറഞ്ഞത് 3-4 ആഴ്ചയെങ്കിലും ശക്തമായി പ്രദര്‍ശനം തുടരുകയും ചെയ്യുന്നതിലാണ് സിനിമയുടെ മിടുക്ക്. ഈ കരുത്തില്‍ മികച്ച ഒടിടി, സാറ്റ്ലൈറ്റ്, ഓവര്‍സീസ് ബിസിനസ് നേടിയെടുക്കാനും കഴിയും.
റിലീസിന് മുമ്പേ വന്‍ തുകക്ക് ഒടിടി വിറ്റുപോയിരുന്ന പ്രവണത കുറഞ്ഞുവരികയാണ്. ഒടിടി റൈറ്റ്സ് വിലയില്‍ ഏകദേശം 50% വരെ ഇടിവുണ്ടായി. പ്രേക്ഷകര്‍ എത്ര മിനിറ്റ് കണ്ടു (ജമ്യ ജലൃ ഢശലം/ങശിൗലേ െണമരേവലറ) എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രതിഫലം നിശ്ചയിക്കുന്നത്. മാത്രമല്ല, സിനിമ റിലീസായി ഒരു മാസത്തിനുള്ളില്‍ ഒടിടി റിലീസ് എന്ന തരത്തില്‍ കരാറുകള്‍ സാറ്റ്ലൈറ്റ് (ടിവി) റൈറ്റ്സ് വാങ്ങാന്‍ ചാനലുകളും ഇപ്പോള്‍ വന്‍തുക മുടക്കാന്‍ മടിക്കുന്നു.
എന്നാല്‍, സാമ്പത്തിക കണക്കുകള്‍ എന്തുതന്നെയായാലും ശരിക്ക് പറഞ്ഞാല്‍ സിനിമ ഹിറ്റാകുന്നതില്‍ മുന്‍കൂട്ടി പ്രവചിക്കാവുന്ന വലിയൊരു ഫോര്‍മുലയൊന്നുമില്ല. അതങ്ങനെ സംഭവിച്ചുപോകുന്നതാണ്. നടന്‍ മോഹന്‍ലാല്‍ പറയാറുള്ളതുപോലെ സിനിമ തികച്ചും ഒരു മാജിക്കാണ്. വിജയത്തിന്റെ ആ മാജിക് ഫോര്‍മുല ആര്‍ക്കുമറിയില്ല എന്നതാണ് ഏറ്റവും വലിയ യാഥാര്‍ഥ്യം. പ്രേക്ഷകന്റെ മനസിനെ കൃത്യമായി തൊടുന്ന വൈകാരികമായ ഒരു 'കണക്ഷന്‍' സിനിമയില്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് തിയേറ്ററുകളില്‍ ആ മാജിക്ക്പിറക്കുന്നതും ഒരു ചിത്രം കോടികള്‍ വാരി സൂപ്പര്‍ ഹിറ്റായി മാറുന്നതും.
10 വര്‍ഷം മുമ്പ് അഞ്ച് കോടി രൂപക്ക് പൂര്‍ത്തിയാക്കാമായിരുന്ന ഒരു ശരാശരി മലയാള സിനിമയുടെ ബജറ്റ് ഇന്ന് 10 മുതല്‍ 15 കോടി രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം താരപ്രതിഫലത്തിലെ വര്‍ധനയാണ്. ദിവസേനയുള്ള പ്രൊഡക്ഷന്‍ കോസ്റ്റിലെ വര്‍ധനയും ബജറ്റ്
ഉയര്‍ത്തി. ഒരു ചെറിയ സിനിമക്ക് പോലും ദിനം പ്രതി ചെലവ് നാല് ലക്ഷമാണ്. സൂപ്പര്‍ താരചിത്രമാണെങ്കില്‍ ഇത് ആറ് മുതല്‍ എട്ട് ലക്ഷം രൂപ വരെ വരും. മുന്‍നിര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് സ്ഥിരീകരിക്കപ്പെട്ട ഔദ്യോഗിക കണക്കുകള്‍ പൊതുവായി ലഭ്യമല്ല.
ചിത്രത്തിന്റെ സ്‌കെയ്ല്‍, ബജറ്റ്, ബാങ്കബിലിറ്റി എന്നിവയനുസരിച്ച് ഇത് മാറും. എല്‍2: എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ തന്റെ പ്രതിഫലം 20-25 കോടി രൂപയായി ഉയര്‍ത്തി. മമ്മൂട്ടി 10 കോടിയും ഓവര്‍സീസ് റൈറ്റും പ്രതിഫലമായി വാങ്ങുന്നുവെന്ന് പറയപ്പെടുന്നു. ദുല്‍ക്കര്‍ സല്‍മാനും 10-18 കോടിയാണ് പ്രതിഫലം. സമാനമായ തുക ഫഹദ് ഫാസിലും പൃഥ്വിരാജും വാങ്ങുന്നുണ്ട്. ടൊവീനോയും പ്രതിഫലത്തില്‍ പുറകിലല്ല. പക്ഷേ ഇതൊന്നും കൃത്യമായി നിശ്ചയിച്ചുറപ്പിച്ച ശമ്പളമല്ല.
പ്രതിഫലം സിനിമയില്‍ തന്നെ മുതല്‍മുടക്കി ലാഭം വാങ്ങുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. പക്ഷേ പല നടിമാരുടെ ശമ്പളം ഇപ്പോഴും ലക്ഷങ്ങളില്‍ തന്നെയാണ് തുടരുന്നത്. മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് അരക്കോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍. നായികമാര്‍ക്ക് ഒറ്റക്ക് ആദ്യ ദിനങ്ങളില്‍ ആളുകളെ തിയേറ്ററിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തലാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine