വിജയിച്ച ഓരോ സംരംഭകന്റെയും കഥ പിന്നീട് നോക്കുമ്പോള്‍ ലക്ഷ്യത്തിലേക്കുള്ള നേരായ യാത്രയായി തോന്നാം. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. പതിറ്റാണ്ടുകള്‍ നീണ്ട, പുറമേ വലിയ തിളക്കമൊന്നുമില്ലാത്ത സ്ഥിരോത്സാഹത്തിന്റെ ഫലമാണ് പല വിജയങ്ങളും. ഒന്നും ശരിയാകാത്ത ദിവസങ്ങളിലും പ്രവര്‍ത്തിക്കുക; കാര്യങ്ങള്‍ അനുകൂലമാകുന്ന ദിവസങ്ങളിലും അതേ പ്രതിബദ്ധതയോടെ മുന്നോട്ടുപോകുക-അതിലാണ് യഥാര്‍ഥ സംരംഭകത്വം.
ഫാര്‍മ മേഖലയേക്കാള്‍ മികച്ച രീതിയില്‍ ഈ പാഠം പഠിപ്പിക്കുന്ന വ്യവസായങ്ങള്‍ കുറവാണ്. ലാബിലെ ഗവേഷണത്തില്‍നിന്ന് ഒരു പുതിയ മരുന്ന് വിപണിയിലെത്താന്‍ പത്തുവര്‍ഷമോ അതിലധികമോ എടുത്തേക്കാം. അവസാനം ലഭിക്കേണ്ട റെഗുലേറ്ററി അനുമതിയാകട്ടെ ഏറെ അനിശ്ചിതത്വം നിറഞ്ഞ നിര്‍ണായക ഘട്ടവുമാണ്.
ഇത്തരം മേഖലകളിലെ സംരംഭകര്‍ വളരെ നേരത്തേ തിരിച്ചറിയുന്നൊരു കാര്യമുണ്ട്: എല്ലായ്പ്പോഴും വേഗതയല്ല നേട്ടം നല്‍കുന്നത്; ചിലപ്പോള്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാനുള്ള ശേഷിയാണ് യഥാര്‍ഥ കരുത്ത്. നിങ്ങളുടെ ബിസിനസിന് സ്വാഭാവികമായും ദീര്‍ഘമായ വളര്‍ച്ചാഘട്ടം ആവശ്യമാണെങ്കില്‍, അതിന്റെ പേരില്‍ ചെയ്തത് തെറ്റായോ എന്ന് തോന്നേണ്ടതില്ല. ആ വളര്‍ച്ചാഘട്ടത്തെ സംരക്ഷിക്കുകയാണ് വേണ്ടത്.
മറ്റൊരാള്‍ രൂപപ്പെടുത്തിയ കാഴ്ചപ്പാട് ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകുന്നതും സംരംഭകത്വത്തിന്റെ മറ്റൊരു രൂപമാണ്. നിലവിലുള്ളതെല്ലാം അതേപടി സംരക്ഷിക്കുകയല്ല ഇവിടെ വേണ്ടത്. സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം കൈവിടാതെ, അത് കൈവരിക്കുന്ന രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ധൈര്യമാണ് പ്രധാനം. സ്വയം ചോദിക്കാം: സ്ഥാപനം രൂപീകരിച്ചതിന്റെ ഏത് അടിസ്ഥാന ലക്ഷ്യമാണ് സംരക്ഷിക്കേണ്ടത്? സ്ഥാപകര്‍ സ്വീകരിച്ചിരുന്ന ഏതെല്ലാം രീതികളാണ് കാലത്തിനനുസരിച്ച് മാറ്റേണ്ടത്?
പുതിയ രാജ്യത്തിലേക്കോ ഉപഭോക്തൃവിഭാഗത്തിലേക്കോ കര്‍ശനമായ നിയമങ്ങളുള്ള വിപണിയിലേക്കോ പ്രവേശിക്കുന്നത് ആദ്യവര്‍ഷം തന്നെ നേട്ടം നല്‍കണമെന്നില്ല. ആ വിപണികളില്‍ പിന്നീട് വിജയിക്കുന്ന കമ്പനികള്‍, തുടക്കത്തിലെ നഷ്ടങ്ങളെ തന്ത്രം പരാജയപ്പെട്ടതിന്റെ തെളിവായി കാണാറില്ല. പകരം, വിപണിയെ പഠിക്കാന്‍ നല്‍കിയ ഫീസായാണ് അവയെ കണക്കാക്കുന്നത്. നിങ്ങളുടെ വിപുലീകരണ പദ്ധതി ഇതുവരെ പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ലെങ്കില്‍, ചോദിക്കേണ്ടത് ഇതാണ്: പദ്ധതി യഥാര്‍ഥത്തില്‍ തെറ്റാണോ, അതോ ഫലം വിലയിരുത്താന്‍ ഇനിയും സമയമായിട്ടില്ലേ?
ആര്‍ക്കും ഒറ്റയ്ക്ക് ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ല. ഫലങ്ങള്‍ പുറത്തുവരുന്നതിനു മുമ്പുതന്നെ ഒരു നേതാവില്‍ വിശ്വാസമര്‍പ്പിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പിന്നിലുണ്ടാകും-ഒരു മെന്റര്‍, സഹസ്ഥാപകന്‍, അല്ലെങ്കില്‍ നിശ്ശബ്ദമായി വഴികാട്ടുന്ന ഉപദേശകന്‍. സംരംഭകയാത്രയുടെ തുടക്കത്തിലാണെങ്കില്‍ അത്തരമൊരാളെ കണ്ടെത്തുക. അനുഭവസമ്പത്തുള്ള ഘട്ടത്തിലാണെങ്കില്‍, മറ്റൊരാളുടെ യാത്രയില്‍ ആ വ്യക്തിയായി മാറുക.
ഫാര്‍മ, ആരോഗ്യപരിരക്ഷ തുടങ്ങിയ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന മേഖലകളില്‍ വിശ്വാസം നേടിയെടുക്കാന്‍ വര്‍ഷങ്ങളെടുക്കും. അവിടെ സ്ഥിരത വിരസതയല്ല; എതിരാളികള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവാത്ത പ്രതിരോധമാണ്. ദീര്‍ഘകാല വിജയികളാകുന്ന സംരംഭകര്‍ എല്ലായ്പ്പോഴും ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നവരാകണമെന്നില്ല. മികച്ച ദിവസത്തിലും ഏറ്റവും മോശം ദിവസത്തിലും ഒരേ നിലവാരം പാലിക്കുന്നവരാണ് ഒടുവില്‍ മുന്നിലെത്തുന്നത്.
അടുത്ത വലിയ മാറ്റത്തിനു പിന്നാലെ പോകുന്നതിനു മുമ്പ് സ്വയം ചോദിക്കുക: ഇത് യഥാര്‍ഥത്തില്‍ ഫലപ്രദമല്ലാത്തതാണോ, അതോ ആവശ്യമായ സമയം നല്‍കുന്നത് ഞാന്‍ നിര്‍ത്തിയോ? യാത്ര തുടരുന്നതിന്റെ ഒരു ഭാഗം അച്ചടക്കമാണ്. അന്ധമായ പിടിവാശിയും വ്യക്തമായ ബോധ്യത്തില്‍നിന്നുള്ള ഉറച്ച തീരുമാനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതാണ് മറ്റൊരു ഭാഗം.
യാത്ര തുടരുക എന്നത് ഒരിടത്ത് നിശ്ചലമായി നില്‍ക്കുക എന്നതല്ല. അതിന്റെ അര്‍ഥം:
* തന്ത്രങ്ങള്‍ മാറുമ്പോഴും അടിസ്ഥാന കാഴ്ചപ്പാട് കൈവിടാതിരിക്കുക
* ആഴ്ചകളിലല്ല, വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പുരോഗതി വിലയിരുത്തുക
* സ്ഥാപനത്തിന്റെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്ന ആളുകളില്‍ നിക്ഷേപിക്കുക
* തിരിച്ചടികളെ അന്തിമവിധിയായല്ല, പഠനച്ചെലവായി കാണുക
* ക്ഷമയും യാഥാര്‍ഥ്യം അംഗീകരിക്കാത്ത അവസ്ഥയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക; മോശമായ ഒരു പാദത്തിന്റെ പേരില്‍ പദ്ധതി ഉപേക്ഷിക്കാതെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക
പഠിക്കേണ്ട സംരംഭകര്‍ ഒരിക്കലും സ്വന്തം വഴിയെ സംശയിക്കാത്തവരല്ല. സംശയങ്ങളുണ്ടായിട്ടും ആ വഴിയിലൂടെ മുന്നോട്ടുപോയവരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine