Image Courtesy : forummalls.in/stores-kochi 
Lifestyle

കാത്തിരിപ്പിന് വിരാമം; ഫോറം മാള്‍ കൊച്ചി ഓഗസ്റ്റ് 19ന് തുറക്കുന്നു

10.6 ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്ന മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പി.വി.ആര്‍ സിനിമാസും

Dhanam News Desk

ലുലു മാൾ കഴിഞ്ഞാൽ, കൊച്ചിയിലെ രണ്ടാമത്തെ ഏറ്റവും വലിയ മാൾ ആകാൻ ഫോറം മാൾ.  ഈ മാസം 19 നാണു മാൾ തുറക്കുന്നത്.10 ഏക്കറില്‍ 10.6 ലക്ഷം  സ്‌ക്വയര്‍ ഫീറ്റിലാണ് ഫോറം മാള്‍ പണി കഴിപ്പിച്ചിരിക്കുന്നത്. അതായത്, 18.50 ലക്ഷം  സ്‌ക്വയര്‍ഫീറ്റിലുള്ള ലുലുമാളിന് തൊട്ടു താഴെയായി വരും ഇതിന്റെ വലുപ്പം.

ഫോറം മാൾ കൊച്ചി വികസിപ്പിച്ചെടുത്തത് കേരളത്തിൽ നിന്നുള്ള തോംസൺ റിയൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ്. പ്രസ്റ്റീജ് ഗ്രൂപ്പും തോംസൺ ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത് (50-50).

കൊച്ചി നഗരത്തില്‍ നിന്നും അകന്ന്  കുണ്ടന്നൂരാണ് ഫോറം മാള്‍ എന്നതിനാല്‍ കൊച്ചിയിലെ ട്രാഫിക്കില്‍ നിന്നും വിട്ട് നിന്ന് ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം. എന്നാൽ എൻ.എച്ച് 66 ൽ ആണ് മാള്‍ എന്നതിനാൽ എളുപ്പത്തിൽ എത്തിപ്പെടുകയുമാകാം. ലോകോത്തര ബ്രാന്‍ഡുകള്‍ക്കൊപ്പം ലുലു ഹൈപ്പര്‍മാര്‍ക്കറ്റും പി.വി.ആര്‍ സിനിമാസും മാളിന്റെ പ്രധാന ആകര്‍ഷക ഘടകങ്ങളാണ്. 

ഷോപ്പിംഗ് കേന്ദ്രം

മാളിൽ ഫാമിലി എന്റർടൈൻമെന്റ് സെന്റർ, 20 റെസ്റ്റോറന്റുകൾ, 11 ഫുഡ് കൗണ്ടറുകൾ, 700 സീറ്റുള്ള ഫുഡ് കോർട്ട്, 9 സ്‌ക്രീൻ  പി.വി.ആർ  മൾട്ടിപ്ലക്‌സ് എന്നിവ ഉണ്ടാകും. മാരിയറ്റ് ഇന്റര്‍നാഷണലുമായി സഹകരിച്ച് 40 മുറികളുള്ള ഹോട്ടല്‍ മുറികളും ഇതോടൊപ്പം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഷോപ്പിംഗ്, ഭക്ഷണം, വിനോദം, സിനിമ എന്നിവ സംയോജിക്കുന്ന മാളിലേക്ക് ആലപ്പുഴ, തൂപ്പൂണിത്തുറ, വൈക്കം, കോട്ടയം ഭാഗത്തു നിന്നുള്ളവര്‍ക്ക് എളുപ്പത്തിലെത്താമെന്നതിനാല്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ഷോപ്പിംഗ് ഉത്സവങ്ങള്‍ക്ക് മികച്ച സ്വീകാര്യതയായിരിക്കുമെന്നാണ് കരുതുന്നത്.

ആഡംബര കാറുകളുടെ ഹബ് ആയിട്ടാണ് എറണാകുളം ജില്ലയിലെ മരട്-കുണ്ടന്നൂര്‍ പ്രദേശത്തെ ജനങ്ങള്‍ കാണുന്നത്. ഇനി ലക്ഷ്വറി ബ്രാന്‍ഡുകള്‍ സംയോജിക്കുന്ന ഷോപ്പിംഗ് കേന്ദ്രം കൂടിയായി ഇവിടം മാറിയേക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT