Lifestyle

പാഷനും ഹോബിയും വരുമാനം, ഗിഗ് ഇക്കോണമിയില്‍ വളരുന്ന ജെന്‍സീ: പുതിയ തൊഴില്‍ ശൈലികള്‍ എന്ത് പറയുന്നു?

'ഒരു ജോലി മതി' എന്ന ആശയം ജെന്‍സീ തലമുറയില്‍ പതുക്കെ അപ്രസക്തമാവുകയാണ്. 1997നും 2012നും ഇടയില്‍ ജനിച്ച ഈ തലമുറയ്ക്ക് സ്ഥിരമായ ശമ്പള ജോലിയേക്കാള്‍ ഒന്നിലേറെ വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നു

Lijo MG

തൃശൂരില്‍ നിന്ന് പഠനത്തിനായി കൊച്ചിയിലെത്തിയതാണ് 19കാരന്‍ വിവേക്. കലൂരില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സ് ചെയ്യുന്നുണ്ട്. ഉച്ചയോടെ ക്ലാസ് തീരും. അതിനുശേഷം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പാര്‍ട്ണറായും വ്‌ളോഗറായും സ്വന്തം ചെലവിനുള്ള പണം കണ്ടെത്താന്‍ വിവേകിന് സാധിക്കുന്നുണ്ട്. വീട്ടുകാരില്‍ നിന്ന് പണം വാങ്ങി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ സ്വന്തം നിലയ്ക്ക് സൈഡ് വരുമാനം കണ്ടെത്താനാണ് താല്പര്യമെന്ന് വിവേക് പറയുന്നു.

ഫുഡ് ഡെലിവറിക്കായി എല്ലാദിവസവും പോകാറില്ലെന്ന് ഈ കൗമാരക്കാരന്‍ പറയുന്നു. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനോ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രയ്‌ക്കോ പണത്തിന് ആവശ്യം വരുമ്പോള്‍ ഭക്ഷണവിതരണത്തിനായി ഇറങ്ങും. ഇത് കേവലമൊരു വിവേകിന്റെ മാത്രം രീതിയല്ല. ഇന്നത്തെ ജെന്‍സീ തലമുറ എല്ലാ കാര്യത്തിലും വ്യത്യസ്തരാണ്.

ജെന്‍സീ രീതികള്‍ വ്യത്യസ്തം

ജെന്‍സീ തലമുറയ്ക്ക് തൊട്ടുമുമ്പ് വരെ കൗമാരക്കാരുടെ വരുമാനം കൂടുതലായും മാതാപിതാക്കളെ ആശ്രയിച്ചായിരുന്നു. മാതാപിതാക്കളോ ബന്ധുക്കളോ നല്കുന്ന പോക്കറ്റ് മണിയായിരുന്നു പലരുടെയും ആശ്രയം. യാത്രയ്ക്കും കൂട്ടുകാര്‍ക്കൊപ്പമുള്ള നിമിഷങ്ങളിലെ ചെലവുകള്‍ക്കും ഈ പണമായിരുന്നു ഉപയോഗിച്ചിരുന്നത്.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ, ജോലി പിന്നീട് എന്ന നയമായിരുന്നു മാതാപിതാക്കള്‍ക്കും. കുട്ടികള്‍ അവരുടേതായ രീതിയില്‍ സൈഡ് വരുമാനം കണ്ടെത്തുന്നതിനോട് മാതാപിതാക്കള്‍ക്ക് വലിയ താല്പര്യവും ഇല്ലായിരുന്നു. അയല്‍പക്കത്തുള്ള കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് നല്കിയും മറ്റുമാണ് 2000ന്റെ തുടക്കത്തില്‍ പലരും അധികവരുമാനം കണ്ടെത്തിയിരുന്നത്.

ഇന്നത്തെ സോഷ്യല്‍മീഡിയ യുഗത്തില്‍ കാര്യങ്ങളെല്ലാം വലിയരീതിയില്‍ മാറി. കൂടുതല്‍ പേരും സോഷ്യല്‍മീഡിയയെ കൂട്ടുപിടിച്ച് വരുമാനം കണ്ടെത്തുന്നു. ഇന്‍ഫ്‌ളുവന്‍സര്‍ എന്ന രീതിയില്‍ മാത്രമല്ല. ഓണ്‍ലൈനായി തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റും കണ്ടന്റ് ക്രിയേഷന്‍ നടത്തിയും വരുമാനം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു.

കോഴിക്കോട് സ്വദേശി ഫായിസ് അഹമ്മദ് ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പഠനത്തിനൊപ്പം സ്ത്രീകള്‍ക്കുള്ള ഫാന്‍സി ഐറ്റംസിന്റെ ഓണ്‍ലൈന്‍ വില്പനയുമുണ്ട്. സോഷ്യല്‍മീഡിയ വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. പ്ലസ്ടു പഠനക്കാലത്ത് ചെറിയരീതിയില്‍ തുടങ്ങിയതാണ് സംരംഭം. ഇപ്പോള്‍ സമാന പ്രായക്കാരായ മൂന്നുപേര്‍ കൂടി ഈ ചെറിയ ബിസിനസില്‍ ഫായിസിനെ സഹായിക്കാന്‍ ഒപ്പമുണ്ട്.

ഫായിസും വിവേകും ജെന്‍സീ തലമുറയുടെ പ്രതിനിധികളാണ്. ലക്ഷ്യബോധമില്ലാത്ത തലമുറയെന്ന വ്യാഖ്യാനങ്ങള്‍ക്കിടയിലും തങ്ങളുടേതായ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നവരാണ് ഇന്നത്തെ തലമുറ. വലിയ സമ്പാദ്യശീലമോ സിദ്ധാന്തങ്ങളോ ഒന്നുമല്ല അവരെ നയിക്കുന്നത്. ഈ നിമിഷം സന്തോഷത്തോടെ മുന്നോട്ടു പോകുക എന്നതാണ് തങ്ങളുടെ ആപ്തവാക്യമെന്ന് അവര്‍ പറയും.

പാഷനും ഹോബിയും ഒന്നിച്ച്

'ഒരു ജോലി മതി' എന്ന ആശയം ജെന്‍സീ തലമുറയില്‍ പതുക്കെ അപ്രസക്തമാവുകയാണ്. 1997നും 2012നും ഇടയില്‍ ജനിച്ച ഈ തലമുറയ്ക്ക് സ്ഥിരമായ ശമ്പള ജോലിയേക്കാള്‍ ഒന്നിലേറെ വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് പോലുള്ള നഗരങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ ഒരേസമയം രണ്ട് മുതല്‍ മൂന്ന് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന പ്രവണത ശക്തമാണ്.

ജെന്‍സീ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഗിഗ് ഇക്കോണമിയെയാണ് സ്ഥിര ജോലി സമയം ഇല്ലാതെ, ആവശ്യത്തിന് ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന ഈ സംവിധാനം യുവാക്കളെ ആകര്‍ഷിക്കുന്നു.

വര്‍ക്ക് ലൈഫ് ബാലന്‍സില്‍ പുതുതലമുറ വിശ്വസിക്കുന്നില്ല. ഹോബിയും പാഷനും എല്ലാം ചേര്‍ന്ന വരുമാന മാര്‍ഗം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജോലി, ഹോബി എല്ലാംകൂടി ഇഴുകിചേര്‍ന്ന ഒരു ലൈഫ്‌സ്റ്റൈല്‍ രൂപപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. രാത്രികളില്‍ ഫ്രീലാന്‍സ് ജോലി ചെയ്യുന്നതോ പകല്‍ കൂടുതല്‍ ഉറങ്ങുന്നതോ ഈ തലമുറയ്ക്ക് വലിയ പ്രശ്‌നമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT