Health

എല്‍ ആന്‍ഡ് ടി ചെയര്‍മാന് പരോക്ഷ മറുപടിയുമായി സൊമാറ്റോ സ്ഥാപകന്‍, ജീവനക്കാരുടെ സൗഖ്യത്തിനായി ഒരുക്കുന്നത് ഇതൊക്കെ

200-ലധികം ജീവനക്കാര്‍ പുതിയ വെല്‍നസ് സൗകര്യം ഉപയോഗിക്കുന്നു

Dhanam News Desk

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി വേണമെന്ന എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ സുബ്രഹ്‌മണ്യത്തിന്റെ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും കത്തിനില്‍ക്കുമ്പോള്‍ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ജീവനക്കാരുടെ ക്ഷേമത്തിനായി വ്യത്യസ്തമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ശ്രദ്ധനേടുകയാണ്. ആര്‍ത്തവ അവധികള്‍,  പ്രത്യേക പാരന്റ്  നയങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഫുഡ് അഗ്രഗേറ്റര്‍ കമ്പനിയായ സൊമാറ്റോ ഒരുക്കുന്നത്.

ക്രയോതെറാപ്പി, റെഡ് ലൈറ്റ് തെറാപ്പി, ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സകളിലേക്ക് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രവേശനം നല്‍കുന്ന പുതിയ 'ക്യാപ്റ്റീവ് വെല്‍നസ് സൗകര്യം' തുറന്നതിനെക്കുറിച്ചും ഗോയല്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ടീമിന്റെ ആരോഗ്യം എല്ലായ്‌പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനകളിലൊന്നാണ്. ഞങ്ങള്‍ക്ക് ഒരു ഇന്‍-ഹൗസ് മെന്റല്‍ ഹെല്‍ത്ത് ടീം ഉണ്ട്, സൊമാറ്റോ ആസ്ഥാനത്ത് ഒരു വലിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജിം ഉണ്ട്, കൂടാതെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ചീഫ് ഫിറ്റ്‌നസ് ഓഫീസറും ഉണ്ട്. പീരിയഡ് ലീവുകളും ലിംഗഭേദമില്ലാത്ത രക്ഷാകര്‍തൃ അവധി നയങ്ങളും പിന്നെ പരാമര്‍ശിക്കേണ്ടതില്ലല്ലോ.'' എന്നാണ് ദിപീന്ദര്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

200-ലധികം ജീവനക്കാര്‍ പുതിയ വെല്‍നസ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും ആവര്‍ത്തന നിരക്ക് വളരെ ഉയര്‍ന്നതാണെന്നും സൊമാറ്റോ സി.ഇ.ഒ വ്യക്തമാക്കി.

ജീവനക്കാരെകൊണ്ട് ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യിക്കാനായിരുന്നെങ്കില്‍ താന്‍ കൂടുതല്‍ സന്തോഷിക്കുമെന്നും ഞായറാഴ്ചകളില്‍ പോലും താന്‍ ജോലി ചെയ്യുന്നുണ്ടെന്നും  ഭർത്താക്കന്മാർക്ക് ഭാര്യയെ നോക്കി എത്രനേരം വീട്ടിലിരിക്കാനാകും, ഓഫീസിലേക്ക് വരൂ, ജോലി ചെയ്യൂ എന്നുമുള്ള എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്റെ പ്രസ്താവന അടുത്തിടെ  വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT