Chat GPT Image 
Health

രക്തസാമ്പിള്‍ പരിശോധനക്ക് അയക്കാനും ഇനി ഡ്രോണ്‍ സേവനം; ബംഗളൂരുവിലെ പരീക്ഷണം ഇന്ത്യക്കാകെ മാതൃകയാവുന്നു

ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിസന്ധി ഘട്ടത്തില്‍ വാക്സിന്‍, മരുന്നുകള്‍ പോലുള്ള ജീവന്‍ രക്ഷാ സാധനങ്ങള്‍ എത്തിക്കാനും സാധിക്കും

Dhanam News Desk

ബംഗളൂരുവില്‍ ചികിത്‌സാ രംഗത്ത് ഈ ദിവസങ്ങളില്‍ നടന്ന ഹൈടെക് പരീക്ഷണത്തെക്കുറിച്ച് അറിഞ്ഞോ? നാരായണ ഹെല്‍ത്ത് ഒരു ക്ലിനിക്കില്‍ നിന്നുള്ള രക്തവും മറ്റു പരിശോധനാ സാമ്പിളുകളും 10 മിനിറ്റിനകം ഡ്രോണ്‍ ഉപയോഗിച്ച് ലാബിലേക്ക് എത്തിച്ചു. ഇതിന്റെ പ്രാധാന്യം എത്രയാണെന്ന് ബംഗളൂരുവിലെ ഗതാഗത കുരുക്കിനെക്കുറിച്ച് അറിയുന്നവര്‍ക്കെല്ലാം മനസിലാകും. റോഡിലെ ഗതാഗത ബുദ്ധിമുട്ടുകള്‍ മറികടക്കുന്ന അതിവേഗ സംവിധാനമായി ഡ്രോണ്‍ മാറുകയാണ്. ഇത് മറ്റു നഗരങ്ങളിലും പ്രായോഗികമാക്കാവുന്ന ഒരു മുന്നേറ്റം കൂടിയാണ്.

ബംഗളൂരുവിലെ ഒരു ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപായ എയര്‍ബൗണ്ടാണ് നാരായണ ഹെല്‍ത്തിന്റെ പങ്കാളിത്തത്തോടെ ഈ പൈലറ്റ് പദ്ധതി നടത്തുന്നത്. ചന്ദാപുര എന്ന ക്ലിനിക്കില്‍ നിന്നു ബൊമ്മസാന്ദ്രയിലെ നാരായണ ഹെല്‍ത്ത് സിറ്റിയിലുള്ള പ്രധാന ലാബിലേക്ക് ഏകദേശം നാലു കിലോമീറ്റര്‍ ദൂരമുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചപ്പോള്‍ ഈ ദൂരം പിന്നിട്ടത് വെറും 10 മിനിട്ടു കൊണ്ട്. ഈ വര്‍ഷം ഇതുവരെ 700ല്‍പരം ഡ്രോണ്‍ ഫ്‌ളൈറ്റുകളാണ് നടത്തിയത്. ഓരോന്നിലും 40ലേറെ ഡയഗ്‌നോസ്റ്റിക് സാമ്പിളുകള്‍. ആവശ്യത്തിനനുസരിച്ച് പ്രതിദിനം 20 യാത്രകള്‍ ഡ്രോണ്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. ചികിത്‌സ വേഗത്തില്‍ ലഭ്യമാക്കുന്നതിനു പുറമെ, ചെലവും പകുതി കണ്ട് കുറയുന്നു.

ഇത്തരത്തില്‍ ഡ്രോണ്‍ പറത്തുന്നതിന് വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (DGCA) അനുമതി ആവശ്യമാണ്. പരീക്ഷണ പറക്കലിനാണ് ഇപ്പോള്‍ അനുമതി. ഔപചാരിക അനുമതിയാകാനുണ്ട്. ഇതുവരെ പറക്കലുകള്‍ പരാജയമായിട്ടില്ല.

എന്തൊക്കെയാണ് സാധ്യതകള്‍?

രക്തം, കഫം, ബയോപ്‌സി സാമ്പിളുകള്‍ തുടങ്ങിയവയുടെ പരിശോധന വേഗത്തിലാകും. റോഡിനെ ആശ്രയിക്കാതെ സമയബന്ധിതമായി പ്രവര്‍ത്തിക്കാനാവും. വേഗത്തില്‍ പരിശോധന ഫലം കിട്ടുമ്പോള്‍, വേഗത്തില്‍ ചികിത്‌സയുടെ ഗുണഫലം ലഭ്യമാകും. ചെറിയ ക്ലിനിക്കുകള്‍ക്ക് വന്‍കിട ലാബുകളുടെ സേവനം കൂടുതല്‍ വേഗത്തില്‍ കിട്ടും. ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിസന്ധി ഘട്ടത്തില്‍ വാക്സിന്‍, മരുന്നുകള്‍ പോലുള്ള ജീവന്‍ രക്ഷാ സാധനങ്ങള്‍ എത്തിക്കാനും സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT