Health

രാവിലെ തന്നെ ക്ഷീണമാണോ? ഇതാ സ്മാര്‍ട്ട് ആകാന്‍ 5 എളുപ്പവഴികള്‍

Dhanam News Desk

രാവിലെ എഴുന്നേല്‍ക്കുക എന്നു പറയുന്നത് പലര്‍ക്കും ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സു മടുക്കുന്ന കാര്യമാണ്. എന്നാല്‍ ചരിത്രത്തില്‍ ഇടം നേടിയ പല വിശിഷ്ട വ്യക്തികളും നേരത്തെ ഉണരുന്നവരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ വളരെ ശക്തമായി ശ്രമിച്ചാലും പലര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാറില്ല. ക്ഷീണമാണ് ഇതിന്‌റെ പ്രധാന കാരണം.

എന്നാല്‍ യാത്രകള്‍, മീറ്റിങ്ങുകള്‍, വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ പരീക്ഷകള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും നിങ്ങളുടെ ഉന്മേഷം കുറയ്ക്കാന്‍ ഈ പ്രഭാത ക്ഷീണം കാരണമാകും. ഈ ക്ഷീണം മാറ്റാന്‍ ചില നുറുങ്ങു വിദ്യകള്‍ അറിയണോ ? ഇതാ ശ്രമിച്ചു നോക്കൂ

ഉണരുന്ന സമയം മാറ്റാം

രാവിലെ വൈകി ഉണരുന്നത് ക്ഷീണത്തിനൊരു കാരണമാണെങ്കിലും പലര്‍ക്കും നേരത്തെ ഉണരാന്‍ കഴിയാറില്ല എന്നതാണ് ആരോഗ്യ സര്‍വെകളില്‍ പ്രതിഫലിക്കുന്ന ഒരു പ്രധാനകാരണം. ഇതിനൊരു പരിഹാരമുണ്ട്. നിങ്ങള്‍ തന്നെ അറിയാതെ നേരത്തെ ഉണരുന്ന ശീലത്തിലേക്ക് മാറും. ഇപ്പോള്‍ ഒന്നു രണ്ട് അലാമുകള്‍ സെറ്റ് ചെയ്യുന്നതിന് പകരം ഒരു നിശ്ചിത അലാം ആക്കുക. ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നതിനേക്കാള്‍ 15 മിനിട്ട് മുമ്പുള്ള സമയമാക്കാം. അത് ഒരാഴ്ചയ്ക്ക് ശേഷം 15 മിനിട്ട് കൂടെ നേരത്തെ ആക്കുക അത്തരത്തില്‍ ഇപ്പോള്‍ ഉണരുന്നതിനെക്കാള്‍ അര മണിക്കൂര്‍ നേരത്തെ ആക്കാം. ക്ഷീണം മാറാന്‍ എഴുന്നേറ്റ ഉടന്‍ ചെറു ചൂടു വെള്ളം കുടിക്കാം.

യോഗയിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാം

ഒരു പത്തുമിനിറ്റ് മനസ്സിനെ റിലാക്സ് ചെയ്യാന്‍ ചെറിയ രീതിയില്‍ ഒരു യോഗമുറ അഭ്യസിക്കുക. കാലുകള്‍ മടക്കി ചമ്രംപടിഞ്ഞിരുന്ന് കൈകള്‍ കാല്‍മുട്ടില്‍ വച്ച് കണ്ണടച്ച് ശ്വാസം പതുക്കെ എടുക്കുകയും വിടുകയും ചെയ്ത് നോക്കൂ. ഇത് മനസ്സിന് ഏറെ ശാന്തതയും ആശ്വാസവും ശരീരത്തിലെ വേദനകളെ അകറ്റിയുള്ള സ്റ്റിമുലേഷനും നല്‍കും.

രാവിലത്തെ കുളി

രാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഏറെ ഉന്‍മേഷം പകരും. മനസ്സിനും ശരീരത്തിനും. സമ്മര്‍ദ്ദം കുറയ്ക്കാനും അന്നത്തെ ദിവസം നല്ല രീതിയില്‍ ആരംഭിക്കാനും ഇത് സഹായിക്കും. നല്ല തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും നന്നായിരിക്കും.

പാട്ട് കേള്‍ക്കുക

രാവിലെ എഴുന്നേറ്റ് അല്‍പനേരം പാട്ട് കേട്ടു നോക്കൂ. ശാസ്ത്രീയമോ മെലഡിയോ എ്തുമാകാം. എന്നാല്‍ ശോക ഗാനങ്ങള്‍ നിങ്ങളെ ഗ്ലൂമിയാക്കും. അതിനാല്‍ നല്ല പാട്ടു കേട്ട് ദിവസം ആരംഭിച്ചാല്‍ ദിവസം ക്ഷീണമില്ലാതെ ആരംഭിക്കാം എന്ന് പഠനങ്ങള്‍ പറയുന്നു. നൃത്തം അറിയാവുന്നവര്‍ക്ക് കുറച്ച് സമയം അതിനായി മാറ്റി വയ്ക്കാം.

ചെറു നടത്തം ഒപ്പം ആസൂത്രണവും

ഓരോ ദിവസവും എഴുന്നേറ്റ ഉടന്‍ അല്‍പ്പം നടത്തമാകാം. അതോടൊപ്പം അതാത് ദിവസം ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ മനസ്സില്‍ ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ഏകാഗ്രത വര്‍ധിപ്പിക്കാനും ഇത് സഹായകമാകും.

രാത്രി മൊബീല്‍ ഉപയോഗം കുറയ്ക്കാം

രാത്രി ഏറെ വൈകി മൊബീല്‍, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ രാവിലെ ക്ഷീണം കാണപ്പെടും. കണ്ണിന് ഏറെ നേരം ജോലി കൊടുക്കുന്നു എന്നു മാത്രമല്ല, ഷോള്‍ഡര്‍, കഴുത്ത് എന്നിവയും ഒപ്പം ഉറക്കത്തെ ഭേദിച്ച് പണിയെടുക്കുകയാണ്. ഈ ശീലമൊന്നു മാറ്റി നോക്കൂ. ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് മൊബീല്‍ മാറ്റിവയ്ക്കുന്ന ശീലത്തിലേക്ക് മാറൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT