image credit : canva , LikedIn 
Health

"വീട്ടില്‍ പാചകം ചെയ്യാന്‍ നമുക്ക് മടി; സ്വിഗിയുടെയും മറ്റും വരുമാനം 35,000 കോടി; മടി പഠിപ്പിക്കുന്നത് വന്‍കിട വ്യവസായം"

ന്യൂജെന്‍ രീതികളിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി റെയിന്‍മാറ്റര്‍ ഉടമ ദിലീപ് കുമാര്‍

Dhanam News Desk

ന്യൂ ജെന്‍ ജീവിത രീതികളെക്കുറിച്ചും, അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ഇതില്‍പരമൊന്നും ചുരുക്കി പറയാനില്ല. സംരംഭകനും റെയിന്‍മാറ്റര്‍ ഉടമയുമായ ദിലീപ് കുമാറിന്റെ ഈ വാക്കുകള്‍ക്ക് അത്രയേറെ മൂര്‍ച്ചയുണ്ട്; കാമ്പും കഴമ്പുമുണ്ട്.

അതിവേഗം ഇഷ്ടവിഭവങ്ങളും സാധനങ്ങളും വീട്ടിലെത്തിക്കുന്ന നാലു കമ്പനികളായ സ്വിഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയുടെ കഴിഞ്ഞ വര്‍ഷത്തെ മാത്രം മൊത്തവരുമാനം 35,000 കോടി രൂപയാണെന്ന് ദിലീപ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ നമുക്കു വേണ്ട ഭക്ഷണം നമ്മള്‍ തന്നെ പാചകം ചെയ്യാത്തതു കൊണ്ടും, ആവശ്യമുള്ളത് 10 മിനിട്ടുകൊണ്ട് കൈയില്‍ കിട്ടണമെന്ന ആഗ്രഹം കൊണ്ടും വളര്‍ന്നു പടര്‍ന്ന വ്യവസായമാണത്. മനുഷ്യന്റെ മടി പ്രോത്‌സാഹിപ്പിക്കുന്നത് ഒരു വന്‍കിട വ്യവസായമാണ്.

സമൂഹ മാധ്യമങ്ങളില്‍ ദിലീപ് കുമാര്‍ നടത്തിയ അഭിപ്രായത്തോട് ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''പാചകക്കാരും വീട്ടുജോലിക്കാരും സഖ്യം പ്രഖ്യാപിച്ചാല്‍ ജനം അനുഭവിക്കും.'' അതിന് ദിലീപ് കുമാര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയം. ''അടുത്ത തലമുറയിലെ നമ്മുടെ പാചകക്കാര്‍ക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കുമൊന്നും അവരുടെ മാതാപിതാക്കള്‍ പണി ചെയ്ത രീതിയാവില്ല. നിര്‍മിത ബുദ്ധിയും മറ്റുമാണ് അവര്‍ പഠിക്കുന്നത്. യുട്യൂബറാകാനാണ് അവര്‍ക്കിഷ്ടം. ആപുകള്‍ നിര്‍മിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അവര്‍ക്കു മുന്നില്‍ സാധ്യതകളുണ്ട്. അവരുടെ മാതാപിതാക്കള്‍ക്ക് അതില്ലായിരുന്നു.

ആരോഗ്യം നേടിയെടുക്കാന്‍ അടുത്ത തലമുറ കഠിനാധ്വാനം ചെയ്യേണ്ടി വരും

നിങ്ങള്‍ നിങ്ങളുടെ ഭക്ഷണം വീടുകളില്‍ ഉണ്ടാക്കണമെന്ന് സൊമാറ്റോയും സ്വിഗിയുമൊന്നും താല്‍പര്യപ്പെടുന്നില്ല. നിങ്ങള്‍ വീടിനു പുറത്തിറങ്ങണമെന്ന് ബ്ലിങ്കിറ്റോ സെപ്‌റ്റോയോ ആഗ്രഹിക്കുന്നില്ല. ആരോഗ്യത്തോടെ ജീവിക്കാന്‍ അടുത്ത തലമുറ ശരിക്കും കഠിനാധ്വാനം ചെയ്യേണ്ടി വരും -ദിലീപ് കുമാര്‍ പറയുന്നു.

ഓഹരി വിപണിയിലെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കര്‍മാരായ സെരോദയുടെ സ്ഥാപകന്‍ നിതിന്‍ കാമത്തിന്റെ അടുത്ത സഹപ്രവര്‍ത്തകന്‍ കൂടിയാണ് ദിലീപ് കുമാര്‍. ഫിറ്റ്‌നസിനു വേണ്ടി അത്യധ്വാനം ചെയ്ത കഥ കൂടി പറയാന്‍ ദിലീപ് കുമാറിന് കഴിയും. 32 വയസിലെ അമിത ഭാരത്തില്‍ നിന്ന് 40-ാം വയസില്‍ നല്ലൊരു അത്‌ലറ്റായി മാറിയ ആളാണ് ദിലീപ് കുമാര്‍. അതേക്കുറിച്ച് ദിലീപ് കുമാര്‍ പറയുന്നത് ഇങ്ങനെ: ''ആരോഗ്യത്തെക്കുറിച്ചോ കായിക ക്ഷമതയെക്കുറിച്ചോ സ്‌കൂളും കോളജും എന്നെ ഒന്നും പഠിപ്പിച്ചില്ല. എന്റെ വീട്ടുകാര്‍ക്കും അതിനു കഴിഞ്ഞില്ല. അതുകൊണ്ട് മുപ്പതുകളില്‍ എത്തുന്നതു വരെ ഞാന്‍ അതെല്ലാം അവഗണിച്ചു. ആരോഗ്യം നേരെയാക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷം ഞാന്‍ പഠിച്ചു, മെനക്കെട്ടു. അങ്ങനെയാണ് ഞാന്‍ മാറിയത്.''

നമ്മുടെ ആഹാരം വളരെയേറെ പ്രധാനപ്പെട്ടതാണ്. പോഷക സാധനങ്ങളും കായികാധ്വാനവും പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ എന്തു കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു എന്നതൊക്കെ പ്രധാനമാണ്. ഭക്ഷണം കഴിച്ചാല്‍ ചുരുങ്ങിയത് മൂന്നു മണിക്കൂര്‍ കഴിയാതെ ഉറങ്ങാന്‍ പോകരുത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ നോട്ടം (മൊബൈല്‍, ടി.വി, കമ്പ്യൂട്ടര്‍) നിര്‍ത്തണം. സമ്മര്‍ദവും സംഘര്‍ഷവുമെല്ലാം മദ്യം കൊണ്ടല്ല, വ്യായാമം കൊണ്ടു നേരിടാന്‍ പരിശീലിക്കണം. ശ്രദ്ധാലുവായിരിക്കുക, ശാസ്ത്രീയ രചനകള്‍ വായിക്കുക -ദിലീപ് കുമാര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT