Image courtesy: Bournvita Facebook 
Health

ബോണ്‍വിറ്റയ്ക്ക് കേന്ദ്രത്തിന്റെ 'കടിഞ്ഞാണ്‍'; ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ വില്‍ക്കരുതെന്ന് ഉത്തരവ്

ബോണ്‍വിറ്റയിലെ അമിത പഞ്ചസാര, നിറങ്ങള്‍ എന്നിവ കുട്ടികളില്‍ മാരക രോഗത്തിന് കാരണമാകുമെന്ന് ആരോപണം

Dhanam News Desk

ഹെല്‍ത്ത് ഡ്രിങ്ക്‌സ് അഥവ ആരോഗ്യപരമായ പാനീയം എന്ന പേരില്‍ വില്‍പന നടത്തിയിരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്ന് ഇത്തരം ഉല്‍പന്നങ്ങളെ മാറ്റണമെന്നാണ് ഉത്തരവ്.

ബോണ്‍വിറ്റയ്ക്കാണ് ഈ ഉത്തരവു കൊണ്ട് ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡ്രിങ്ക്‌സ് ആന്‍ഡ് ബിവറേജസ് വിഭാഗത്തില്‍പ്പെട്ട ഉല്‍പന്നങ്ങളെ ആരോഗ്യപരമായ പാനീയങ്ങളുടെ കാറ്റഗറിയില്‍ ഉല്‍പ്പെടുത്തുന്നത് തെറ്റാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

തിരിച്ചടിയായത് പഞ്ചസാരയുടെ അളവ്

എന്‍.സി.പി.സി.ആര്‍ പരിശോധനയില്‍ ബോണ്‍വിറ്റയില്‍ അനുവദനീയമായതിലും കൂടുതല്‍ പഞ്ചസാര ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2006ലെ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിധിയില്‍ വരുന്ന ആരോഗ്യകരമായ പാനീയങ്ങളൊന്നും ഇല്ലെന്നും വ്യക്തമായതായി കമ്മീഷന്‍ വെളിപ്പെടുത്തി. ബോണ്‍വിറ്റയിലെ അമിത പഞ്ചസാര, നിറങ്ങള്‍ എന്നിവ കുട്ടികളില്‍ മാരക രോഗത്തിന് കാരണമാകുമെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്ന പേരിലാണ് ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ വിറ്റിരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വില്‍പന വര്‍ധിപ്പിക്കാന്‍ ബോണ്‍വിറ്റയ്ക്ക് ഉള്‍പ്പെടെ സാധിച്ചിരുന്നു. പുതിയ ഉത്തരവോടെ പരസ്യത്തില്‍ പോലും ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്നു ഉപയോഗിക്കാന്‍ സാധിച്ചേക്കില്ല.

ആരോഗ്യകരമായ പാനീയങ്ങളെന്ന പേരില്‍ വില്‍പന നടത്തുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും എന്‍.സി.പി.സി.ആര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് ഡ്രിങ്ക് അഥവാ എനര്‍ജി ഡ്രിങ്ക് എന്ന വിഭാഗത്തില്‍ നിന്ന് ഇത്തരം പാനീയങ്ങള്‍ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വില്‍ക്കണമെന്നുമാണ് നിര്‍ദേശം.

പാല്‍, ധാന്യം, മാള്‍ട്ട് അധിഷ്ഠിതമായ പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എഫ്.എസ്.എസ്.എ.ഐ ഈ മാസം ആദ്യം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനോട് ബോണ്‍വിറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT