Chat GPT image
Health

വിപണിയില്‍ നിന്ന് 11 നേത്ര മരുന്നുകള്‍ പിന്‍വലിച്ച് സണ്‍ഫാര്‍മ, മുന്‍കരുതല്‍ എന്തിന്? വിശദീകരണം ഇനിയും ബാക്കി

പരിശോധനയില്‍ കണ്ടെത്തിയ പ്രശ്‌നവും രോഗികള്‍ സ്വീകരിക്കേണ്ട കൃത്യമായ നടപടിയും സണ്‍ ഫാര്‍മയും ഔഷധ നിയന്ത്രണ അധികൃതരും പരസ്യപ്പെടുത്തേണ്ടതുണ്ട്

Dhanam News Desk

പ്രമുഖ ഔഷധ നിര്‍മാതാക്കളായ സണ്‍ ഫാര്‍മ ഇന്ത്യയിലെ വിപണിയില്‍ നിന്നുള്ള 11 നേത്രമരുന്നുകള്‍ മുന്‍കരുതല്‍ നടപടിയായി പിന്‍വലിച്ചു. Depopred, Brinolar, Brinzotim, Lotepred, Nepalact, Toba-F തുടങ്ങിയ ഗ്ലോക്കോമ, ശസ്ത്രക്രിയാനന്തര വേദന, അലര്‍ജി, അണുബാധകള്‍ക്കുള്ള മരുന്നുകളാണ് പട്ടികയില്‍. എന്നാല്‍ ബാധിച്ച ബാച്ചുകള്‍, നിര്‍മ്മാണകേന്ദ്രം, കൃത്യമായ കാരണം എന്നിവ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പ്രമുഖ ഔഷധ നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മ ഇന്ത്യയിലെ വിതരണശൃംഖലയില്‍നിന്ന് കണ്ണിനുള്ള 11 മരുന്നുകള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പിന്‍വലിച്ചു.

സണ്‍ ഫാര്‍മയുടെ വിതരണ വിഭാഗമായ Sun Pharma Distributors Ltd 2026 ജൂലൈ 17-ന് വിതരണക്കാര്‍ക്ക് അയച്ച കത്തിലാണ് പട്ടികയിലുള്ള ഉല്‍പ്പന്നങ്ങളുടെ ബില്ലിംഗും വിതരണവും ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശിച്ചത്. വിതരണക്കാരുടെ കൈവശമുള്ള സ്റ്റോക്കിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും വിവിധ ഉറവിടങ്ങളില്‍നിന്ന് ലഭിച്ച മുഴുവന്‍ സ്റ്റോക്കും മുന്‍ഗണനാക്രമത്തില്‍ തിരികെ അയയ്ക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി മുന്‍കരുതല്‍ അടിസ്ഥാനത്തിലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ കൃത്യമായ കാരണം കമ്പനി പറഞ്ഞിട്ടില്ല.

പിന്‍വലിച്ച ഉല്‍പ്പന്നങ്ങള്‍

Depopred 2 ml, Brinolar-BKC Free, Brinzotim Eye Drops 5 ml-BKC Free, Lotepred 5 ml, Lotepred 1% Eye Drops 5 ml, Lotepred LS 0.2% Eye Drops 5 ml, Lotepred T, Nepalact OD Eye Drops 3 ml, Nepalact-Z, Toba-F, Nepalact Eye Drops 5 ml എന്നിവയാണ് കത്തില്‍ പറയുന്ന മരുന്നുകള്‍. ഇവയില്‍ Brinolar, Brinzotim എന്നിവ കണ്ണിനുള്ളിലെ മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ്. ഗ്ലോക്കോമ, ocular hypertension തുടങ്ങിയ അവസ്ഥകളില്‍ ഇവ നിര്‍ദേശിക്കപ്പെടുന്നു. Brinolar-ല്‍ brinzolamide ഉം Brinzotim-ല്‍ brinzolamide-timolol സംയുക്തവുമാണ് അടങ്ങിയിരിക്കുന്നത്.

Lotepred വിഭാഗത്തിലെ മരുന്നുകളില്‍ corticosteroid ആയ loteprednol ആണ് പ്രധാന ഘടകം. കണ്ണിലെ അലര്‍ജി, വീക്കം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള inflammation എന്നിവ നിയന്ത്രിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. Lotepred T-യില്‍ loteprednol-നൊപ്പം ആന്റിബയോട്ടിക്കായ tobramycin-ഉം ഉള്‍പ്പെടുന്നു. Nepalact-ല്‍ nepafenac ആണ് അടങ്ങിയിരിക്കുന്നത്; തിമിര ശസ്ത്രക്രിയക്കും മറ്റും ശേഷമുള്ള വേദനയും വീക്കവും കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു. Toba-F ആന്റിബയോട്ടിക്കായ tobramycin-ഉം steroid ആയ fluorometholone-ഉം ചേര്‍ന്ന ophthalmic suspension ആണ്.

മലിനീകരണമാണോ പ്രശ്‌നം?

ഐഡ്രോപ്പുകളില്‍ മലിനീകരണം കണ്ടെത്തിയെന്ന് സണ്‍ ഫാര്‍മ സ്ഥിരീകരിച്ചിട്ടില്ല. പരിശോധനയില്‍ ബാക്ടീരിയയോ ഫംഗസോ കണ്ടെത്തിയതായോ sterility test പരാജയപ്പെട്ടതായോ കമ്പനിയുടെ പ്രതികരണത്തില്‍ പറയുന്നില്ല. ഔഷധങ്ങള്‍ പിന്‍വലിക്കാന്‍ microbial contamination മാത്രമാകാം കാരണമെന്നില്ല. സജീവ ഘടകത്തിന്റെ അളവില്‍ വ്യതിയാനം, pH അല്ലെങ്കില്‍ viscosity പ്രശ്‌നം, കണികകളുടെ സാന്നിധ്യം, കുപ്പിയുടെ അടച്ചുറപ്പിലെ തകരാര്‍, സ്ഥിരതാ പരിശോധനയിലെ പരാജയം, ലേബലിങ് പിശക്, ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ കലരാനുള്ള സാധ്യത തുടങ്ങിയ കാരണങ്ങളും ഉണ്ടാകാം. ഇതില്‍ ഏതാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

പുറത്തുവരേണ്ട നിര്‍ണായക വിവരങ്ങള്‍

ഇന്ത്യയിലെ CDSCOയുടെ recall മാര്‍ഗനിര്‍ദേശപ്രകാരം ഒരു മരുന്ന് പിന്‍വലിക്കുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ പേര് മാത്രമല്ല, ബാധിച്ച batch അല്ലെങ്കില്‍ lot number, നിര്‍മാണ-കാലാവധി തീയതികള്‍, പിന്‍വലിക്കാനുള്ള കാരണം, recall classification, നിര്‍മ്മാണകേന്ദ്രം, എത്രത്തോളം വിതരണശൃംഖലയെ നടപടി ബാധിക്കുന്നു തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഗുരുതര ആരോഗ്യഭീഷണിയുള്ള Class I recall ആണെങ്കില്‍ വിതരണക്കാര്‍ക്കും റീട്ടെയിലര്‍മാര്‍ക്കും പുറമെ രോഗികളെയും ആശുപത്രികളെയും ഉള്‍പ്പെടുത്തി പൊതുജന അറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ.

എന്നാല്‍ പുറത്തുവന്ന സണ്‍ ഫാര്‍മ കത്തില്‍ ബാധിച്ച ബാച്ചുകള്‍ ഏതെന്ന് പറയുന്നില്ല. പ്രത്യേക നിര്‍മ്മാണകേന്ദ്രം വെളിപ്പെടുത്തുന്നില്ല. കണ്ടെത്തിയ പ്രശ്‌നം എന്തെന്ന് വ്യക്തമാക്കുന്നില്ല. തിരിച്ചു വിളിക്കല്‍ ഏത് വിഭാഗത്തിലാണെന്ന് പറയുന്നില്ല. രോഗികളുടെ കൈവശമുള്ള കുപ്പികള്‍ തിരികെ വാങ്ങുമോ എന്ന് വ്യക്തമല്ല. പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന വിവരമില്ല.

പ്രത്യേക ബാച്ചുകള്‍ പരാമര്‍ശിക്കാതെ പട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ 'all existing stocks' മടക്കാനാണ് നിര്‍ദേശം. അതിനാല്‍ നടപടി ചില ബാച്ചുകള്‍ക്കു മാത്രമാണോ, വിപണിയിലുള്ള മുഴുവന്‍ സ്റ്റോക്കിനും ബാധകമാണോ എന്നതിലും ആശയക്കുഴപ്പമുണ്ട്.

അപകടം കൂടുന്നത് എന്തുകൊണ്ട്?

കണ്ണിലൊഴിക്കുന്ന എല്ലാ ഔഷധങ്ങളും അണുരഹിതമായിരിക്കണം. പട്ടികയിലെ ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്നവര്‍ കുപ്പിയുടെയും പുറംപെട്ടിയുടെയും പേര്, batch number, expiry date എന്നിവ പരിശോധിക്കുകയും പാക്കിങ് ഉപേക്ഷിക്കാതിരിക്കുകയും വേണം.

ഗ്ലോക്കോമ, കണ്ണിലെ മര്‍ദ്ദം, ശസ്ത്രക്രിയാനന്തര ചികിത്സ തുടങ്ങിയവയ്ക്കായി മരുന്ന് ഉപയോഗിക്കുന്നവര്‍ സ്വമേധയാ ചികിത്സ പൂര്‍ണമായി നിര്‍ത്തുകയോ മറ്റൊരു ബ്രാന്‍ഡിലേക്ക് മാറുകയോ ചെയ്യരുത്. പട്ടികയിലുള്ള ഉല്‍പ്പന്നമാണെങ്കില്‍ മരുന്ന് നല്‍കിയ നേത്രരോഗ വിദഗ്ധനെയോ ആശുപത്രിയെയോ ഫാര്‍മസിയെയോ ഉടന്‍ ബന്ധപ്പെടണം. ആവശ്യമായ പകരം മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കണം.

വ്യക്തത വരുത്തേണ്ടത് സണ്‍ ഫാര്‍മ

കണ്ണിന്റെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളായതിനാല്‍ പൊതുവായ 'patient safety is our priority' എന്ന പ്രതികരണം മാത്രം മതിയാകില്ല. ബാധിച്ച ബാച്ചുകളും പരിശോധനയില്‍ കണ്ടെത്തിയ പ്രശ്‌നവും രോഗികള്‍ സ്വീകരിക്കേണ്ട കൃത്യമായ നടപടിയും സണ്‍ ഫാര്‍മയും ഔഷധ നിയന്ത്രണ അധികൃതരും പരസ്യപ്പെടുത്തേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT