ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. ഇന്ത്യക്കാരുടെ കാര്യം പറയാനുമില്ല. എളുപ്പത്തിൽ ലഭ്യമാകുകയും പോഷകഗുണം കൂടുതലായിരിക്കുകയും ചെയ്യുന്നതിനാൽ, ഇത് കോടിക്കണക്കിന് ആളുകളാണ് ദിവസവും ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് ലോകവിപണിയെ നിയന്ത്രിക്കുന്ന കാവൻഡിഷ് വാഴ ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. റോബസ്റ്റ ഇനത്തിൽ പെട്ട വാഴയാണിത്. Fusarium wilt Tropical Race 4 (TR4) എന്ന ഫംഗസ് രോഗം ലോകമെമ്പാടും പടരുകയാണ്. ഇത് വാഴത്തോപ്പുകൾ നശിപ്പിക്കുന്നു. കർഷകരുടെ വരുമാനത്തെ ബാധിക്കുകയും, ആഗോള ഭക്ഷ്യവ്യവസ്ഥയേയും ബാധിക്കാനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നു.
TR4 എന്നത് Fusarium oxysporum എന്ന ഫംഗസിന്റെ ഒരു ഭീകര വകഭേദമാണ്. വേരുകൾ വഴി സസ്യത്തിൽ കയറുന്നു. ജലവും പോഷകങ്ങളും എത്തിക്കുന്ന തണ്ട് നശിപ്പിക്കുന്നു. ഇലകൾ മഞ്ഞയായി വാടുകയും ഒടുവിൽ വാഴ കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിന് ഫലപ്രദമായ മരുന്നില്ല. ഈ ഫംഗസിന് മണ്ണിൽ 20–30 വർഷത്തിലേറെ ജീവിക്കാൻ കഴിയും. മലിനമായ മണ്ണ്, വെള്ളം, കൃഷി ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയെല്ലാം വഴി ഇത് കടന്നുവരാം. ഒരിക്കൽ ഒരിടത്ത് വന്നുപെട്ടാൽ, ആ സ്ഥലത്ത് വീണ്ടും വാഴ കൃഷി നടത്തുന്നത് പ്രായോഗികമല്ല. ഒരേ രോഗം വന്നാൽ മുഴുവൻ കൃഷിയും അപകടത്തിലാകും. ഒരിക്കൽ ലോകവിപണിയെ നിയന്ത്രിച്ചിരുന്ന Gros Michel വാഴ ഇനവും ഇത്തരത്തിൽ തന്നെ നശിച്ചു. അതിന് പകരമാണ് കാവൻഡിഷ് വന്നത്. ഇപ്പോൾ കാവൻഡിഷിനും അതേ ഭീഷണി.
തെക്കുകിഴക്കേഷ്യ, ദക്ഷിണേഷ്യ (ഇന്ത്യ ഉൾപ്പെടെ), ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക (കൊളംബിയ, പെറു) എന്നിവിടങ്ങളിൽ ഈ ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ലോകത്ത് വാഴക്കുല കയറ്റുമതിയുടെ 95% കാവൻഡിഷ് എന്ന ഒറ്റയിനത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഈ വാഴ അന്യം നിന്നു പോയാൽ എന്തു സംഭവിക്കുമെന്ന് അതിൽ നിന്നു തന്നെ ഊഹിക്കാം. ചില രാജ്യങ്ങളിൽ വാഴ കൃഷിയിടങ്ങൾ ഉപേക്ഷിച്ചു. ഭക്ഷ്യസുരക്ഷാ ആശങ്കയുടെ പ്രശ്നം പുറമെ.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാഴ ഉത്പാദക രാജ്യമാണ്. എന്നാൽ അതുമുഴുവൻ തന്നെ ഇന്ത്യക്കാർ കഴിച്ചു തീർക്കുകയാണെന്നു പറയാം. നമ്മുടെ വാഴകൃഷിയിൽ പകുതിയും റോബസ്റ്റ ഇനങ്ങളാണ്. ഇതിനകം TR4 കണ്ടെത്തിയ സംസ്ഥാനങ്ങൾ: ബിഹാർ, യു.പി, ഗുജറാത്ത്, മധ്യപ്രദേശ്. മറ്റ് ചില സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ട്. രോഗം ഇപ്പോഴും നിയന്ത്രണ വിധേയമെങ്കിലും സ്ഥിരമായി നിലനിൽക്കുന്ന ഭീഷണിയാണ്.
ഉത്പാദന നഷ്ടം: 30–70% വരെ വിളവെടുപ്പ് നഷ്ടം. ചില സ്ഥലങ്ങളിൽ പൂർണ്ണ നഷ്ടം
ഭൂമി ഉപയോഗശൂന്യം: ദശാബ്ദങ്ങളോളം വാഴ കൃഷിക്ക് അനുയോജ്യമല്ല
ചെലവ് വർധന: രോഗനിയന്ത്രണ ചെലവ്, പുതിയ വാഴ, ശുചിത്വ നടപടികൾ
ചെറിയ കർഷകർക്ക് വലിയ ആഘാതം: വരുമാന നഷ്ടം, കടബാധ്യത.
വിപണി പ്രതിസന്ധി: ലഭ്യത കുറയും, വിലയിൽ അസ്ഥിരത, പ്രോസസ്സിംഗ് മേഖലക്കും ആഘാതം.
മാറ്റം എളുപ്പമല്ല: മറ്റു വാഴ ഇനങ്ങൾക്കും രോഗസാധ്യത.
ഈ പ്രതിസന്ധി ഒരു വലിയ സത്യം കൂടി വിളിച്ചു പറയുന്നുണ്ട്. ഒറ്റയിനം കൃഷിയെ ആശ്രയിക്കുന്നത് അപകടകരമാണ്. വൈവിധ്യമില്ലെങ്കിൽ ഒരു രോഗം മുഴുവൻ സംവിധാനത്തെയും തകർക്കും. കാവൻഡിഷ് വാഴ നാളെ തന്നെ ഇല്ലാതാകില്ല. എന്നാൽ അതിന്റെ ഭാവി അനിശ്ചിതമാണ്. ഇത് ഒരു പഴത്തിന്റെ കഥയല്ല. നമ്മുടെ ഭക്ഷ്യസുരക്ഷയുടെ ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പു കൂടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine