Image courtesy: canva 
Health

ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ വേണം, കളിയും തമാശയും

ജീവനക്കാര്‍ക്ക് സംതൃപ്തിയോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കാം

Jimson David C

വര്‍ഷങ്ങള്‍ക്കു മുമ്പ് ജപ്പാനില്‍ തുടങ്ങിയ ഒരു റെസ്റ്ററന്റിനെക്കുറിച്ച് ഞാന്‍ വായിക്കാന്‍ ഇടയായി. ഒരുപാട് ബിസിനസ്, ഓഫീസ് സമുച്ചയങ്ങള്‍ക്ക് അരികില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ റെസ്റ്റൊറന്റിന് ഒരു പ്രത്യേകതയുണ്ട്. ഭക്ഷണം കഴിച്ച ശേഷം കഴിക്കാന്‍ ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസുകളും എറിഞ്ഞുടക്കാനുള്ള സൗകര്യം അവിടെത്തന്നെ തയാറാക്കിയിരുന്നു. ഇത് ആദ്യം വായിച്ചപ്പോള്‍ എന്തായിരിക്കാം ഇത്തരം ഒരു കാര്യത്തിന്റെ ആകര്‍ഷണീയത എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

ജപ്പാന്‍ക്കാര്‍ പൊതുവേ കൃത്യനിഷ്ഠതയോടെയും സമയബന്ധിതമായും വിട്ടുവീഴ്ചയില്ലാതെയും ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അവിടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലും ഓഫീസുകളിലും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്തിരുന്ന ഒരുപാട് പേരുണ്ടായിരുന്നു. തിരക്കും സമ്മര്‍ദ്ദവുമേറിയ ജോലികള്‍ക്ക് ശേഷം ഈ റെസ്റ്റൊറന്റില്‍ വന്ന് ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ എറിഞ്ഞുടക്കുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയുന്നതായി അനുഭവപ്പെടാറുണ്ടത്രേ.

ജിംനേഷ്യം, ഷവര്‍ റൂം, ഗെയിംസ് റൂം

പുതുതലമുറ കമ്പനികള്‍ പലതിലും ജോലികള്‍ക്കിടയില്‍ ബ്രേക്ക് എടുത്ത് മനസിനെ ഫ്രഷ് ആക്കാനുള്ള പല കാര്യങ്ങളും ക്രമീകരിക്കാറുണ്ട്. ജിംനേഷ്യം, ഷവര്‍ റൂം, ഗെയിംസ് റൂം തുടങ്ങിയവ ഇതില്‍ ചിലതാണ്. ഒരു സ്ഥാപനത്തിന്റെ സംസ്‌കാരവും ജോലി സ്ഥലത്തെ അന്തരീക്ഷവുമാണ് അവിടെ ജോലി ചെയ്യുന്നവരുടെ മാനസിക നിലയെ ഏറ്റവും അധികം ബാധിക്കുന്നത്. സ്വാഭാവികമായി സംഭവിക്കുന്ന ചെറിയ വീഴ്ചകളെയും കുറവുകളെയും വലിയ പ്രശ്നങ്ങളാക്കി കാണുന്ന രീതി പലയിടത്തും ഉണ്ട്.

അതുപോലെ പലപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അനാവശ്യമായി ധൃതി പിടിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും ജോലി ചെയ്യിക്കുന്നതാണ് ഉചിതമെന്ന് തെറ്റായി ധരിക്കുന്നവരാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പുറമേ വ്യക്തിപരവും സാമൂഹ്യവും സാമ്പത്തികവുമായ പല കാരണങ്ങള്‍ കൊണ്ടും ഒരു ജീവനക്കാരനോ, ഒരുകൂട്ടം ജീവനക്കാരോ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നുണ്ടാവാം.

കാരണങ്ങള്‍ എന്തുതന്നെയായാലും ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ ജോലി ചെയ്യുമ്പോള്‍ ജീവനക്കാരുടെ കാര്യക്ഷമതയും ചെയ്യുന്ന ജോലികളുടെ ആത്യന്തിക ഫലങ്ങളും മോശമാവും എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതിനാല്‍ തന്റെ സ്ഥാപനത്തില്‍ അനാവശ്യമായി ഉണ്ടാകുന്ന ജോലി സമ്മര്‍ദ്ദം പരമാവധി കുറയ്ക്കുക എന്നത് ഏതൊരു സംരംഭകന്റെയും ലക്ഷ്യമായിരിക്കണം.

മാനസിക നില മെച്ചപ്പെടുത്താം

നിരന്തരം ഒരേ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക്, അവരുടെ താല്‍പ്പര്യം കണക്കിലെടുത്ത് ഇടയ്ക്ക് തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ജോലി നല്‍കാവുന്നതാണ്. ജീവനക്കാര്‍ക്ക് പരസ്പരം സഹകരിച്ച് ചെയ്യാവുന്ന ചില കാര്യങ്ങള്‍. ഉദാഹരണത്തിന്: ചെടികളുടെ പരിപാലനം, ചെറിയ രീതിയിലുള്ള കൃഷികള്‍ എന്നിവ ആലോചിക്കാവുന്നതാണ്.

ഇടവേളകളില്‍ പരസ്പരം സംസാരിക്കാനും ഇടപെടാനും പറ്റിയ ഇടങ്ങള്‍ സാധ്യമാകും വിധം ക്രമീകരിക്കേണ്ടതാണ്. ഇരിപ്പിടങ്ങളും മറ്റു ക്രമീകരണങ്ങളും ഒരു നിശ്ചിത ഇടവേളകളില്‍ മാറ്റുന്നത് നല്ലതാണ്. പല നൂതന ഓഫീസുകളിലും സ്ഥിരമായി ആര്‍ക്കും ഇരിപ്പിടങ്ങള്‍ ഇല്ല. എല്ലായിടത്തും ഇത് പ്രായോഗികം അല്ലെങ്കിലും കഴിയുന്നതുപോലെ ഇത്തരം കാര്യങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരുന്നത് നല്ലതാണ്.

അനുഭവ പരിചയമുള്ള ഒരു സൈക്കോളജിസ്റ്റിന്റെ സേവനം സ്ഥാപനത്തില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ സ്ഥാപനത്തില്‍ വരികയും ജീവനക്കാരുമായി കൗണ്‍സിലിംഗ് സെക്ഷന്‍ നടത്തുന്നതും വളരെ ഫലപ്രദമാണെന്നാണ് ഞങ്ങള്‍ക്ക് അനുഭവത്തില്‍ നിന്നും മനസിലായത്. ഞങ്ങളുടെ ടീമിലും ഒരു കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT