canva
Lifestyle

'സമയമില്ല', 'ചെയ്യാൻ കഴിയില്ല': ഒഴിവുകഴിവുകൾ പറഞ്ഞ് കാര്യങ്ങൾ നീട്ടിവെക്കാറുണ്ടോ? ഇതാ പരിഹാരം

മടിയും ഭയവും മാറ്റിവെച്ച് ലക്ഷ്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രശസ്ത എഴുത്തുകാരൻ സ്കോട്ട് എച്ച്. യംഗ് നിർദേശിക്കുന്ന രണ്ടുഘട്ട തന്ത്രങ്ങൾ

Dhanam News Desk

'എനിക്ക് ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല', 'ഇത് ചെയ്താലും ശരിയാകാന്‍ സാധ്യതയില്ല', 'എനിക്ക് സമയമില്ല'... നമ്മളില്‍ ഭൂരിഭാഗം പേരും ജീവിതത്തില്‍ എന്നെങ്കിലും ഇത്തരം ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടുണ്ടാകും. കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കുന്നതിന് പകരം, എന്തുകൊണ്ട് അത് ചെയ്യാന്‍ സാധിച്ചില്ല എന്ന് ന്യായീകരിക്കാനാണ് പലപ്പോഴും നമ്മള്‍ ശ്രമിക്കുന്നത്.

ഒഴിവുകഴിവുകള്‍ പറയുന്നവരെ മടിയന്മാരെന്നോ ആത്മവിശ്വാസമില്ലാത്തവരെന്നോ വിളിക്കുന്നത് ശരിയായ ഒരു സമീപനമല്ല. കാരണം നമ്മളെല്ലാവരും എപ്പോഴെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞിട്ടുള്ളവരാണ്. അതേസമയം തന്നെ, ചില കാര്യങ്ങള്‍ നീട്ടിവെക്കാതെ വേഗത്തില്‍ ചെയ്തുതീര്‍ത്ത അനുഭവങ്ങളും നമുക്കുണ്ടാകും. ഇതിന് പിന്നിലെ പ്രധാന കാരണം കേവലം 'മനക്കരുത്ത്' (Willpower) മാത്രമല്ല. മനക്കരുത്ത് എന്നത് എപ്പോഴും നമ്മുടെ പൂര്‍ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഒന്നല്ല.

പ്രശസ്ത കാനഡിയന്‍ എഴുത്തുകാരനും ബ്ലോഗറും, ലേണിംഗ് എക്‌സ്‌പെര്‍ട്ടുമായ സ്‌കോട്ട് എച്ച്. യങ്ങിന്റെ അഭിപ്രായത്തില്‍ ഒഴിവുകഴിവുകള്‍ പറയുന്ന സ്വഭാവം മാറ്റിയെടുക്കാന്‍ പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്.

1. മുന്‍ഗണനകള്‍ കൃത്യമായി നിശ്ചയിക്കുക

ജീവിതത്തില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ വ്യക്തമായ മുന്‍ഗണനകള്‍ ഇല്ലാത്തതുകൊണ്ടാണ് നമ്മള്‍ ഒഴിവുകഴിവുകള്‍ കണ്ടെത്തുന്നത്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കണം.

മുന്‍ഗണനകളെ പ്രധാനമായും രണ്ടായി തിരിക്കാം.

  • പ്രധാന ലക്ഷ്യം (Major Focus): നിങ്ങളുടെ ഊര്‍ജ്ജവും ശ്രദ്ധയും ഏറ്റവും കൂടുതല്‍ നല്‍കേണ്ട ഒരു പ്രധാന ലക്ഷ്യം തിരഞ്ഞെടുക്കുക. (ഉദാഹരണത്തിന്: കരിയര്‍, ബിസിനസ്, അല്ലെങ്കില്‍ പഠനം).

  • സാധാരണ ലക്ഷ്യങ്ങള്‍ (Minor Focus): ആരോഗ്യം, സൗഹൃദങ്ങള്‍, വിനോദം തുടങ്ങിയ മറ്റ് കാര്യങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കാതെ തന്നെ, അവയെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക.

നിങ്ങള്‍ക്ക് വ്യക്തമായ മുന്‍ഗണനാ പട്ടികയുണ്ടെങ്കില്‍, തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാകും. ഒരു പ്രധാന കാര്യവും നിസാരമായ കാര്യവും തമ്മില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് പ്രധാനപ്പെട്ട കാര്യം നീട്ടിവെക്കാന്‍ നിങ്ങളുടെ മനസ് മുതിരില്ല.

2. വിഷമകരമായ ഘട്ടങ്ങളെ ചെറുതാക്കി മാറ്റുക

മറ്റൊരു പ്രധാന കാരണം പരാജയത്തോടും അസ്വസ്ഥതകളോടുമുള്ള ഭയമാണ്. ഒരു വലിയ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ റിസ്‌ക് എടുക്കേണ്ടി വരുമ്പോഴോ, പരാജയപ്പെടുമെന്ന ഭയം തോന്നുമ്പോഴോ മനസ് അതില്‍ നിന്ന് രക്ഷപ്പെടാന്‍ എളുപ്പവഴികളും ഒഴിവുകഴിവുകളും കണ്ടെത്തും. മടി എന്നത് പലപ്പോഴും ഭയത്തിന്റെ മറ്റൊരു രൂപമാണ്.

ഇത് മറികടക്കാന്‍ താഴെ പറയുന്ന വഴികള്‍ സ്വീകരിക്കാം:

  • പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ മടി തോന്നുന്ന വലിയൊരു കാര്യത്തെ ചെറിയ ചെറിയ ഭാഗങ്ങളായി വിഭജിക്കുക. ഉദാഹരണത്തിന്, ആയിരം പേരുടെ മുന്നില്‍ പ്രസംഗിക്കാന്‍ ഭയമാണെങ്കില്‍, ആദ്യം അടുത്ത കുറച്ച് സുഹൃത്തുക്കളുടെ മുന്നില്‍ സംസാരിച്ച് തുടങ്ങുക.

  • ഘട്ടങ്ങളായി തിരിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെങ്കില്‍, അത് ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്ന രീതിയില്‍ ചില നിബന്ധനകള്‍ വെക്കുക. ലക്ഷ്യം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സുഹൃത്തിന് പണം നല്‍കാം എന്ന് ഉറപ്പുനല്‍കുകയോ, അല്ലെങ്കില്‍ ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയോ ചെയ്യുക.

അടുത്ത തവണ ഏതെങ്കിലും ഒരു കാര്യം ചെയ്യുമ്പോള്‍ ഒഴിവുകഴിവ് പറയാന്‍ തോന്നുമ്പോള്‍ സ്വയം രണ്ട് ചോദ്യങ്ങള്‍ ചോദിക്കുക.

ഇത് എന്റെ നിലവിലെ മുന്‍ഗണനകളില്‍ (Priorities) വരുന്നതാണോ?' ഇത് ചെയ്യാനുള്ള ഭയമാണോ എന്നെ പിന്നോട്ട് വലിക്കുന്നത്? എങ്കില്‍ ഇതിനെ ചെറിയൊരു ഘട്ടമായി മാറ്റി ചെയ്യാന്‍ എനിക്ക് സാധിക്കുമോ?'

ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ ഒഴിവുകഴിവുകള്‍ മാറ്റിവെച്ച് ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Learning expert Scott H. Young outlines a practical two-step method to overcome excuses, tackle fear, and execute priorities effectively.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT