'വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടാണ് ഞാന്‍ ഈ ജോലി ചെയ്യുന്നത്' എന്ന് ചിന്തിക്കുന്ന ഒരു ജീവനക്കാരനെക്കൊണ്ട് 'എനിക്ക് ഈ ജോലിയെ ഏറെ ഇഷ്ടമാണ്' എന്ന് പറയിപ്പിക്കാന്‍ സാധിച്ചാല്‍, അതാണ് ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയം. ശമ്പളവും പ്രൊമോഷനും മാത്രം നല്‍കിയതുകൊണ്ട് മാത്രം ജീവനക്കാരില്‍ പൂര്‍ണ്ണമായ പ്രതിബദ്ധതയും ആവേശവും ഉണ്ടാക്കാനാവില്ലെന്നാണ് ഹ്യൂമന്‍ റിസോഴ്സ് (HR) വിദഗ്ധര്‍ പറയുന്നത്.
ജോലിയോടുള്ള താല്പര്യം വളര്‍ത്തുക എന്നത് കമ്പനിയുടെ മാത്രം ബാധ്യതയല്ല; മറിച്ച് മാനേജ്മെന്റും ജീവനക്കാരും ഒരുപോലെ കൈകോര്‍ക്കേണ്ട ഒരു കൂട്ടായ പരിശ്രമമാണ്.
ദിവസവും ഒരേപോലെയുള്ള വിരസമായ ജോലികള്‍ ചെയ്യുന്നതിനേക്കാള്‍, സ്വന്തം കഴിവ് തെളിയിക്കാനും വളരാനും സാധിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് മിടുക്കരായ ജീവനക്കാര്‍ ആഗ്രഹിക്കുന്നത്. തങ്ങള്‍ ചെയ്യുന്ന ജോലി സ്ഥാപനത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന ബോധ്യം അവരില്‍ ഉണ്ടാക്കിയെടുക്കണം.
റൈറ്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്സ് നടത്തിയ സര്‍വേ പ്രകാരം 83% ജീവനക്കാരെയും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് 'ജോലിയിലെ വെല്ലുവിളികളാണ്.
ഒരു ഐ.ടി (IT) കമ്പനിയിലെ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ക്ക് ദിവസവും വരുന്നത് ചെറിയ ബഗ്ഗുകള്‍ ക്ലിയര്‍ ചെയ്യാനുള്ള ജോലികള്‍ മാത്രമാണെങ്കില്‍, അവര്‍ക്ക് പെട്ടെന്ന് വിരസത തോന്നും. എന്നാല്‍ കമ്പനി ഒരു പുതിയ പ്രോജക്റ്റിന്റെ പ്രധാന കോഡിംഗ് ചുമതലയോ അല്ലെങ്കില്‍ ഒരു പുതിയ സാങ്കേതികവിദ്യ പഠിച്ച് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമോ നല്‍കിയാല്‍, അത് അവരുടെ ആവേശം കൂട്ടുകയും അവരുടെ കഴിവ് തെളിയിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും.
മികച്ച രീതിയില്‍ ജോലി ചെയ്യുന്നവരെ കൃത്യമായി തിരിച്ചറിയാനും അര്‍ഹമായ റിവാര്‍ഡുകള്‍ നല്‍കാനുമുള്ള ഒരു സുതാര്യമായ രീതി കമ്പനിയില്‍ ഉണ്ടായിരിക്കണം. ഈ സിസ്റ്റത്തില്‍ ജീവനക്കാര്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടാകണം. സ്വാധീനമോ വ്യക്തിപരമായ താല്പര്യങ്ങളോ നോക്കിയാണ് റിവാര്‍ഡുകള്‍ നല്‍കുന്നതെന്ന തോന്നല്‍ ജീവനക്കാരുടെ മനോവീര്യം കെടുത്തും.
വലിയ സാമ്പത്തിക ആനുകൂല്യങ്ങളോ ബോണസോ നല്‍കിയാല്‍ മാത്രമേ ജീവനക്കാര്‍ സന്തോഷിക്കൂ എന്നില്ല. കൃത്യസമയത്ത് ലഭിക്കുന്ന ചെറിയൊരു അഭിനന്ദനം പോലും വലിയ മാറ്റമുണ്ടാക്കും.
ഉദാഹരണത്തിന് ഒരു സെയില്‍സ് എക്സിക്യൂട്ടീവ് വലിയൊരു ക്ലയിന്റിനെ കമ്പനിയിലേക്ക് കൊണ്ടുവരുമ്പോള്‍, അടുത്ത ടീം മീറ്റിംഗില്‍ വച്ച് മാനേജര്‍ എല്ലാവരുടെയും മുന്നില്‍ വച്ച് 'ഇത് ഞങ്ങളുടെ ടീമിന് വലിയൊരു നേട്ടമാണ്, നിന്റെ കഠിനാധ്വാനത്തിന് അഭിനന്ദനങ്ങള്‍' എന്ന് പറയുന്നതും ഒരു ഇമെയില്‍ Appreciation അയക്കുന്നതും ആ ജീവനക്കാരന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
കമ്പനിയുടെ ലക്ഷ്യങ്ങള്‍, ഭാവി പദ്ധതികള്‍, അല്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് ജീവനക്കാരുമായി സുതാര്യമായി ആശയവിനിമയം നടത്തണം. ഇത് വഴി തെറ്റായ അഭ്യൂഹങ്ങളും ആശങ്കകളും ഒഴിവാക്കാനും, കമ്പനിയുടെ ഭാഗമാണെന്ന തോന്നല്‍ ജീവനക്കാരില്‍ വളര്‍ത്താനും സാധിക്കും.
ജോലിയോട് താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിലും സ്വന്തം കരിയര്‍ വളര്‍ച്ചയിലും കമ്പനിക്ക് മാത്രമല്ല, ജീവനക്കാരനും വലിയ ഉത്തരവാദിത്തമുണ്ട്.
വ്യക്തിഗത വളര്‍ച്ചാ പ്ലാനുകള്‍: ഓരോ ജീവനക്കാരനും അടുത്ത 1-2 വര്‍ഷത്തിനുള്ളില്‍ കരിയറില്‍ എവിടെയെത്തണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. സ്വന്തം മാനേജറുമായി ഇരുന്ന് വളര്‍ച്ചാ പ്ലാനുകള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ പുതിയ സ്‌കില്ലുകള്‍ പഠിച്ചെടുക്കുകയും വേണം.
കമ്പനി പരിശീലനങ്ങളില്‍ സജീവമാകുക : കമ്പനി സംഘടിപ്പിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമുകളും വര്‍ക്ക്ഷോപ്പുകളും വെറുതെ പങ്കെടുക്കുക എന്നതിനപ്പുറം പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായി കാണണം. ഇത് വിപണിയില്‍ സ്വന്തം മൂല്യം (Market Value) ഉയര്‍ത്താന്‍ സഹായിക്കും.
മുന്നോട്ട് വന്ന് അഭിപ്രായങ്ങള്‍ പറയുക : ചര്‍ച്ചകളിലും മീറ്റിംഗുകളിലും കേവലം ശ്രോതാവായിരിക്കാതെ, സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മടിക്കരുത്. പ്രശ്‌നങ്ങളെക്കുറിച്ച് പരാതിപ്പെടുന്നതിന് പകരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആളായി മാറുന്നത് സ്വയം പ്രചോദനം (Self-Motivation) നല്‍കും.
ഉദാഹരണത്തിന് ഒരു സ്ഥാപനത്തിലെ ജോലി രീതി വളരെ സമയം എടുക്കുന്നതാണെന്ന് തോന്നുമ്പോള്‍, 'ഇവിടെ എപ്പോഴും ഇങ്ങനെയാണ്' എന്ന് പരാതി പറയുന്നതിന് പകരം, 'നമുക്ക് ഈ പ്രോസസ് ഡിജിറ്റലൈസ് ചെയ്ത് സമയം ലാഭിച്ചൂടെ?' എന്ന് മാനേജരോട് നിര്‍ദ്ദേശിക്കുന്ന ജീവനക്കാരന്‍, സ്വന്തം ജോലിയെ താല്പര്യത്തോടെ സമീപിക്കാന്‍ തുടങ്ങുകയാണ് ചെയ്യുന്നത്.
ശമ്പളവും സ്ഥാനമാനങ്ങളും മാത്രം നോക്കി ജോലി ചെയ്യുന്ന രീതിയില്‍ നിന്ന് മാറി, വെല്ലുവിളികളും വളര്‍ച്ചയും പരസ്പര ബഹുമാനവും നിറഞ്ഞ ഒരു ജോലിസ്ഥലം സൃഷ്ടിച്ചെടുക്കുമ്പോള്‍ ജീവനക്കാര്‍ ജോലിയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു തുടങ്ങും.
Read DhanamOnline in English
Subscribe to Dhanam Magazine