ksrtc
Lifestyle

മൂന്നാറിലെ കാഴ്ചകള്‍ ഇനി ഡബിള്‍ ഡെക്കര്‍ ആന വണ്ടിയില്‍ കാണാം, കണ്ണാടി ബസിലെ യാത്ര എങ്ങനെ ബുക്ക് ചെയ്യും?

ദിവസവും മൂന്ന് സര്‍വീസുകളാണ് മൂന്നാറില്‍ നിന്നും ഗ്യാപ് റോഡ് വഴി ആനയിറങ്കല്‍ ഡാമിലേക്ക് നടത്തുക

Dhanam News Desk

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ഗ്യാപ്പ് റോഡിലെ കാഴ്ചകള്‍ ഉള്‍പ്പെടെ ഡബിള്‍ ഡെക്കര്‍ ബസിലിരുന്ന് ആസ്വദിക്കാം. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസ് കഴിഞ്ഞ ദിവസം മുതല്‍ ഓടിത്തുടങ്ങി. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

സര്‍വീസ് ഇങ്ങനെ

തിരുവനന്തപുരം നഗരത്തില്‍ നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഡബിള്‍ ഡെക്കര്‍ സര്‍വീസ് വിജയകരമായിരുന്നു. ഇതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്കും സമാന മാതൃകയില്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. മൂന്നാറില്‍ നിന്നും ഗ്യാപ്പ് റോഡ്-ദേവികുളം വഴി ആനയിറങ്കല്‍ ഡാമിലേക്കും തിരിച്ചുമാണ് ബസ് സര്‍വീസ് നടത്തുക. രാവിലെ ഏഴ്, പത്ത്, വൈകുന്നേരം മൂന്നര എന്നീ സമയങ്ങളിലാണ് സര്‍വീസ്. കെ.എസ്.ആര്‍.ടി.സിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റിലെത്തിയാല്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാം. 200 രൂപയാണ് ടിക്കറ്റ്. അപ്പര്‍ ബെര്‍ത്തിലെ ടിക്കറ്റിന് 400 രൂപ നല്‍കണം.

കണ്ണാടി ബസില്‍ കാഴ്ചകള്‍ കാണാം

വശങ്ങളിലും മുകള്‍ ഭാഗത്തും ഘടിപ്പിച്ചിരിക്കുന്ന ഗ്ലാസ് പാനലുകള്‍ വഴി യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തിലാണ് ബസിന്റെ ഡിസൈന്‍. മുകളില്‍ 38 പേര്‍ക്കും താഴത്തെ നിലയില്‍ 12 പേര്‍ക്കും ഒരേ സമയം യാത്ര ചെയ്യാം. ബസില്‍ മ്യൂസിക് സിസ്റ്റം, ശുദ്ധജലം, ലഘുഭക്ഷണം, എന്നിവക്ക് പുറമെ മൊബൈല്‍ ചാര്‍ജിംഗ് സംവിധാനങ്ങളുമുണ്ടാകും. ബസില്‍ അലങ്കാര ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് കത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ റോഡുകളിലൊന്നാണ് കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ ഗ്യാപ്പ് റോഡ്. മൂന്നാറില്‍ നിന്നും പൂപ്പാറ വഴി ബോഡിമെട്ടിലേക്ക് നീളുന്ന മുപ്പത് കിലോമീറ്ററോളം വരുന്ന റോഡിലൂടെയുള്ള യാത്ര മൂന്നാറിലെത്തുന്ന മിക്ക സഞ്ചാരികളും ഒഴിവാക്കാറില്ല.

പ്രതിഷേധവുമായി ടാക്‌സി ഡ്രൈവര്‍മാര്‍

അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തങ്ങളുടെ ജീവിതോപാധി നശിപ്പിക്കുമെന്ന് ആരോപിച്ച് മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചു. മന്ത്രിയെ തടയാന്‍ ശ്രമിച്ച തൊഴിലാളികളെ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല പുതിയ ബസ് സര്‍വീസെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദേശ വിനോദസഞ്ചാരികള്‍ക്ക് പോലും ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് പുതിയൊരു അനുഭവമാകണം. മൂന്നാറില്‍ നിന്നും വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബസ് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT