Lifestyle

അടുക്കള മുതൽ അഭിനയത്തിലേക്ക്; ഇഷ്ടങ്ങളും തീരുമാനങ്ങളും തുറന്നുപറഞ്ഞ് ലിജോമോൾ ജോസ്

സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുകയെന്നത് ഓരോ സെറ്റിന്റെയും അനിവാര്യതയായി മാറിയിട്ടുണ്ടിപ്പോള്‍

Dhanam News Desk

ഇഷ്ടമുള്ള കാര്യം ചെയ്ത് ജീവിക്കാന്‍ കഴിയുന്നതില്‍ അഭിമാനം

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

വീട്ടിലുള്ള സമയമാണെങ്കില്‍ അല്‍പം ചൂടുവെള്ളം കുടിച്ച് 10 മിനിറ്റ് ഇരുന്നിട്ട് നേരെ അടുക്കളയില്‍ കയറും.

സാധാരണ പ്രാതല്‍ വിഭവങ്ങള്‍ എന്തൊക്കെയാണ്?

ഇഡ്ഡലി, ദോശ, പുട്ട്... അങ്ങനെ എല്ലാം ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യും. മുമ്പ് ഇഡ്ഡലിയോട് വലിയ പ്രിയമില്ലായിരുന്നു. ഇപ്പോള്‍ അതിനോടൊരു ഇഷ്ടക്കൂടുതലുണ്ട്.

പ്രിയപ്പെട്ട മധുരം/ഡിസേര്‍ട്ട് ഏതൊക്കെയാണ്?

അമ്മ ഉണ്ടാക്കുന്ന അരിപ്പായസം.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

കരിയറില്‍ ഇപ്പോള്‍ ലഭിക്കുന്ന സ്പേസ് തന്നെയാണ് നേട്ടം.

ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്?

പലപ്പോഴായി പലരുടെയും സ്വാധീനമുണ്ടായിട്ടുണ്ട്. അങ്ങനെ ഒരാളെ എടുത്തുപറയാന്‍ ബുദ്ധിമുട്ടാണ്.

ജീവിതത്തിലെ ഏറ്റവും വലിയ ഖേദം?

ഞാന്‍ എടുത്ത ചില തീരുമാനങ്ങളില്‍ ഇപ്പോള്‍ എനിക്ക് ഖേദമുണ്ട്.

പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഏതൊക്കെ?

എംടിയുടെ വാനപ്രസ്ഥം ഒരുപാടിഷ്ടമാണ്. ആര്‍. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ, സാറാ ജോസഫിന്റെ ആളോഹരി ആനന്ദം എന്നിവ അടുത്തകാലങ്ങളില്‍ വായിച്ചവയില്‍ ഏറെ ഇഷ്ടം തോന്നിയ പുസ്തകങ്ങളാണ്.

ചെറുപ്പത്തില്‍ ഒരുപാട് തവണ വായിച്ച ഡാനിയല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയും അത്തരത്തില്‍ പ്രിയപ്പെട്ട ഒന്നാണ്.

ആഹ്ലാദകരമായ ഒരു ബാല്യകാലസ്മരണ ഓര്‍ത്തെടുക്കാമോ?

എന്റെ നാട്, വീട്. അതിനെക്കുറിച്ചുള്ള ഓര്‍മകള്‍.

മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?

വീട്ടിലുള്ളപ്പോള്‍ വൈകി എണീക്കുന്ന ശീലം.

ഏറ്റവും വലിയ അഭിമാനം എന്താണ്?

ഇഷ്ടമുള്ള കാര്യം ചെയ്ത് ജീവിക്കാന്‍ കഴിയുന്നു എന്നതില്‍.

ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് എന്തിനാണ്?

തുടര്‍ച്ചയായി സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍.

ജീവിതത്തിലെടുത്ത ഏറ്റവും പ്രധാന തീരുമാനം?

സിനിമയില്‍ തന്നെ തുടരാനെടുത്ത തീരുമാനം.

സിനിമയിലെ സ്ത്രീ സുരക്ഷ എങ്ങനെയാണ്?

സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കുകയെന്നത് ഓരോ സെറ്റിന്റെയും അനിവാര്യതയായി മാറിയിട്ടുണ്ടിപ്പോള്‍. പ്രത്യേകിച്ചും മലയാള സിനിമയില്‍. അതിനായി ഓരോ സെറ്റിലും പ്രത്യേകം കമ്മിറ്റിയുണ്ടാകും.

അഭിനയം മികച്ചതാക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാറുണ്ട്?

നല്ല പെര്‍ഫോമന്‍സുകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. എന്റെ തന്നെ പോരായ്മകള്‍ തിരിച്ചറിയാനും തിരുത്താനും ശ്രമിക്കാറുണ്ട്. എനിക്ക് ഗുണകരമാകുന്ന വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാറുണ്ട്.

തമിഴ്, മലയാളം സിനിമ സെറ്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്?

രണ്ട് ഇന്‍ഡസ്ട്രിയിലെയും വര്‍ക്കിങ് കള്‍ച്ചറുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഒഴിവ് സമയങ്ങളില്‍ എന്ത് ചെയ്യാനാണ് ഇഷ്ടം?

കൂടുതലും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കിഷ്ടം.

(Originally published in Dhanam Magazine September 30, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT