ജീവിതത്തിന്റെ അർത്ഥം എന്താണെന്ന ചോദ്യത്തെ ആഴത്തിൽ പരിശോധിക്കുന്ന ഈ ലേഖനം, ‘കോൺവേഴ്സേഷൻസ് വിത്ത് ഗോഡ്’ പുസ്തകത്തിലൂടെ ലഭിച്ച തിരിച്ചറിവുകളെ ആധാരമാക്കുന്നു. ജീവിതത്തിലെ സംഭവങ്ങൾ നിഷ്പക്ഷമാണെന്നും, അവയ്ക്ക് അർത്ഥം നൽകുന്നത് നമ്മുടെ കാഴ്ചപ്പാടാണെന്നും വിശദീകരിക്കുന്നു. സ്റ്റീവ് ജോബ്സിന്റെ അനുഭവം ഉദാഹരണമായി ഉപയോഗിച്ച്, ഓരോരുത്തരും സ്വന്തം ജീവിതത്തിന് അർത്ഥം സൃഷ്ടിക്കണമെന്ന ചോദ്യവുമുയർത്തുന്നു.
നിങ്ങള്‍ വെറുതെയിരിക്കുന്ന നിമിഷങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ സുഹൃത്തുക്കളുമായി രാത്രി വൈകി ഈ വിഷയത്തെക്കുറിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ?
നാം ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു... ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും അര്‍ത്ഥം ഉണ്ടായിരിക്കാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകാം. എനിക്ക് ചെറുപ്പം മുതല്‍ തന്നെ ജീവിതം എന്താണെന്ന് അറിയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് യഥാര്‍ത്ഥമാണോ, അതോ ഇതൊരു സ്വപ്‌നമാണോ? - ചെറുപ്പകാലത്ത് എന്റെ മനസില്‍ പലതവണ ഉയര്‍ന്നുവന്ന ചോദ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
ഒടുവില്‍, 'കോണ്‍വര്‍സേഷന്‍സ് വിത്ത് ഗോഡ്' (Conversation with God by Neale Donald Walsch) എന്ന പുസ്തക പരമ്പര, കുട്ടിക്കാലത്ത് ഞാന്‍ തേടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ നല്‍കി. ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്നതിനെക്കുറിച്ച് വളരെ രസകരമായ ഒരു വീക്ഷണവും ആ പുസ്തകങ്ങള്‍ എനിക്ക് നല്‍കി.
ചുരുക്കിപ്പറഞ്ഞാല്‍ 'ജീവിതത്തിന് അര്‍ത്ഥമില്ല.' ഈ പ്രസ്താവനയിലൂടെ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാം. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിക്ക കാര്യങ്ങള്‍ക്കും അര്‍ത്ഥം കല്‍പിച്ചു നല്‍കാന്‍ നമ്മള്‍ മനുഷ്യര്‍ക്ക് ഒരു പ്രവണതയുണ്ട്. എന്നിരുന്നാലും, ചിന്തിച്ചുനോക്കിയാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നിഷ്പക്ഷ (ന്യൂട്രല്‍)മാണ്. നല്ലതോ, ചീത്തയോ എന്നൊന്നില്ല. അവയില്‍ അന്തര്‍ലീനമായ അര്‍ത്ഥങ്ങളൊന്നുമില്ല. ഏത് സംഭവത്തെയും നാം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം ഇരിക്കുന്നത്.
ഷേക്സ്പിയര്‍ പറഞ്ഞതുപോലെ, 'നല്ലതോ ചീത്തയോ ആയി ഒന്നുമില്ല, ചിന്തകളാണ് അതിനെ അങ്ങനെയാക്കുന്നത്'. സ്റ്റീവ് ജോബ്സിന്റെ കാര്യമെടുക്കാം. ആപ്പ്ള്‍ കമ്പനി സ്ഥാപിച്ച് അര ദശകത്തിലേറെ കഴിഞ്ഞപ്പോള്‍, ജോബ്സ് താന്‍ ആരംഭിച്ച കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തനിക്ക് അങ്ങനെ സംഭവിച്ചതില്‍ അദ്ദേഹം കോപാകുലനായിരുന്നു. സിലിക്കണ്‍ വാലിയില്‍ നിന്ന് ഓടിപ്പോകാന്‍ പോലും അദ്ദേഹം ചിന്തിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ബിരുദദാന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്; ''എന്റെ മുഴുവന്‍ ജീവിതത്തിന്റെയും ഫോക്കസ് തന്നെ ഇല്ലാതായി, അത് വളരെ വേദനാജനകമായിരുന്നു... ഞാന്‍ എല്ലാവരുടെയും മുന്നില്‍ പരാജയപ്പെട്ടവനായി മാറി. ആ മാസങ്ങളില്‍ എന്തുചെയ്യണമെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു, മുന്‍ തലമുറയിലെ സംരംഭകരെ ഞാന്‍ നിരാശപ്പെടുത്തിയെന്നും അവര്‍ കൈമാറിത്തന്ന ബാറ്റണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീണുപോയി എന്നും എനിക്ക് തോന്നി.''
എന്നിരുന്നാലും, പതിറ്റാണ്ടുകള്‍ക്ക് ശേഷം അദ്ദേഹം ആ സംഭവത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അതിന് മറ്റൊരു അര്‍ത്ഥം വന്നുചേര്‍ന്നു. ''അന്ന് എനിക്കത് മനസിലായില്ല, പക്ഷേ ആപ്പിളില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന് പിന്നീട് തെളിഞ്ഞു. വിജയത്തിന്റെ ഭാരം, വീണ്ടും ഒരു തുടക്കക്കാരനാകാനുള്ള ലാളിത്യത്തിന് വഴിമാറി. എല്ലാ കാര്യങ്ങളെക്കുറിച്ചും എനിക്ക് മുമ്പത്തേക്കാള്‍ ഉറപ്പ് കുറവായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സര്‍ഗാത്മകമായ കാലഘട്ടങ്ങളിലൊന്നിലേക്ക് കടക്കാന്‍ അത് എനിക്ക് സ്വാതന്ത്ര്യം നല്‍കി,'' അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍, അദ്ദേഹത്തെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ സഹജമായ യാതൊരു അര്‍ത്ഥവുമില്ലായിരുന്നു. സ്റ്റീവ് ജോബ്സ് തന്നെയായിരുന്നു ആ സംഭവത്തിന് ഒരു അര്‍ത്ഥം നല്‍കിയത്, അല്ലാതെ ജീവിതമല്ല. ആ സംഭവം മാറിയില്ല, പകരം അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാണ് മാറിയത്. ഇതില്‍ നിന്ന് മനസിലാകുന്നത്, എല്ലാ സംഭവങ്ങളും ന്യൂട്രല്‍ ആണെന്നാണ്. അതുപോലെ, ജീവിതത്തില്‍ കണ്ടെത്താന്‍ മറഞ്ഞിരിക്കുന്ന പ്രത്യേക അര്‍ത്ഥങ്ങളൊന്നുമില്ല. കാരണം നാം നല്‍കുന്നതോ, അനുവദിക്കുന്നതോ ആയ അര്‍ത്ഥമല്ലാതെ മറ്റൊന്നും ഇവിടെ അര്‍ത്ഥവത്തല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതം സംഭവങ്ങള്‍ക്ക് യാതൊരു അര്‍ത്ഥവും കല്‍പിച്ചു നല്‍കുന്നില്ല. നമ്മുടെ സ്വന്തം ചിന്തകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും നമ്മളാണ് അത് ചെയ്യുന്നത്.
അത് വലിയൊരു ആശ്വാസമാണ്. കാരണം നമ്മുടെ ജീവിതത്തിന് സ്വന്തമായി അര്‍ത്ഥം സൃഷ്ടിക്കാനുള്ള അവസരം ഇത് നമുക്ക് നല്‍കുന്നു. അതുകൊണ്ട് യഥാര്‍ത്ഥ ചോദ്യം, ജീവിതത്തിന്റെ അര്‍ത്ഥം എന്താണെന്നല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തിന് നിങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന അര്‍ത്ഥം എന്താണെന്നാണ്?
Read DhanamOnline in English
Subscribe to Dhanam Magazine