Lifestyle

ഇന്ത്യയിലെ വില കൂടിയ കാര്‍ അംബാനി-അദാനിമാരുടെ കൈയിലല്ല, പിന്നെയോ?

ഈയിടെയാണ് ഈ വ്യവസായി മുംബൈയില്‍ 750 കോടിയുടെ മാന്‍ഷന്‍ വാങ്ങിയത്

Dhanam News Desk

ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച കാര്‍ മുകേഷ് അംബാനിയുടെയോ ഗൗതം അദാനിയുടെയോ കൈയില്‍ അല്ല. ഈ കാറിന്റെ വില എത്രയെന്ന് ചിന്തിച്ചു നേരം കളയേണ്ട. 22 കോടി രൂപയാണ് വില. റോള്‍സ് റോയ്‌സ് ഫാന്റം എട്ട് ഇ.ഡബ്ല്യു.ബി ഇനത്തില്‍ പെട്ട ഈ കാറുമായി നടക്കുന്നത് വന്‍കിട കോടീശ്വരനും വ്യവസായിയുമായ യോഹന്‍ പൂനവാല.

കാര്‍ ഭ്രാന്തന്‍ തന്നെയാണ് പൂനവാല. അത്യാഡംബര ജീവിത ശൈലിയുടെ ഉടമ. വിലപിടിച്ച കാര്‍, എസ്‌റ്റേറ്റ് എന്നിവ മാത്രമല്ല, സ്വകാര്യ ജെറ്റ് തന്നെ സ്വന്തമായുണ്ട്. കാറുകളുടെ കൂട്ടത്തില്‍ ലംബോര്‍ഗിനിയും ഫറാരിയും ബെന്റ്‌ലെയുമൊക്കെയുണ്ട്. ഈയിടെയാണ് തെക്കന്‍ മുംബൈയില്‍ 750 കോടി രൂപ വിലമതിക്കുന്ന 30,000 ചതുരശ്രയടി മാന്‍ഷന്‍ വാങ്ങിയത്.

ഈ കാറിന്റെ പിന്‍സീറ്റ് സ്വകാര്യമായ സ്യൂട്ട് തന്നെയാണ്. ഇത്തരത്തില്‍ സജ്ജീകരിക്കാന്‍ യോഹന്‍ പൂനവാല, റോള്‍സ് റോയ്‌സ് കമ്പനിയില്‍ നേരിട്ടു പോവുക തന്നെ ചെയ്തു. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ കൈയിലുള്ള റോള്‍സ് റോയ് ഫാന്റം ഇനം കാറിന് വെറും 12 കോടി മാത്രം. പഴയതും പുതിയതുമായ 22 റോള്‍സ് റോയ്‌സ് കാറുകള്‍ യോഹന്‍ പൂനവാലയുടെ പക്കലുണ്ട്.

ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍ ഒ മാറ്റിക് ഇന്ത്യ, പൂനവാല ഫിനാന്‍ഷ്യല്‍സ് എന്നിവയുടെ ചെയര്‍മാനാണ് യോഹന്‍ പൂനവാല. പൂനവാല റേസിംഗ് ആന്റ് ബ്രീഡിംഗ്, പൂനവാല സ്റ്റഡ് ഫാംസ് എന്നിവയുടെ ഡയറക്ടര്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഓഹരി പങ്കാളിയുമാണ് 52കാരനായ യോഹന്‍ പൂനവാല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT