FB: Punjab Kings
Lifestyle

ഐപിഎൽ കിരീടമില്ലെങ്കിലും പഞ്ചാബ് കിങ്‌സിന് ₹1,200 കോടിയുടെ ബിസിനസ് സാമ്രാജ്യം; ലാഭക്കണക്കിന് പിന്നിലെ രഹസ്യം ഇതാണ്

പഞ്ചാബ് കിങ്‌സിന്റെ ആസ്തി മൂല്യം 1,195 കോടി രൂപ കടന്നിരിക്കുകയാണ്

Dhanam News Desk

ഐപിഎൽ ആരംഭിച്ച 2008 മുതൽ പഞ്ചാബ് കിങ്‌സ് (Punjab Kings) ടൂർണമെന്റിന്റെ ഭാഗമാണ്. എന്നാൽ ഇതുവരെ ട്രോഫി ഷെൽഫിൽ ഒരു കിരീടം പോലും എത്തിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഓരോ സീസണിലും പരാജയങ്ങൾ ഏറ്റുവാങ്ങുമ്പോഴും ബിസിനസ് രംഗത്ത് പഞ്ചാബ് കിങ്‌സ് വൻ കുതിപ്പാണ് നടത്തുന്നത്.

മിന്റ് (Mint) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പഞ്ചാബ് കിങ്‌സിന്റെ ആസ്തി മൂല്യം 1,195 കോടി രൂപ കടന്നിരിക്കുകയാണ്. കേവലം ഒരു വർഷത്തിനുള്ളിൽ ഏകദേശം 40 ശതമാനത്തോളമാണ് ഫ്രാഞ്ചൈസിയുടെ മൂല്യത്തിലുണ്ടായ വർധന. ഒരു കിരീടം പോലും നേടാത്ത ടീമിന് എങ്ങനെ ഈ നേട്ടം കൈവരിക്കാൻ കഴിയുന്നു എന്നത് കൗതുകകരമാണ്.

റെവന്യൂ ഷെയറിംഗ് മോഡൽ

ഐപിഎല്ലിന്റെ സാമ്പത്തിക ഘടനയാണ് പഞ്ചാബ് കിങ്‌സിനെ തുണയ്ക്കുന്ന പ്രധാന ഘടകം. ഓരോ ഐപിഎൽ ടീമിനും ബിസിസിഐയുടെ (BCCI) കേന്ദ്രീകൃത സംപ്രേക്ഷണ വരുമാനത്തിന്റെ (Central broadcasting revenue) ഒരു വിഹിതം ലഭിക്കുന്നു. നിലവിലെ മീഡിയ റൈറ്റ്‌സ് സൈക്കിൾ പ്രകാരം അഞ്ച് വർഷത്തേക്ക് 48,390 കോടി രൂപയാണ് ഇതിന്റെ മൂല്യം. ഇതിന്റെ പകുതി തുക ബിസിസിഐയ്ക്ക് ലഭിക്കുമ്പോൾ, ബാക്കി പകുതി പത്ത് ഫ്രാഞ്ചൈസികൾക്കുമായി തുല്യമായി വീതിച്ചു നൽകുന്നു. ടൂർണമെന്റിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്യുന്നതെങ്കിലും പഞ്ചാബ് കിങ്‌സിന് ഈ തുക ലഭിക്കും.

ഗാരന്റീഡ് വരുമാനം

ഈ കരാർ പ്രകാരം ഓരോ ടീമിനും സീസൺ തോറും ഏകദേശം 484 കോടി രൂപ വീതം ലഭിക്കുന്നു. പോയിന്റ് ടേബിളിൽ ഒന്നാമതായാലും അവസാനമായാലും ഈ തുകയിൽ മാറ്റമുണ്ടാകില്ല.

സ്പോൺസർമാർ

ഈ വര്‍ഷം സി.പി പ്ലസ് (ടൈറ്റില്‍ സ്‌പോണ്‍സര്‍), കെന്റ് മിനറല്‍ ആര്‍.ഒ, ബി.കെ.ടി, ജിയോ, ഓള്‍ സീസണ്‍സ്, നിപ്പോണ്‍ പെയിന്റ് എന്നീ ബ്രാന്‍ഡുകളെയാണ് പഞ്ചാബ് കിങ്സ് പ്രതിനിധീകരിക്കുന്നത്. ഹെല്‍ എനര്‍ജി, ലിവ്ഗാര്‍ഡ്, ഫ്രീമാന്‍സ് ടൂള്‍സ് എന്നിവരാണ് മറ്റ് പ്രധാന പങ്കാളികള്‍. സ്‌പോണ്‍സര്‍മാര്‍ പണം മുടക്കുന്നത് ഒരു കിരീട വിജയത്തിന് വേണ്ടിയല്ല, മറിച്ച് ബ്രാന്‍ഡിന്റെ വിസിബിലിറ്റിക്ക് വേണ്ടിയാണ്. കോടിക്കണക്കിന് പ്രേക്ഷകര്‍ കാണുന്ന രീതിയില്‍ 14 ഹോം - എവേ മത്സരങ്ങള്‍ കളിക്കുന്ന ഒരു ടീം, ആ വിസിബിലിറ്റി വിശ്വസനീയമായ രീതിയില്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു.

ലാഭകരമായ ബിസിനസ് രീതി

2026-ലെ ഐപിഎൽ സാലറി ക്യാപ് 130-140 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന കേന്ദ്രീകൃത വിഹിതം കൊണ്ടുതന്നെ കളിക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും എളുപ്പത്തിൽ പരിഹരിക്കാൻ ടീമിന് സാധിക്കുന്നു.. അതായത്, ഒരു ടിക്കറ്റ് പോലും വിൽക്കുന്നതിന് മുൻപുതന്നെ ടീം ലാഭകരമായ അവസ്ഥയിലാണെന്ന് ചുരുക്കം. ടിക്കറ്റ് വിൽപന, സ്പോൺസർഷിപ്പ് എന്നിവയിൽ നിന്നുള്ള വരുമാനം ഇതിനു പുറമെയാണ്.

പ്രീതി സിന്റയുടെ സ്വാധീനം

ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെ സാന്നിധ്യം പഞ്ചാബ് കിങ്‌സിന് വലിയ മാർക്കറ്റിംഗ് മൈലേജ് നൽകുന്നു. മാധ്യമശ്രദ്ധയും ആരാധകരുടെ പിന്തുണയും ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം 2024-ൽ ബ്രാൻഡ് മൂല്യത്തിൽ 49 ശതമാനവും 2025-ൽ 39.6 ശതമാനവും വർധനയാണ് പഞ്ചാബ് കിങ്‌സ് രേഖപ്പെടുത്തിയത്. സ്പോർട്സ് എന്നത് കേവലം കളിക്കളത്തിലെ ജയപരാജയങ്ങൾ മാത്രമല്ല, മികച്ച രീതിയിൽ പ്ലാൻ ചെയ്താൽ വലിയൊരു ബിസിനസ് വിജയവുമാണെന്ന് തെളിയിക്കുകയാണ് പഞ്ചാബ് കിങ്‌സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT