Canva
Lifestyle

കഴിവുണ്ടായിട്ടും അംഗീകാരം കിട്ടുന്നില്ലേ? കാരണം ഇതാകാം!

മികച്ച ആശയങ്ങളും കഴിവുകളും ഉണ്ടായിട്ടും ചിലര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? സംസാരത്തിലും പെരുമാറ്റത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ വലിയ അവസരങ്ങളിലേക്ക് വഴിതുറന്നേക്കാം

Dhanam News Desk

സീന്‍ ഒന്ന്: ഓഫീസ് മീറ്റിങ്ങില്‍ നിങ്ങള്‍ നല്ലൊരു ആശയം അവതരിപ്പിക്കുന്നു. പക്ഷേ, ആരും കാര്യമായി ശ്രദ്ധിക്കുന്നില്ല. കുറച്ചുകഴിഞ്ഞ് മറ്റൊരാള്‍ സമാനമായ ആശയം പറയുമ്പോള്‍ എല്ലാവരും താല്‍പര്യത്തോടെ കേള്‍ക്കുന്നു. നിങ്ങളുടെ ആശയത്തിന് നിലവാരമില്ലാത്തതാണോ പ്രശ്‌നം? അതോ അത് അവതരിപ്പിക്കുന്ന രീതിയിലാണോ?

സീന്‍ രണ്ട്: പുതിയ ജോലിയില്‍ പ്രവേശിച്ച അഞ്ജലി വളരെ നാണംകുണുങ്ങിയായിരുന്നു. അപരിചിതരോട് സംസാരിക്കാന്‍ മടി. എന്നാല്‍, സഹപ്രവര്‍ത്തകര്‍ അവളെ വിലയിരുത്തിയത് അഹങ്കാരിയായിട്ടാണ്. കാരണം അന്വേഷിച്ചപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. പരിഭ്രമിക്കുമ്പോള്‍ അഞ്ജലിയുടെ മുഖം കടുത്തതാകും. ശരീരം വലിഞ്ഞുമുറുകും. മറ്റുള്ളവരെ നോക്കുന്ന രീതിയിലും കാഠിന്യം പ്രകടമാകും. അഞ്ജലിയുടെ ഉള്ളില്‍ ഭയമായിരുന്നു. പക്ഷേ, പുറത്തുനിന്ന് കാണുന്നവര്‍ക്ക് തോന്നിയത് അഹങ്കാരവും അവഗണനയുമാണ്.

സീന്‍ മൂന്ന്: ഓഫീസ് മീറ്റിങ്ങുകളില്‍ തന്റെ അഭിപ്രായങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു രാജേഷിന്റെ പരാതി. തന്റെ ആശയങ്ങള്‍ക്ക് നിലവാരമില്ലെന്ന് അദ്ദേഹം കരുതിത്തുടങ്ങി. ഒരു പരിശീലന പരിപാടിയിലാണ് യഥാര്‍ഥ പ്രശ്‌നം കണ്ടെത്തിയത്. രാജേഷ് സംസാരിച്ചിരുന്നത് വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു. പറയുന്ന കാര്യങ്ങളുടെ പകുതിയോളം മറ്റുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രശ്‌നം നമ്മുടെ കഴിവിലല്ല, അത് പ്രകടിപ്പിക്കുന്ന രീതിയിലാണ്

മികച്ച കഴിവുകളുണ്ടായിട്ടും ജോലിയില്‍ പ്രതീക്ഷിച്ച ഉയര്‍ച്ച ലഭിക്കാത്തതായിരുന്നു മീരയുടെ പ്രശ്‌നം. പരിശീലനത്തിനിടെ മീര സംസാരിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി. തല താഴ്ത്തിയും ശരീരം ചുരുക്കിപ്പിടിച്ചുമായിരുന്നു സംസാരം. ശബ്ദത്തിനും വേണ്ടത്ര ഉറപ്പില്ല. നിവര്‍ന്നുനില്‍ക്കാനും മുന്നിലുള്ളവരെ നോക്കി വ്യക്തമായി സംസാരിക്കാനും നിര്‍ദേശിച്ചു. ചെറിയ മാറ്റങ്ങളോടെ മീര കൂടുതല്‍ ആത്മവിശ്വാസമുള്ള വ്യക്തിയായി കാണപ്പെട്ടു.

എന്നാല്‍, പുതിയ രീതി തനിക്ക് അഭിനയിക്കുന്നതുപോലെ തോന്നുന്നുവെന്നായിരുന്നു മീരയുടെ പ്രതികരണം. വര്‍ഷങ്ങളായുള്ള ശീലങ്ങള്‍ മാറ്റുമ്പോള്‍ അങ്ങനെ തോന്നാം. പക്ഷേ, പഴയ ശീലങ്ങള്‍ തന്നെയാണ് നമ്മുടെ വ്യക്തിത്വമെന്ന് കരുതേണ്ടതില്ല. നിങ്ങള്‍ സംസാരിക്കുന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തുനോക്കൂ. ശബ്ദം വ്യക്തമാണോ? മുഖത്തുനോക്കിയാണോ സംസാരം? ശരീരഭാഷ എങ്ങനെയാണ്? വിശ്വസിക്കുന്നവരോട് അഭിപ്രായവും ചോദിക്കാം. പലപ്പോഴും മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന കുറവുകള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയാറില്ല.

ആത്മവിശ്വാസത്തോടെ സംസാരിക്കാനും മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാനും പരിശീലനത്തിലൂടെ സാധിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ആദ്യം സ്വയം കുറ്റപ്പെടുത്തേണ്ടതില്ല. ആ കഴിവുകള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ചെറിയൊരു മാറ്റം വരുത്തിനോക്കൂ. ഒരുപക്ഷേ, നിങ്ങള്‍ കാത്തിരിക്കുന്ന അവസരത്തിലേക്കുള്ള ആദ്യ ചുവടാകാം അത്.

നാളെ മുതല്‍ മാറ്റാവുന്ന അഞ്ച് ശീലങ്ങള്‍

ആത്മവിശ്വാസം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ വലിയ പരിശീലന പരിപാടികളൊന്നും നിര്‍ബന്ധമില്ല. ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്.

1. ശരീരഭാഷ ശ്രദ്ധിക്കുക: നില്‍ക്കുമ്പോള്‍ ശരീരഭാരം ഇരുകാലുകളിലും തുല്യമായി നല്‍കുക. നട്ടെല്ലും തോളുകളും നേരെ സൂക്ഷിക്കുക. ഇരിക്കുമ്പോഴും ശരീരനില ശ്രദ്ധിക്കുക.

2. മുഖത്തുനോക്കി സംസാരിക്കുക: സംസാരിക്കുന്ന വ്യക്തിയിലേക്ക് ശ്രദ്ധ തിരിക്കുക. തലയും നോട്ടവും ഒരേ ദിശയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. സ്വാഭാവികമായ നേത്രസമ്പര്‍ക്കം ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ സഹായിക്കും.

3. ശബ്ദത്തിന് വ്യക്തത നല്‍കുക: വളരെ പതിഞ്ഞോ അമിതമായി ഉച്ചത്തിലോ സംസാരിക്കരുത്. സാഹചര്യം ആവശ്യപ്പെടുന്ന ശബ്ദത്തില്‍ ഉറപ്പോടെ സംസാരിക്കുക.

4. സ്വയം വീഡിയോയില്‍ കാണുക: ഒരു മിനിറ്റ് സംസാരിക്കുന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുക. സ്വന്തം ശരീരഭാഷയും ശബ്ദവും നിരീക്ഷിക്കുക. മാറ്റേണ്ട ഒരു ശീലം കണ്ടെത്തി അത് പരിശീലിക്കുക.

5. മറ്റുള്ളവരുടെ അഭിപ്രായം തേടുക: വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ സുഹൃത്തുക്കളോടോ നിങ്ങളുടെ ആശയവിനിമയത്തെക്കുറിച്ച് തുറന്ന അഭിപ്രായം ചോദിക്കുക. വിമര്‍ശനങ്ങളെ വ്യക്തിത്വത്തിനെതിരായ ആക്രമണമായി കാണാതെ മെച്ചപ്പെടാനുള്ള അവസരമായി ഉപയോഗിക്കുക.

നിങ്ങള്‍ കരുതുന്നതിലേറെ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടാകാം. ആ കഴിവുകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന രീതി ഒന്ന് മാറ്റിയാല്‍ മതിയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT