Lifestyle

കരിയര്‍ നശിക്കും, ഈ മര്യാദകള്‍ കാണിച്ചില്ലെങ്കില്‍

Dhanam News Desk

വിദ്യാഭ്യാസ യോഗ്യതയും കഴിവുമൊക്കെ കരിയറിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടതുതന്നെ. എന്നാല്‍ ജോലിസ്ഥലത്ത് പുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്. അത് ശീലിച്ചില്ലെങ്കില്‍ കരിയറിന് ദോഷം ചെയ്യും. 

ബഹുമാനം കൊടുത്ത് വാങ്ങുക

ഞാന്‍ മേലധികാരിയാണ് അതുകൊണ്ട് എന്നെ ബഹുമാനിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ബഹുമാനം കൊടുത്തിട്ട് തിരിച്ച് വാങ്ങേണ്ടതാണ്. അത് മനസില്‍ നിന്ന് വരണമെങ്കില്‍ ആദ്യം അത് നിങ്ങള്‍ കൊടുക്കണം. എത്ര ചെറിയ തസ്തികയിലുള്ളവരുമായിക്കൊള്ളട്ടെ വ്യക്തിയെന്ന നിലയില്‍ അവരോട് ആദരവോടെ പെരുമാറുക. അവര്‍ നിങ്ങള്‍ക്കത് ഇരട്ടിയായി തിരിച്ചുതരും.

ഞാന്‍ ആണ് എല്ലാം ഭാവം വേണ്ട

ഞാനില്ലെങ്കില്‍ ഇവിടെ ഒന്നും നടക്കില്ല എന്ന ഭാവം വെടിയുക. അത് എല്ലാവരിലും വെറുപ്പുണ്ടാക്കും. ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവര്‍ കഷ്ടപ്പെടുന്നതിന്റെ ഫലം തന്നിലേക്ക് മാറ്റി നിലനിന്നുപോകുന്നവര്‍ സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

കൂടെ ജോലി ചെയ്യുന്നവരുടെ സ്വകാര്യതകള്‍ മാനിക്കുക

മുട്ടിയിട്ട് മാത്രം മറ്റുള്ളവരുടെ കാബിനില്‍ കയറുക. അവരുടെ ഫോണിലേക്ക് ഒളിഞ്ഞുനോക്കി അവര്‍ക്ക് വരുന്ന സന്ദേശമോ മെയ്‌ലോ എന്തുമാകട്ടെ വായിക്കാന്‍ ശ്രമിക്കാതിരിക്കുക. അവരുടെ സിസ്റ്റം ഉപയോഗിക്കണമെങ്കില്‍, കസേരയില്‍ ഇരിക്കണമെങ്കില്‍ അനുവാദം ചോദിക്കുക. അല്ലാതെ അവര്‍ മാറുന്ന തക്കം നോക്കി അവരുടെ സിസ്റ്റം ഉപയോഗിക്കരുത്.

ചോദിച്ചിട്ട് മാത്രമെടുക്കുക

വളരെ നിസാരമെന്ന് തോന്നുന്ന ഒരു പേനയാകാം, മൊട്ടുസൂചിയാകാം, സഹപ്രവര്‍ത്തകരുടെ മേശയില്‍ നിന്നെടുക്കുമ്പോള്‍ ചോദിച്ചിട്ട് എടുക്കുക. ഇടക്കിടെ കടം ചോദിക്കുന്ന രീതി അവസാനിപ്പിക്കുക.

മാന്യതയുള്ള ഭാഷയും പെരുമാറ്റവും വേണം

വീട്ടിലും സുഹൃത്തുക്കളുടെയും ഇടയിലും ഉപയോഗിക്കേണ്ട സംസാരരീതിയല്ല ഓഫീസില്‍ വേണ്ടത്. സഭ്യതയുള്ള വാക്കുകളും പ്രവൃത്തികളും പുലര്‍ത്തുക. ഒച്ചവെച്ച് സംസാരിക്കാതിരിക്കുക.

വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുക

ചില സ്ഥാപനങ്ങളില്‍ ഡ്രെസ് കോഡ് ഉണ്ടാകാറുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അത് പാലിക്കുക. എന്തായാലും മാന്യതയുള്ള വസ്ത്രധാരണരീതി പിന്തുടരുക.

ശുചിത്വം പാലിക്കുക

വ്യക്തിപരമായ ശുചിത്വത്തിനൊപ്പം ഓഫീസും വൃത്തിയായി സൂക്ഷിക്കുക.

നന്ദി പറയുക

ഓഫീസില്‍ നിങ്ങളെ സഹായിക്കുന്നവരോട് ആത്മാര്‍ത്ഥതയുടെ ഭാഷയില്‍ നന്ദി പറയുക. എഴുതിയ 'താങ്ക്യു നോട്ട്' സഹപ്രവര്‍ത്തകരുടെ ഹൃദയം നിറക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT