Lifestyle

ഇന്ത്യയുടെ സൗന്ദര്യം കണ്ടറിഞ്ഞപ്പോള്‍! പിതാവിന്റെ ആ വാക്കുകള്‍ പിന്തുടര്‍ന്നത് ജീവിതം തന്നെ മാറ്റി

നമ്മള്‍ പലരും സ്വന്തം രാജ്യത്തെ വിലകുറച്ചു കാണുകയും കുറവുകളില്‍ ശ്രദ്ധയൂന്നുകയുമാണ് ചെയ്യുന്നത്

Anoop Abraham

വളര്‍ന്നുവരുന്ന പ്രായത്തില്‍ ഇന്ത്യക്കാരനാണ് എന്നതില്‍ എനിക്ക് വലിയ അഭിമാനമൊന്നും തോന്നിയിരുന്നില്ല. എന്റെ പല സമപ്രായക്കാരെയും പോലെ പാശ്ചാത്യ ലോകത്തോട്, പ്രത്യേകിച്ച് അമേരിക്കയോടായിരുന്നു ആകര്‍ഷണം തോന്നിയിരുന്നത്. ഹോളിവുഡ് സിനിമകള്‍, അമേരിക്കന്‍ ടിവി ഷോകള്‍, അമേരിക്കയിലെ എന്റെ കസിന്‍സ് പറയുന്ന കഥകള്‍ തുടങ്ങിയവയൊക്കെയാണ് അത്തരമൊരു ആകര്‍ഷണം എന്നിലുണ്ടാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല.

ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കുമായിരുന്നു, ഞാന്‍ അമേരിക്കയില്‍ വളര്‍ന്നിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന്.

എന്നാല്‍ സ്‌കൂള്‍ പഠനം അവസാനിച്ചപ്പോഴേക്കും അമേരിക്കയോടുള്ള അഭിനിവേശത്തിന് മങ്ങലേറ്റു. പ്രായപൂര്‍ത്തിയായപ്പോഴേക്കും യൂറോപ്പിലേക്ക് യാത്ര ചെയ്യുക എന്നുള്ളതായി ഏറ്റവും വലിയ സ്വപ്നം. ഇന്ത്യയില്‍ എനിക്ക് ഒരു ഭാവി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. യൂറോപ്പില്‍ എവിടെയെങ്കിലും സ്ഥിരതാമസമാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഒരു പതിറ്റാണ്ടിനു ശേഷം യൂറോപ്പ് സന്ദര്‍ശിക്കുക എന്ന എന്റെ സ്വപ്നം പൂവണിഞ്ഞു. ഒരു മാസം ഞാനവിടെ ചുറ്റിസഞ്ചരിച്ചു.

യാത്ര തുടങ്ങി ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന ബാക്ക്പായ്ക്കര്‍ ഹോസ്റ്റലില്‍ വെച്ച് രാത്രിയില്‍ ഒരു ഹിന്ദി സിനിമ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. അപ്പോഴാണ് ഇന്ത്യയെയും അവിടത്തെ ആളുകളെയും ഞാന്‍ എത്രമാത്രം 'മിസ്' ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയത്. യൂറോപ്പ് യാത്രയുടെ അവസാനത്തോടെ ഞാന്‍ കണ്ടെത്തിയ ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി: എന്റെ ഹൃദയത്തില്‍ ഇന്ത്യയാണ്. ഞാന്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ഇടവും മറ്റൊന്നല്ല.

കാഴ്ചപ്പാടിലെ മാറ്റം

ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ സ്വന്തം രാജ്യത്തെ വിലകുറച്ചു കാണുകയും കുറവുകളില്‍ ശ്രദ്ധയൂന്നുകയും ചെയ്യുന്നു. നമ്മളില്‍ നിന്ന് വിട്ടുപോകാത്ത കൊളോണിയല്‍ ഹാംഗോവറും പാശ്ചാത്യ മാധ്യമങ്ങളും കൂടി, പാശ്ചാത്യമായത് എന്തും മികച്ചതാണെന്ന ഒരു വിശ്വാസം നമ്മളില്‍ ഉണ്ടാക്കിയിട്ടുണ്ട്. നമ്മുടെ നാടിന്റെ മാഹത്വത്തെ കുറിച്ച്- അതിന്റെ ആത്മീയ ജ്ഞാനം, സമ്പന്നമായ സംസ്‌കാരം, അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍, അതിന്റെ ആത്മാവ് പേറുന്ന സംഗീതം, സാഹിത്യം തുടങ്ങിയവയെ കുറിച്ച്, നമ്മുടെ വിദ്യാലയങ്ങളില്‍ കാര്യമായി പഠിപ്പിക്കുന്നില്ല. വൈരുധ്യമെന്നു പറയട്ടെ, പാശ്ചാത്യ നാടുകളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരുന്നത് യോഗ, ധ്യാനം തുടങ്ങിയ നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള ഏറ്റവും മികച്ചവ സ്വീകരിക്കാനാണ്. അതേ സ്ഥാനത്ത് നമ്മളാവട്ടെ ബുദ്ധിശൂന്യമായ കണ്‍സ്യൂമറിസം പോലുള്ള അവരുടെ മോശമായ കാര്യങ്ങളാണ് സ്വീകരിക്കാനൊരുങ്ങുന്നത്.

ഇന്ത്യയെ അവഗണിക്കുകയും പാശ്ചാത്യ ലോകം കണ്ട്

അതിശയിക്കുകയും ചെയ്ത ചെറിയ കുട്ടിയുടെ കാഴ്ചപ്പാടില്‍ നിന്ന് വളര്‍ന്നപ്പോള്‍ എന്നില്‍ ഗണ്യമായ മാറ്റമുണ്ടായി. കോളെജില്‍ പഠിക്കുമ്പോള്‍ ആത്മീയതിയിലും ധ്യാനത്തിലും ആഴത്തില്‍ താല്‍പ്പര്യം തോന്നിത്തുടങ്ങി. ഗൗതമബുദ്ധന്‍, പരമഹംസ യോഗാനന്ദ മുതലായ മഹാന്മാരായ ആത്മീയഗുരുക്കന്മാരുടെ നാടാണ് ഇന്ത്യ. ഇവരുടെ ദര്‍ശനങ്ങളും (വിപാസന) എഴുത്തുകളും (Autobiography of a yogi) ജീവിതത്തില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തോടും എനിക്ക് പ്രിയം കൂടിയിട്ടുണ്ട്. ഇന്ത്യന്‍ സംഗീതോപകരണങ്ങളായ സരോദ്, സിത്താര്‍, ബന്‍സൂരി, തബല തുടങ്ങിയവയുടെ ശബ്ദം എനിക്ക് ഏറെ ഇഷ്ടമാണ്. താളാത്മകത നിറഞ്ഞ കര്‍ണാടിക് സംഗീത ഭാഷയായ കൊന്നക്കോലിന്റെ വലിയ ആരാധകനാണ് ഞാന്‍. ചില ക്ലാസിക്കല്‍ സംഗീതം കേള്‍ക്കുന്നത് ദിവ്യമായ അനുഭവം സമ്മാനിക്കുന്നു.

ഇന്ത്യയെ അറിഞ്ഞ് ഒരു യാത്ര

22-ാമത്തെ വയസില്‍ ഞാന്‍ മൂന്ന് മാസത്തോളം ഇന്ത്യ ചുറ്റിക്കറങ്ങി. എന്റെ രാജ്യത്തിന്റെ അവിശ്വസനീയമായ സൗന്ദര്യവും അതിന്റെ ആഴവും നേരിട്ട് അനുഭവിച്ചു. വിദൂര ഗ്രാമങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചു. ബസ് സ്റ്റോപ്പുകളില്‍ കിടന്നുറങ്ങി, ഹിമാലയത്തിന്റെ മഞ്ഞുമലകളിലൂടെ ഞാന്‍ നടന്നു. പ്രാദേശിക ഉത്സവങ്ങളുടെ ഭാഗമാകുകയും അപരിചിതരുടെ ദയാവായ്പ് അനുഭവിച്ചറിയുകയും ചെയ്തു.

വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്വന്തം രാജ്യത്ത് പോലും വിദേശിയാണെന്ന തോന്നലുïാക്കി. എന്റെ നാടായ കേരളത്തില്‍ നിന്ന് എത്ര വ്യത്യസ്തമാണ് അവിടത്തെ കാര്യങ്ങള്‍ എന്ന് അതിശയിച്ചു.

ഇന്ത്യയെ കുറിച്ച് എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന് ആ യാത്രക്കിടയില്‍ ഞാന്‍ മനസിലാക്കി.

ഇതെല്ലാം നേരത്തേ ആരെങ്കിലും എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. ഉദാഹരണത്തിന്, വടക്കേ ഇന്ത്യ മനോഹരങ്ങളായ പട്ടണങ്ങളും ട്രെക്കിംഗ് കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമാണ്. പക്ഷേ തെക്കേ ഇന്ത്യക്കാരായ നമ്മള്‍ പലര്‍ക്കും അതറിയില്ല. ഇന്ത്യന്‍ യുവാക്കള്‍ വന്‍ തോതില്‍ വിദേശങ്ങളിലെത്തി സ്ഥിരതാമസമാക്കുന്നതിന്റെ കാരണം, ഒരുപക്ഷേ അവര്‍ നമ്മുടെ നാടിന്റെ ഭംഗി യഥാര്‍ത്ഥത്തില്‍ അറിയുകയും അനുഭവിക്കുകയും ചെയ്യാത്തതു കൊണ്ടായിരിക്കാം. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ പിതാവിന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ വരുന്നു.

കുടുംബ സമേതം ഒരു വിദേശ യാത്ര നടത്തുന്നതിനെ കുറിച്ച് ഞാന്‍ ചോദിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മറുപടി; ''ആദ്യം ഇന്ത്യ കാണൂ'' എന്നാണ്. കേള്‍ക്കുമ്പോള്‍ എനിക്ക് വലിയ നിരാശ തോന്നുമായിരുന്നു. ഇന്ത്യയില്‍ കാണാന്‍ എന്തിരിക്കുന്നു എന്ന ചിന്തയായിരുന്നു അന്നെനിക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ ഉപദേശം പിന്തുടര്‍ന്ന് ഇന്ത്യയെ അറിയാന്‍ തീരുമാനിച്ചത് എന്റെ ജീവിതം തന്നെമാറ്റിമറിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT