canva 
Lifestyle

വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യണോ എന്ന് തീരുമാനിക്കാന്‍ ഇതാ ആറ് കാര്യങ്ങള്‍

വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ദോഷകരമാണോ?

Anoop Abraham

'സത്യവും വാര്‍ത്തയും ഒന്നല്ല'- കാതറിന്‍ ഗ്രഹാം, വാഷിംഗ്ടണ്‍ പോസ്റ്റ് മുന്‍ പബ്ലിഷര്‍ 

ചെറുപ്പം മുതേല നമ്മുെട മാതാപിതാക്കളും സമൂഹവും നമ്മില്‍ ഒരു ധാരണ വളര്‍ത്തിയെടുത്തിട്ടുണ്ട്. വാര്‍ത്തകള്‍ കൃത്യമായി പിന്തുടരുന്നത് അറിവുള്ളവരും ഉത്തരവാദിത്തമുള്ളവരുമായ പൗരന്മാരായിരിക്കാന്‍ അത്യാവശ്യമാെണന്ന്.

ഭൂരിഭാഗം പേരും പതിവായി ഈ രീതി പിന്തുടരുന്നതു കൊണ്ടു തന്നെ ജീവിതത്തില്‍ നിന്ന് ഇത് ഒഴിവാക്കുന്നത് മണ്ടത്തരമായി തോന്നാം. എന്നാല്‍ സത്യത്തില്‍ അങ്ങനെയാണോ? വാര്‍ത്തകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നത് നിര്‍ത്തുകയോ അല്ലെങ്കില്‍ അതിനായി ചെലവിടുന്ന സമയം കുറച്ചു കൊണ്ടു വരുകയോ ചെയ്യാനുള്ള ആറ് കാരണങ്ങളിതാ...

നിഷേധാത്മകം, വിഷാദം ഉണ്ടാക്കുന്നു

വാര്‍ത്തകളിലെ ഉള്ളടക്കം അമിതമായി നെഗറ്റീവ് ആയിരിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അത് യാദൃശ്ചികമല്ല. പഠനങ്ങള്‍ തെളിയിക്കുന്നത് നെഗറ്റീവ് വാര്‍ത്തകള്‍ നമ്മുടെ ശ്രദ്ധ എളുപ്പത്തില്‍ പിടിച്ചു പറ്റുകയും തലച്ചോറില്‍ ശക്തമായ പ്രതികരണം ഉണ്ടാക്കുകയും ചെയ്യും എന്നാണ്.

പോസിറ്റീവായ കാര്യങ്ങളേക്കാള്‍ നെഗറ്റീവ് കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന തരത്തിലാണ് നമ്മുടെ തലച്ചോര്‍ സൃഷ്ടിച്ചിരിക്കുന്നത്. സൈക്കോളജിസ്റ്റുകള്‍ ഇതിനെ നെഗറ്റീവ് ചായ്‌വ്‌ (Negative Bias) എന്നാണ് വിശേഷിപ്പിക്കുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഇത് കൃത്യമായി അറിയാം. മോശം വാര്‍ത്തകള്‍ നല്ല വാര്‍ത്തകളേക്കാള്‍ നന്നായി വില്‍ക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് അറിയാമെന്നതിനാല്‍ (പ്രത്യേകിച്ച് സെന്‍സേഷണലും വൈകാരികവുമായ വാര്‍ത്തകള്‍) നെഗറ്റീവ് വാര്‍ത്തകള്‍ കൂടുതലായി നല്‍കാന്‍ അവര്‍ ശ്രമിക്കുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ പോസിറ്റീവ് വാര്‍ത്തകള്‍ക്ക് വളരെ അപൂര്‍വമായി മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂ എന്നതു കൊണ്ടു മാത്രം അവര്‍ അവതരിപ്പിക്കുന്നതു പോലെ ലോകം അത്രയ്ക്ക് മോശവും നിരാശയുളവാക്കുന്നതുമാണെന്ന് അര്‍ത്ഥമില്ല.

ലോകം അപകടകരമായ സ്ഥലമാണെന്ന് പലപ്പോഴായി വാര്‍ത്താ മാധ്യമങ്ങള്‍ വരച്ചുകാട്ടുന്നുണ്ടെങ്കിലും ഇത്രയും സുരക്ഷിതമായ ഒരു സാഹചര്യം ഇന്നേ വരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പ്രകൃതി ദുരന്തങ്ങള്‍ (ആകെ മരണങ്ങളുടെ 0.1 ശതമാനം), വിമാനാപകടങ്ങള്‍ (0.001 ശതമാനം), കൊലപാതകങ്ങള്‍ (0.7 ശതമാനം), ഭീകരവാദം (0.5 ശതമാനം) തുടങ്ങിയവയ്ക്ക് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അവയൊന്നും മരണങ്ങളുടെ ഒരു ശതമാനം പോലും ആകുന്നില്ല. ഫാക്ട്ഫുള്‍നെസ്സ്, എന്‍ലൈറ്റ്മെന്റ് നൗ എന്നീ രണ്ടു പുസ്തകങ്ങള്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

രാജ്യത്തും ലോകമെമ്പാടും നടക്കുന്ന പോസിറ്റീവ് സംഭവ വികാസങ്ങളെ കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ വളരെ കുറച്ചു മാത്രമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെ ലോകത്തിന്റെ വികലമായ ഒരു വശത്തെ കുറിച്ചുള്ളവ മാത്രമേ നമുക്ക് അവനല്‍കുന്നുള്ളൂ.

വാര്‍ത്തകള്‍ പക്ഷപാതപരമാണ്

പ്രധാനപ്പെട്ട മിക്ക മാധ്യമ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ രാഷ്ട്രീയ ചായ്‌വ്‌ ഉണ്ടെന്നതും അവയ്ക്ക് പലപ്പോഴും വന്‍കിട കോര്‍പറേറ്റുകളുടയോ ചിലപ്പോള്‍ സര്‍ക്കാരിന്റെ തന്നെയോ ധനസഹായം ലഭിക്കുന്നുണ്ടെന്നതും രഹസ്യമല്ല. അതുകൊണ്ടു തന്നെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന രീതിയില്‍ പക്ഷപാതം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് സത്യത്തെ വളച്ചൊടിക്കാനുള്ള സാധ്യത തുറന്നിടുന്നു.

സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ ഉണ്ടാക്കുന്ന പ്രശ്നം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വാര്‍ത്തകള്‍ അറിയുന്നവരുടെ എണ്ണം കൂടി വരികയാണ്. നിങ്ങള്‍ നെറ്റില്‍ പരതിയതും വായിച്ചതുമായ ലേഖനങ്ങളും മറ്റു ഉള്ളടക്കങ്ങളും അനുസരിച്ച് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയുടെ അല്‍ഗോരിതം അത്തരം പ്ലാറ്റ്‌ഫോമുകളില്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയം വര്‍ധിപ്പിക്കുന്നതിനായി സമാനമായ ഉള്ളടക്കങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിച്ചു കൊണ്ടിരിക്കും. രാഷ്ട്രീയം, തെരഞ്ഞെടുപ്പ്, ദേശീയ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ ഇത് അപകടകരമാകാം. പൊതുജനാഭിപ്രായത്തില്‍ ധ്രൂവീകരണം ഉണ്ടാക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. ഉദാഹരണത്തിന് നിങ്ങള്‍ ട്രംപ് അനുകൂലി ആണെങ്കില്‍ നിങ്ങളുടെ ന്യൂസ് ഫീഡില്‍ അത്തരം സ്വഭാവമുള്ള ലേഖനങ്ങളാകും നിറയെ. നിങ്ങളുടെ ന്യൂസ് ഫീഡില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പ്രത്യക്ഷപ്പെടുന്നത് അല്‍ഗോരിതം ഫില്‍ട്ടര്‍ ചെയ്യുകയും നിങ്ങള്‍ക്ക് സംഭവങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കാതിരിക്കുകയും ചെയ്‌തേക്കാം.

വ്യാജ വാര്‍ത്തകളും പെയ്ഡ് ന്യൂസുകളും

ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ മുമ്പത്തേക്കാളേറെ വ്യാജവാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അത് ഇന്റര്‍നെറ്റില്‍ മാത്രം ഒതുങ്ങുന്നില്ല. കൂടുതല്‍ വിശ്വാസ്യയോഗ്യമെന്ന് നമ്മള്‍ കരുതുന്ന ടിവിയിലും ന്യൂസ് പേപ്പറുകളിലുമെല്ലാം വ്യാജവാര്‍ത്തകള്‍ ഇടം പിടിക്കുന്നു. രാജ്യത്തെ പല പ്രമുഖ മാധ്യമ സ്ഥാപനങ്ങളും പണം കൈപ്പറ്റി രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ നിന്നു കൊടുക്കുന്നുണ്ടെന്ന് കോബ്ര പോസ്റ്റ് എന്ന സംഘടന 2018 ല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിവായതാണ്. മതസൗഹാര്‍ദ്ദത്തിന് ഭീഷണിയുയര്‍ത്തുന്ന വാര്‍ത്തകള്‍ വരെ പണത്തിനു വേണ്ടി ചെയ്യാന്‍ ഇവര്‍ തയാറാകുന്നുവെന്ന് ചില വീഡിയോ റെക്കോര്‍ഡിംഗുകള്‍ വെളിപ്പെടുത്തി. മാത്രമല്ല പണത്തിനു വേണ്ടി ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനും അവര്‍ തയാറാകുന്നു.

നിങ്ങളുടെ ശരീരത്തിനും മനസിനും നല്ലതല്ല

പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ നമ്മളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തിന് കാരണമാകുകയും ചെയ്യുന്നു. വാര്‍ത്തകള്‍ പിന്തുടരുമ്പോള്‍ ആ വാര്‍ത്തകളുടെ ഉള്ളടക്കവുമായി ബന്ധം പോലുമില്ലാത്ത നമ്മുടെ വ്യക്തിപരമായ ആശങ്കകള്‍ വര്‍ധിക്കുമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു.

വാര്‍ത്തകള്‍ പിന്തുടരുന്നതു കൊണ്ട്‌ നിങ്ങള്‍ വിവരമുള്ളയാളായി മാറുന്നില്ല!

വാര്‍ത്തകള്‍ അറിഞ്ഞിരിക്കുന്നതിലൂടെ നമ്മള്‍ ഉത്തരവാദിത്തമുള്ള, വിവരമുള്ള പൗരന്മാരായി മാറുമെന്നത് മിഥ്യാധാരണയാണ്. 195 രാജ്യങ്ങളും 8.2 ശതകോടി ആളുകളുമുള്ള ഭൂമിയില്‍ വാര്‍ത്തകള്‍ പിന്തുടരുന്നതിലൂടെ ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കും എന്നു പറയുന്നത് പരിഹാസ്യമാണ്.

സത്യം പറഞ്ഞാല്‍ ആരും യഥാര്‍ത്ഥത്തില്‍ എല്ലാമറിയുന്നില്ല. മാധ്യമങ്ങള്‍ അറിയിക്കുന്ന കാര്യം മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ. മാത്രമല്ല, ഇക്കാലത്ത് വാര്‍ത്തകളില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുടെ അളവ് കണക്കിലെടുക്കുമ്പോള്‍ വാര്‍ത്തകള്‍ പിന്തുടരുന്നതിലൂടെ നമ്മള്‍ വിവരമുള്ളവരാകുന്നു എന്ന് പറയാനാവില്ല.

വാര്‍ത്തകള്‍ ഒറ്റയടിക്ക് ഒഴിവാക്കുക എന്നതിനോട് നിങ്ങള്‍ യോജിക്കുന്നില്ലെങ്കില്‍ വാര്‍ത്തകള്‍ കാണുന്നതും കേള്‍ക്കുന്നതും കുറച്ചു കൊണ്ടു വരാന്‍ സഹായിക്കുന്ന കുറച്ചു കാര്യങ്ങളിതാ..

  • വാര്‍ത്തകള്‍ക്കായി ഒരു ദിവസം ഇത്ര സമയം

    ചെലവഴിക്കുമെന്ന് നിശ്ചയിക്കുക. അത് കൃത്യമായി പാലിക്കുക. (ദിവസം 30 മിനുട്ട് വാര്‍ത്തകള്‍ക്കായി ചെലവഴിച്ചാല്‍ പോലും വര്‍ഷത്തില്‍ 183 മണിക്കൂറുകള്‍ ആയെന്ന് ഓര്‍ക്കുക)

  • നെഗറ്റീവ് ആയതും പേടിപ്പെടുത്തുന്നതുമായ വാര്‍ത്തകള്‍ കാണാതിരിക്കുക. (വെറുതേ സംസാരിക്കാന്‍ ഒരു വിഷയം എന്നതിനപ്പുറം അതിന് യാതൊരു വിലയുമില്ല)

  • . മൊബൈലിലും കംപ്യൂട്ടറിലും വാര്‍ത്താ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ഓഫ് ആക്കി വെക്കുക.

  • രാവിലെ ഉറക്കമുണര്‍ന്നതിനു ശേഷം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ നേരത്തേക്കെങ്കിലും വാര്‍ത്തകള്‍ ഒഴിവാക്കുക. (ഒരു ദിവസം വാര്‍ത്തകള്‍ കേട്ടു കൊണ്ട് ആരംഭിക്കുന്നത് നല്ലതായിരിക്കില്ല)

  • ഇവയിലൂടെ ലഭിക്കുന്ന അധിക സമയം നല്ല ഒരു പുസ്തകം വായിക്കുന്നതിനായി ഉപയോഗിക്കുക.

മിക്കയാളുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു പോലെയാണ് വാര്‍ത്തകളെയും കാണുന്നത്. അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മൂല്യം നല്‍കുന്നതു കൊണ്ടല്ല, മറിച്ച് ശീലമായതു കൊണ്ടും അതിന് അടിപ്പെട്ടതു കൊണ്ടുമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് എന്ന പോലെ ഒരു ദിവസം പോലും വാര്‍ത്തകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എന്ന പോലെ വാര്‍ത്തകളിലും എന്തോ നഷ്ടപ്പെടുമെന്ന ഭയം (fear of missing out (FOMO)) നിലനില്‍ക്കുന്നു.

നമ്മുടെ മനസ്സിനെ ഭയവും നെഗറ്റിവിറ്റിയും കൊണ്ട് നിറയ്ക്കാനുള്ള വഴിയാണ് വാര്‍ത്തകള്‍. ആളുകളെയും ലോകത്തെയും കുറിച്ച്ഭയപ്പെടുത്തുന്നതും അസത്യവുമായ വീക്ഷണം നമ്മളിലുണ്ടാക്കാനേ ഇതുപകരിക്കൂ. അതുകൊണ്ടാണ് വാര്‍ത്തകളുടെ കാര്യത്തില്‍ പലപ്പോഴും അജ്ഞത അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്. വാര്‍ത്തകള്‍ പലപ്പോഴും നിഷേധാത്മകവും പക്ഷപാതപരവും ശരീരത്തിനും മനസിനും ദോഷകരവും ചിലപ്പോള്‍ വ്യാജവുമായിരിക്കുമ്പോള്‍ എന്തിനാണ് അതേകുറിച്ച് കൂടുതല്‍ ആശങ്കപ്പെടുന്നത് എന്നതാണ് നിങ്ങളോടുള്ള എന്റെ ചോദ്യം. നിങ്ങളുടെ സമയത്തിന്റെയും ഊര്‍ജത്തിന്റെയും ഏറ്റവും മികച്ച ഉപയോഗം അതാണോ?

The hidden psychological, physical, and social costs of consuming news and why ignorance may sometimes be bliss.

(This article was originally published in Dhanam Business Magazine July 31st issue)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT