canva
Lifestyle

ജീവിതത്തിൽ എന്താണ് ആകേണ്ടത്? ആ ചോദ്യം മാറ്റിവെക്കൂ, 'ക്യൂരിയോസിറ്റി' വളർത്തൂ!

ജീവിതലക്ഷ്യത്തിനായുള്ള നെട്ടോട്ടം അവസാനിപ്പിക്കാം; അഭിനിവേശം സ്വയം കണ്ടെത്തുകയല്ല, വളർത്തിയെടുക്കുകയാണ് വേണ്ടത്

Dhanam News Desk

എനിക്ക് ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് അറിയില്ല, പക്ഷേ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ല എനിക്ക് വേണ്ടതെന്ന് ഉറപ്പാണ്

നമ്മളില്‍ ഭൂരിഭാഗം ആളുകളും ജീവിതത്തിലെപ്പോഴെങ്കിലും പറഞ്ഞുപോയിട്ടുള്ള ഒന്നാണിത്. ഇരുപതുകളിലോ മുപ്പതുകളിലോ ഉള്ള കഴിവുറ്റ എത്രയോ ചെറുപ്പക്കാര്‍ യഥാര്‍ത്ഥ ലക്ഷ്യം (Passion) എന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്ന കാരണത്താല്‍ മികച്ച അവസരങ്ങളിലേക്ക് ചുവടുവെക്കാതെ മടിച്ചുനില്‍ക്കുന്നു.

'നിങ്ങളുടെ ജീവിതലക്ഷ്യം എന്താണ്?' അല്ലെങ്കില്‍ 'ഭാവിയില്‍ എന്താകാനാണ് ആഗ്രഹം?' എന്ന ചോദ്യമാണ് പലരെയും സമ്മര്‍ദ്ദത്തിലാക്കുന്നത്. എന്നാല്‍ പ്രമുഖ എഴുത്തുകാരനും ലൈഫ് കോച്ചുമായ സ്‌കോട്ട് എച്ച്. യംഗ് പറയുന്നത്, 'ഈ ചോദ്യം നിങ്ങളോട് തന്നെ ചോദിക്കുന്നത് ആദ്യം അവസാനിപ്പിക്കൂ' എന്നാണ്.

ജീവിതത്തില്‍ വിജയവും തൃപ്തിയും കണ്ടെത്താന്‍ ലക്ഷ്യങ്ങളേക്കാള്‍ പ്രധാനം കാര്യങ്ങളെ അറിയാനുള്ള ആകാംക്ഷ (Curiosity) വളര്‍ത്തുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അതിനായി അദ്ദേഹം പങ്കുവെക്കുന്ന പ്രധാന ആശയങ്ങള്‍ അറിയാം:

1. പാഷന്‍ ജനിക്കുമ്പോഴേ ഉണ്ടാകുന്ന ഒന്നല്ല!

പലരും വിശ്വസിക്കുന്നത് ജനിക്കുമ്പോഴേ ഒരു പ്രത്യേക പാഷനുമായാണ് വരുന്നത് എന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല; അനുഭവങ്ങളിലൂടെയും താല്പര്യങ്ങളിലൂടെയും രൂപപ്പെട്ടുവരുന്ന ഒന്നാണ് പാഷന്‍. ഒരു വലിയ ലക്ഷ്യത്തില്‍ നിന്ന് തുടങ്ങുന്നതിന് പകരം ചെറിയ കാര്യങ്ങളോട് തോന്നുന്ന താല്പര്യങ്ങള്‍ ഓരോന്നായി ചെയ്തുനോക്കുക.

2. പാഷനെ വരുമാനമാര്‍ഗമാക്കാന്‍ ക്ഷമ വേണം

നിങ്ങളുടെ താല്പര്യങ്ങളെ പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിച്ചെന്നു വരില്ല. എങ്കിലും അതിനോടുള്ള ആഗ്രഹം ഉപേക്ഷിക്കരുത്. ഉദാഹരണത്തിന്, ബിസിനസ് രംഗത്ത് വിജയിച്ച 80% ആളുകളും ആദ്യം പ്ലാന്‍ ചെയ്ത രീതിയിലല്ല വിജയം കണ്ടെത്തിയത്. Scott Adams എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബാങ്ക് ജീവനക്കാരനായി തുടങ്ങി പിന്നീട് ലോകപ്രശസ്തമായ 'Dilbert' കോമിക്‌സിന്റെ സ്രഷ്ടാവായി മാറിയത് ഇതിനൊരു ഉദാഹരണമാണ്.

താല്പര്യങ്ങളെ വിജയകരമായ കരിയറാക്കി മാറ്റാന്‍ 7 ഘട്ടങ്ങള്‍

ആകാംക്ഷയുടെ ചെറുപൊരികള്‍ കണ്ടെത്തുക (Gather Sparks of Curiosity): നിങ്ങളെ ആകര്‍ഷിക്കുന്ന ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക. പുതിയ പുസ്തകങ്ങള്‍ വായിക്കുക, പുതിയ മേഖലകളെക്കുറിച്ച് പഠിക്കുക, വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുക.

താല്പര്യങ്ങളെ വളര്‍ത്തുക: ചെറിയ താല്പര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.

ശ്രദ്ധ തിരിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക: അനാവശ്യമായ സോഷ്യല്‍ മീഡിയ ഉപയോഗം, ഗെയിമിംഗ് തുടങ്ങിയവ കുറച്ച് താല്പര്യങ്ങള്‍ക്കായി സമയം കണ്ടെത്തുക.

ലളിതമായ ജീവിതശൈലി: ആഗ്രഹിച്ച ജോലിയിലല്ല എങ്കില്‍ പോലും അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ സമയം കണ്ടെത്തുക.

മൂല്യമുള്ള കഴിവുകള്‍ വളര്‍ത്തുക: നിങ്ങളുടെ താല്പര്യം മറ്റുള്ളവര്‍ക്കോ സമൂഹത്തിനോ ഉപകാരപ്പെടുന്ന ഒരു കഴിവാക്കി (Skill) മാറ്റുക.

വരുമാനമാര്‍ഗമാക്കുക: ആ കഴിവ് ഉപയോഗിച്ച് എങ്ങനെ വരുമാനമുണ്ടാക്കാം എന്ന് കണ്ടെത്തുക (ജോലിയായോ ബിസിനസായോ).

പ്രക്രിയ തുടരുക: ഇത് ഒരിക്കലും അവസാനിക്കുന്ന ഒരു യാത്രയല്ല. ജീവിതകാലം മുഴുവന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും താല്പര്യങ്ങള്‍ കണ്ടെത്താനുമുള്ള പ്രക്രിയ തുടരുക.

ഓര്‍ക്കുക. നിങ്ങളുടെ ജീവിതം കൃത്യമായി ആസൂത്രണം ചെയ്ത ഒരു കഥ പോലെ ആകണമെന്നില്ല. വലിയൊരു സ്വപ്നത്തില്‍ തുടങ്ങി കഠിനാധ്വാനത്തിലൂടെ മാത്രം അവസാനിക്കുന്നതുമല്ല അത്. വഴിത്തിരിവുകളും പുതിയ അനുഭവങ്ങളും നിറഞ്ഞതാണ് ജീവിതം. എന്ത് ചെയ്യണം എന്ന വലിയ ഉത്തരത്തിനായി കാത്തിരിക്കാതെ, അടുത്ത ചെറിയ ചുവടുവെപ്പ് നടത്തുക!

Career coach and author Scott H. Young argues that passion is not something you are born with, but rather something developed through curiosity, skills, and long-term value creation.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT