Representational Image canva
Lifestyle

ജീവിതം മാറ്റിമറിച്ച ആ തീരുമാനം!

ഈ കുറിപ്പ് നിങ്ങള്‍ക്കൊരു പ്രേരണയാകട്ടെ

Anoop Abraham

2018ല്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളടഞ്ഞ് ഞാന്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്ന സമയം. കുടുംബ ബിസിനസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെങ്കിലും കുടുംബാംഗങ്ങളോട് രമ്യമായ ബന്ധം പുലര്‍ത്താന്‍ ഞാന്‍ ബുദ്ധിമുട്ടി.

എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ഒരു പ്രചോദനം ഇല്ലായിരുന്നു. ജീവിതമാകട്ടെ ലക്ഷ്യബോധമില്ലാതെ തുഴഞ്ഞുകൊണ്ടു പോകുകയായിരുന്നു.

അതുപോലെ തുടര്‍ന്നുപോകാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ജീവിതത്തില്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഡല്‍ഹിയിലേക്ക് പോകേണ്ടി വന്നു. അവിടത്തെ കുന്‍സും കഫേ സന്ദര്‍ശിച്ചത് എനിക്ക് പുതിയൊരു അനുഭവമായി. അവിടെ സഞ്ചാരികളുടെ അനുഭവങ്ങള്‍ വിവരിക്കുന്ന, ഭിത്തിയിലൊട്ടിച്ചിരിക്കുന്ന നൂറു കണക്കിന് 'പോസ്റ്റ് ഇറ്റ്' നോട്ടുകളും സ്‌ക്രാപ്പ് ബുക്കുകളും ഉണ്ടായിരുന്നു. മറ്റു സഞ്ചാരികളുടെ അനുഭവക്കുറിപ്പുകള്‍ വായിച്ചത് പ്രചോദനാത്മകമായി. ഒറ്റയ്ക്ക് ഒരു ദീര്‍ഘയാത്ര നടത്താമെന്ന് അവിടെ വെച്ച് ഞാന്‍ തീരുമാനിച്ചു. അതിനായി ഞാന്‍ പണം സ്വരൂപിച്ചു തുടങ്ങി. കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഹിമാചല്‍ ചുറ്റി സഞ്ചരിക്കാനായിരുന്നു തീരുമാനം.

ചിന്തകള്‍ക്ക് അവസരം ലഭിച്ചു

യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കാന്‍ തീരുമാനിക്കുകയും വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള എല്ലാ സോഷ്യല്‍ മീഡിയ ആപ്പുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതോടെ ചിന്തകള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. ഫോണില്‍ കുത്തിയിരുന്ന് സമയം കളയാനില്ലാത്തതിനാല്‍ ആളുകളുമായി ഇടപഴകാനും നിര്‍ബന്ധിതനായി. ഒരു മാസത്തോളം ഞാന്‍ ഹിമാചലിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. ഈ യാത്രയില്‍ പരിചയപ്പെട്ട മറ്റു സഞ്ചാരികളുടെ അഭിപ്രായം കേട്ടതോടെ ബാക്കി രണ്ട് മാസം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു.

മറ്റെന്തിനേക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നത് പുതിയ ആളുകളെ കാണുകയും അവരുമായി സംസാരിക്കുന്നതുമൊക്കെയാണെന്ന് യാത്രയ്ക്കിടയില്‍ ഞാന്‍ മനസിലാക്കി. ഞാന്‍ അല്‍പ്പം നാണക്കാരനും ആളുകളോട് ഇടപെടാന്‍ മടിയുള്ള കൂട്ടത്തിലുമായിരുന്നു. എന്നാല്‍ യാത്ര പുരോഗമിച്ചു തുടങ്ങിയതോടെ കൂടുതല്‍ ആത്മവിശ്വാസം കൈവരികയും പുറംലോകവുമായികൂടുതല്‍ ഇടപഴകുന്ന ആളായി ഞാന്‍ മാറുകയും ചെയ്തു.

ആ യാത്രക്കിടയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരാഴ്ച എനിക്ക് ലഭിച്ചത് ഉദയ്പൂരിലായിരുന്നു. അവിടെ നാല് വ്യത്യസ്തങ്ങളായ ബാക്ക്പാക്കര്‍ ഹോസ്റ്റലുകളില്‍ ഞാന്‍ താമസിച്ചു. ഒട്ടേറെ പേരെ പരിചയപ്പെട്ടു. എന്റെ ഇരുപത്തി മൂന്നാം പിറന്നാള്‍ ആഘോഷിച്ചത് അവിടെ വെച്ചാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്ന ഏതാനും സുഹൃത്തുക്കളെ ലഭിച്ചത് ഉദയ്പൂരിലായിരുന്നു.

എന്നാല്‍ യാത്ര അത്രയേറെ സുഖകരമായിരുന്നു എന്ന് പറയാനാവില്ല. മാത്രമല്ല, അസ്വസ്ഥപ്പെടുത്തുന്ന പല സാഹചര്യങ്ങളും നേരിടേണ്ടിവന്നു. എന്നാല്‍ അസുഖകരമായ ഈ അനുഭവങ്ങളാകട്ടെ വികാരങ്ങളെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ എന്നെ പഠിപ്പിച്ചു. നെഗറ്റീവ് വികാരങ്ങളോട് പൊരുതുന്നതിനും അവയെ അടിച്ചമര്‍ത്തുന്നതിനും പകരം അനിഷ്ടകരമായ വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗം ഞാന്‍ കണ്ടെത്തി. അവയെ വിലയിരുത്താന്‍ നില്‍ക്കാതെ അംഗീകരിക്കുകയും ആ അനുഭവത്തിലൂടെ കടന്നു പോകുകയും ചെയ്യുക എന്നതാണത്. ഇങ്ങനെ ചെയ്തതിലൂടെ സത്യത്തില്‍ ജീവിതം വളരെയേറെ മെച്ചപ്പെട്ടു.

തെറ്റായ ചിന്തകള്‍

യാത്രക്കിടയില്‍ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍, സ്ഥലങ്ങള്‍, ആളുകള്‍ എന്നിവ സംബന്ധിച്ച എന്റെ പല ചിന്തകളും മുന്‍ധാരണകളും തെറ്റാണെന്ന് അടിക്കടി ബോധ്യപ്പെട്ടുകൊണ്ടിരുന്നു. അമിതമായ ചിന്തകളെ ഇല്ലാതാക്കാനും കൂടുതല്‍ തുറന്ന മനസോടെയിരിക്കാനും, മുമ്പ് രണ്ടാമതൊന്നാലോചിക്കാതെ നിരസിച്ചിരുന്ന പല പുതിയ കാര്യങ്ങളോടും യെസ് പറയാനും ഇത് എന്നെ സഹായിച്ചു.

യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഞാന്‍ മറ്റൊരാളായി മാറിയിരുന്നു. ഭാവിയെ കുറിച്ച് എനിക്കുണ്ടായിരുന്ന ഭയം മങ്ങി. വളരെ കാലമായി എന്നെ അലട്ടിയിരുന്ന നെഗറ്റീവ് ചിന്തകളും വികാരങ്ങളും എന്നില്‍ നിന്ന് പോയി.

യാത്രക്കിടയില്‍ അവിചാരിതമായ സംഭവങ്ങളുടെ അതിശയകരമായ സമന്വയം ഞാന്‍ അനുഭവിച്ചറിഞ്ഞു. അതിനു പിന്നില്‍ അജ്ഞാതമായ ഏതോ ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബോധ്യവും എനിക്കുണ്ടായി. ഭയാശങ്കകളില്‍പെട്ട് ജീവിതത്തിലേക്ക് മോശം സാഹചര്യങ്ങള്‍ ആകര്‍ഷിക്കാതെ, ആ ശക്തിയില്‍ വിശ്വസിക്കുകയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി.  മൂന്ന് മാസം ഒറ്റയ്ക്ക് ഇന്ത്യ ചുറ്റിസഞ്ചരിക്കാനുള്ള തീരുമാനം ജീവിതം മാറ്റിമറിക്കുന്ന ഒന്ന് മാത്രമായിരുന്നില്ല. ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം കൂടിയായിരുന്നു. നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെങ്കില്‍, ഉള്ളില്‍ നിന്ന് അങ്ങനെയൊരു തോന്നല്‍ ഉണ്ടാവുകയാണെങ്കില്‍ ഈവര്‍ഷം തന്നെ ഒരു സോളോ ട്രിപ്പ് നടത്താനുള്ള പ്രേരണയായി ഈ കുറിപ്പിനെ പരിഗണിക്കുക. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT