traffic camera Image : Canva
Travel

അബൂദബിയില്‍ അതിവേഗ ഡ്രൈവിംഗിന് നിയന്ത്രണം; പിഴ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടത്

മാറിയ വേഗപരിധികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ നാവിഗേഷന്‍ ആപ്പുകള്‍ സഹായിക്കും

Dhanam News Desk

അബൂദബി നഗരത്തില്‍ വാഹനമോടിക്കുന്നവര്‍ ഇനി കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരും. ഡ്രൈവിംഗ് വേഗതയില്‍ വരുത്തിയ നിയന്ത്രണം അമിത വേഗക്കാര്‍ക്ക് വിനയാകും. പ്രധാന റോഡുകളില്‍ വേഗപരിധി കുറച്ചിരിക്കുകയാണ്. ഇതറിയാതെ പഴയ രീതിയില്‍ വാഹനമോടിച്ചാല്‍ പിഴ പിന്നാലെയെത്തും. റോഡ് സുരക്ഷ കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനം.

മാറ്റങ്ങള്‍ എന്തെല്ലാം?

നഗരത്തിലെ പ്രധാന റോഡുകളായ സീഹാന്‍ റോഡില്‍ വേഗപരിധി മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. ഷെയ്ക്ക് ഖലീഫ ബിന്‍ സയ്യിദ് ഇന്റര്‍നാഷണല്‍ റോഡില്‍ 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായും കുറച്ചു. യുഎഇയിലെ മറ്റ് എമിറേറ്റുകളെ പോലെ നിശ്ചിത വേഗപരിധി കഴിഞ്ഞാലും 20 കിലോമീറ്റര്‍ വരെ വേഗത ഇളവ് നല്‍കുന്ന രീതി അബൂദബിയില്‍ ഇല്ലെന്നത് വാഹനം ഓടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. 2018 മുതല്‍ വേഗപരിധിയിലെ ഇളവ് അബൂദബി ഗതാഗത വകുപ്പ് എടുത്തു കളഞ്ഞിരുന്നു. 100 കിലോമീറ്റര്‍ വേഗത അനുവദിക്കപ്പെട്ട റോഡില്‍ 101 കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ പിഴ ഈടാക്കുകയെന്നതാണ് നിലവിലുള്ള നിയമം. റോഡ് സിഗ്നലുകളില്‍ നീല വൃത്തത്തില്‍ കുറഞ്ഞ വേഗപരിധിയും വെള്ള വൃത്തത്തില്‍ കൂടിയ വേഗപരിധിയും ദൃശ്യമാണ്.

നാവിഗേഷന്‍ ആപ്പുകള്‍ സഹായമാകും

പുതിയ വേഗപരിധി സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന നാവിഗേഷന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് പിഴകള്‍ ഒഴിവാക്കാന്‍ സഹായകമാകും. ഓരോ റോഡിലെയും പുതിയ വേഗപരിധികളെ കുറിച്ച് ഡ്രൈവിംഗിനിടയില്‍ മുന്നറിയിപ്പ് നല്‍കാന്‍ ഈ ആപ്പുകളില്‍ സംവിധാനമുണ്ട്. സ്പീഡ് കാമറകള്‍ക്ക് മുന്നില്‍ എത്തുന്നതിന് മുമ്പ് ഓഡിയോ അലര്‍ട്ടുകള്‍ ലഭിക്കുമെന്നതിനാല്‍ വേഗത കുറക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കും.

വാഹനമോടിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് വേഗപരിധി കുറച്ചതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ റോഡുകളില്‍ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും അപകട സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT