പാകിസ്ഥാന്റെ വ്യോമപാത തടസപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അധികം സഞ്ചരിക്കേണ്ടി വന്നതോടെ പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തില്‍ മാറ്റം. ദീര്‍ഘദൂര വിമാനങ്ങളില്‍ ജീവനക്കാരുടെ ജോലി സമയവും വിശ്രമ സമയവും പുനക്രമീകരിച്ചാണ് എയര്‍ ഇന്ത്യ പുതിയ പ്രതിസന്ധിയെ മറികടക്കുന്നത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റം. എയര്‍ഇന്ത്യയെയാണ് ചുറ്റിപ്പറക്കല്‍ കൂടുതല്‍ ബാധിക്കുന്നത്.
അമേരിക്കയിലേക്കുള്ള വിമാനങ്ങള്‍ റൂട്ട് മാറി പറക്കുമ്പോള്‍ പൈലറ്റുമാരുടെ ജോലി സമയം രണ്ട് മണിക്കൂര്‍ വരെ കൂടും. നേരത്തെ 14 മണിക്കൂര്‍ വരെ സമയം ആവശ്യമുണ്ടായിരുന്ന വിമാനങ്ങളില്‍ ഇപ്പോള്‍ 16 മണിക്കൂറായി വര്‍ധിപ്പിച്ചു. 22 മണിക്കൂറിന്റെ ഡ്യൂട്ടി ഇപ്പോള്‍ 24 മണിക്കൂറായും കൂടി. പുതിയ സമയക്രമം ഏപ്രില്‍ 30 മുതലാണ് നിലവില്‍ വന്നത്. പ്രധാനമായും അമേരിക്കയിലേക്കുള്ള ബോയിംഗ്, എയര്‍ബസ് വിമാനങ്ങളിലാണ് മാറ്റം. രണ്ടാഴ്ചത്തേക്കാണ് പുതിയ സമയക്രമമെന്ന് എയര്‍ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷസ്ഥിതി കണക്കിലെടുത്തായിരിക്കും തുടര്‍ന്നുള്ള തീരുമാനം.
അധിക ജോലി ചെയ്യേണ്ടി വരുന്ന പൈലറ്റുമാര്‍ക്ക് അധിക വിശ്രമം അനുവദിക്കുമെന്നും എയര്‍ ഇന്ത്യ സര്‍ക്കുലറില്‍ വ്യക്തമാക്കി. ഹോം ബേസുകളില്‍ നിലവിലുള്ള വിശ്രമ സമയത്തേക്കാള്‍ നാല് മണിക്കൂറും ലേ ഓവറുകളില്‍ 12 മണിക്കൂറും അധിക വിശ്രമമാണ് അനുവദിക്കുന്നത്. പാക് വ്യോമപാത നിഷേധിക്കപ്പെട്ടതിന് ശേഷം കൂടുതല്‍ ജോലി ചെയ്യേണ്ടി വരുന്നതായി പൈലറ്റുമാര്‍ പരാതികള്‍ ഉയര്‍ത്തിയിരുന്നു. എയര്‍ലൈന്‍ കമ്പനികള്‍ക്ക് പുറമെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസും ഇക്കാര്യം ഗൗരവത്തോടെ എടുത്തിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് അധിക ജോലി ഭാരമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിജിസിഎ വിമാനകമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
പാക് വ്യോമപാത ഒഴിവാക്കി സര്‍വീസ് നടത്തുമ്പോള്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. പുതിയ റൂട്ടുകളില്‍ ഒരു വര്‍ഷം പറക്കുമ്പോള്‍ എയര്‍ഇന്ത്യക്ക് മാത്രം 600 മില്യണ്‍ ഡോളറിന്റെ അധിക ചെലവ് വരും. ഇക്കാര്യം വിമാന കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പിന്തുണ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷം പാകിസ്ഥാന്റെ വ്യോമയാന മേഖലക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കും. നിരവധി അന്താരാഷ്ട്ര വിമാന കമ്പനികള്‍ സംഘര്‍ഷം ഭയന്ന് പാക് വ്യോമപാത ഒഴിവാക്കുകയാണ്. പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയിലും വിലക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine