ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ ഭൂരിഭാഗം അന്താരാഷ്ട്ര സര്‍വീസുകളിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കുള്ള ബാഗേജ് പരിധി ജനുവരി 15 മുതല്‍ വര്‍ധിപ്പിച്ചു. 20 കിലോഗ്രാമിൽ നിന്ന് 30 കിലോഗ്രാം ആയാണ് വര്‍ധിപ്പിച്ചത്. ഹാന്റ് ബാഗേജ് പരിധി ഏഴ് കിലോഗ്രാമിൽ തുടരും. ചെക്ക് ഇൻ ബാഗേജില്‍ പരമാവധി രണ്ട് പെട്ടികളോ, ബാഗുകളോ ആണ് അനുവദിക്കുക. തായ്‌ലാന്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബാഗേജ് പരിധി വര്‍ധിപ്പിച്ചിട്ടില്ല. മറ്റെല്ലാ സെക്ടറുകളിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ബിസ് എന്നീ ക്ലാസുകൾ ഒഴികെയുള്ള വിഭാഗങ്ങളിലാണ് ബാഗേജ് പരിധി കൂട്ടിയത്. എക്‌സ്പ്രസ് ബിസില്‍ 40 കിലോഗ്രാം ബാഗേജാണ് നേരത്തെ തന്നെ ഉള്ളത്. എക്‌സ്പ്രസ് ലൈറ്റ്, ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്കുള്ളതാണ്. ഓണ്‍ലൈന്‍ വഴിയുള്ള ബുക്കിംഗുകളില്‍ പുതിയ മാറ്റം പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല. എങ്കിലും എല്ലാ തരം ബുക്കിംഗുകളിലും 30 കിലോഗ്രാം ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.
30 കിലോഗ്രാം ബാഗേജ് അനുവദിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ബാഗേജ് പരിധി നേരത്തെ തന്നെ 30 കിലോഗ്രാം ആക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളില്‍ 20 കിലോഗ്രാം മാത്രം അനുവദിച്ചിരുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് പലപ്പോഴും അധിക ചിലവിന് കാരണമാകാറുണ്ട്. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുന്നവര്‍ കൂടുതല്‍ വസ്തുക്കള്‍ കൊണ്ടു പോകുന്നത് അധിക നിരക്കിന് ഇടയാക്കാറുണ്ട്.
ഗള്‍ഫ് മേഖലയില്‍ വിമാന കമ്പനികളുടെ മല്‍സരം മുറുകിയതോടെ പല എയര്‍ലൈനുകളും കൂടുതല്‍ ബാഗേജ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. എയര്‍ അറേബ്യയില്‍ ഹാന്റ് ബാഗേജിന്റെ പരിധി 10 കിലോഗ്രാം ആക്കി കഴിഞ്ഞയാഴ്ച മുതല്‍ ഉയര്‍ത്തിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine