Air India  facebook.com/AirIndia
Travel

ശക്തി കൂട്ടാന്‍ എയര്‍ ഇന്ത്യ; 40 വൈഡ് ബോഡി വിമാനങ്ങള്‍ സ്വന്തമാക്കാന്‍ നീക്കം

അന്താരാഷ്ട്ര സെക്ടറില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വരുമാനം വിദേശ കമ്പനികള്‍ക്ക്

Dhanam News Desk

വ്യോമ ഗതാഗത രംഗത്തെ വര്‍ധിക്കുന്ന മല്‍സരത്തിനിടയില്‍ ശക്തികൂട്ടാന്‍ എയര്‍ ഇന്ത്യയുടെ തയ്യാറെടുപ്പ്. 40 പുതിയ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. എയര്‍ബസ്, ബോയിംഗ് കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജൂണില്‍ നടക്കുന്ന പാരീസ് എയര്‍ ഷോയില്‍ ഇതുസംബന്ധിച്ച ഇടപാടുകള്‍ ആരംഭിക്കുമെന്നാണ് സൂചന.

മാറാതെ വഴിയില്ല

അന്താരാഷ്ട്ര സെക്ടറില്‍ മല്‍സര രംഗത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ എയര്‍ ഇന്ത്യക്ക് പുതിയ വിമാനങ്ങള്‍ ആവശ്യമാണ്. പഴഞ്ചന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയെന്ന പേരുദോഷം എയര്‍ ഇന്ത്യക്ക് ഇപ്പോഴുമുണ്ട്. കഴിഞ്ഞ വര്‍ഷം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നെങ്കിലും അതില്‍ വൈഡ് ബോഡി വിമാനങ്ങളില്ല.

50 എയര്‍ബസ് എ350 വിമാനങ്ങള്‍ക്കും 10 ബോയിംഗ് 777 എക്‌സ് വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ വിമാനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം സര്‍വീസുകളെ ബാധിക്കുന്നുണ്ട്.

വിമാനങ്ങള്‍ക്ക് ക്ഷാമം

വ്യോമയാന രംഗത്ത് വളര്‍ച്ചയുണ്ടെങ്കിലും പുതിയ വിമാനങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നത് വിമാന കമ്പനികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വ്യോമയാന മേഖലയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം 20 ശതമാനം വരെ വര്‍ധിക്കും. ആഭ്യന്തര യാത്രക്കാര്‍ 10 ശതമാനം വരെയും കൂടും.

ഈ വളര്‍ച്ചക്കൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ വിമാനകമ്പനികള്‍ക്ക് നവീകരണം നടത്തേണ്ടി വരും. അന്താരാഷ്ട്ര സര്‍വീസില്‍ വിദേശ വിമാന കമ്പനികളാണ് ഇന്ത്യയില്‍ നിന്ന് വരുമാനമുണ്ടാക്കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് 44 ശതമാനം വിപണി സാന്നിധ്യമാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT