IndiGo canva
Travel

തുര്‍ക്കിയെ പേടിക്കണം, ഇന്‍ഡിഗോയുമായുള്ള ലീസ് കരാര്‍ റദ്ദാക്കണം; ആവശ്യവുമായി എയര്‍ ഇന്ത്യ

കരാര്‍ നീട്ടുന്നതിന് ഇന്‍ഡിഗോ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെന്നാണ് സൂചന

Dhanam News Desk

തുര്‍ക്കിയുമായുള്ള ബന്ധം ഇന്ത്യന്‍ വ്യോമയാന രംഗത്തും അപകടമുണ്ടാക്കുമെന്ന ആശങ്കയുമായി എയര്‍ ഇന്ത്യ. തുര്‍ക്കി എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ ഉണ്ടാക്കിയ എയര്‍ക്രാഫ്റ്റ് ലീസിംഗ് കരാര്‍ റദ്ദാക്കണമെന്ന് എയര്‍ഇന്ത്യ അധികൃതര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടവും ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യയുടെ നീക്കം.

തുര്‍ക്കി ആസ്ഥാനമായ എയര്‍പോര്‍ട്ട് ഗ്രൗണ്ട് ഓപ്പറേഷന്‍ കമ്പനി സെലെബിക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും മുന്നോട്ടു വന്നിട്ടുള്ളത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തുര്‍ക്കി ഗവണ്‍മെന്റ് പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള സഞ്ചാരികള്‍ വ്യാപകമായി യാത്ര റദ്ദാക്കിയിരുന്നു.

കരാര്‍ നിരീക്ഷണത്തില്‍

തുര്‍ക്കി എയര്‍ലൈന്‍സും ഇന്‍ഡിഗോയും തമ്മിലുള്ള എയര്‍ക്രാഫ്റ്റ് ലീസിംഗ് കരാര്‍ കേന്ദ്രസര്‍ക്കാരിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇസ്താംബൂളിലേക്ക് തുര്‍ക്കിയുടെ യാത്രാ വിമാനങ്ങള്‍ ഉപയോഗിക്കാനാണ് ഇന്‍ഡിഗോയുടെ കരാര്‍. ഈ വിമാനങ്ങളിലെ പൈലറ്റ് അടക്കമുള്ള ജീവനക്കാരും ടര്‍ക്കിഷ് എയര്‍ലൈന്‍സ് നിയമിക്കുന്നവരാണ്. ആറു മാസത്തേക്കാണ് കരാര്‍.

ഈ കരാര്‍ നീട്ടി കൊടുക്കരുതെന്നാണ് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. കരാറിലെ വ്യവസ്ഥകള്‍ തുര്‍ക്കിക്ക് കൂടുതല്‍ ഗുണം ചെയ്യുന്നതും ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ദോഷകരവുമാണ്. തുര്‍ക്കിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കാനുള്ള കരാറാണിത്. എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ഇത് ദോഷകരമാണ്.- എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ-പാക്ക് സംഘര്‍ഷത്തിനിടെ തുര്‍ക്കിയെടുത്ത പാക് അനുകൂല നിലപാടിനെയും എയര്‍ ഇന്ത്യ വിമര്‍ശിക്കുന്നുണ്ട്.

ഇന്‍ഡിഗോയുടെ നിലപാട്

അതേസമയം, ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള കരാറിനെ ഇന്‍ഡിഗോ ന്യായീകരിക്കുകയാണ്. കരാര്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗുണകരമാണ്. വ്യോമയാന മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. യൂറോപ്പും യുഎസും ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഇന്‍ഡിഗോയുടെ സാന്നിധ്യം മെച്ചപ്പെടുത്താന്‍ ഈ കരാര്‍ സഹായിച്ചിട്ടുണ്ട്. ഇന്‍ഡിഗോ ചൂണ്ടിക്കാട്ടി.

ഈ മാസം അവസാനിക്കും

2018 മുതലാണ് ഇന്‍ഡിഗോ കരാറിലെത്തിയത്. നിലവിലുള്ള കരാറിന്റെ കാലാവധി മെയ് 31 ന് അവസാനിക്കും. കരാര്‍ നീട്ടുന്നതിന് ഇന്‍ഡിഗോ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെന്നാണ് സൂചന. ഇന്ത്യന്‍ വിമാന കമ്പനികള്‍ പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ലഭിക്കാന്‍ കാലതാമസം വരുന്നതോടെയാണ് ഇത്തരം കരാറുകളിലേക്ക് നീങ്ങുന്നത്.

അതിനിടെ, വിലക്കേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ടര്‍ക്കിഷ് കമ്പനിയായ സെലെബി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT