കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ പ്രവാസി മലയാളികളുടെ വിമാന കമ്പനിയായ എയര്‍ കേരള. അടുത്ത ജുണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍ കേരളയുടെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തി. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പു വച്ചതിന് പിന്നാലെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയത്. മൈസൂരുവില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം യദുവിര്‍ വാഡിയാറും ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏറെ അടുത്താണ് മൈസൂരു വിമാനത്താവളം. മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേക്ക് റോഡ്, ട്രെയിന്‍ കണക്ടിവിറ്റിയും മെച്ചപ്പെട്ടതാണ്. മൈസൂരുവില്‍ ഏവിയേഷന്‍ അകാദമി ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. '' പ്രാദേശികമായ എയര്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് കണ്ണൂര്‍, മൈസൂരു വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ സഹായമാകും. ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഏറെ കുറെ പൂര്‍ത്തിയായി. ജൂണിന് മുമ്പ് തന്നെ സര്‍വീസ് ആരംഭിക്കാനാകും.'' എയര്‍ കേരള ചെയര്‍മാന്‍ അഫി മുഹമ്മദ് പറഞ്ഞു.
കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം വിമാനങ്ങള്‍ കൃത്യസമയത്ത് സര്‍വ്വീസ് നടത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന് എയര്‍ കേരള സി.ഇ.ഒ ഹരീഷ് കുട്ടി വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ എടിആര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന എയര്‍ കേരള, കുറഞ്ഞ ദൂരത്തിലുള്ള വിമാനത്താവളങ്ങളെയാകും ആഭ്യന്തര സെക്ടറില്‍ ബന്ധിപ്പിക്കുന്നത്. മാതൃ കമ്പനിയായ സെറ്റ്ഫ്‌ളൈക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നിരാക്ഷേപ പത്രം നേരത്തെ ലഭിച്ചിരുന്നു. ഡി.ജി.സി.എയുടെ എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഉടനെ സര്‍വീസ് ആരംഭിക്കും. കൊച്ചി ആസ്ഥാനമായാണ് എയര്‍ കേരള പ്രവര്‍ത്തിക്കുന്നത്. 2026 ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
കേരളത്തില്‍ നിന്ന് ഏറെ യാത്രാ തിരക്കുള്ള റൂട്ടാണ് ബെംഗളൂരുവിലേക്കുള്ളത്. ട്രെയിനുകള്‍ കുറവായതിനാല്‍ ഉയര്‍ന്ന നിരക്കുകള്‍ നല്‍കി വലിയൊരു ശതമാനം പേര്‍ ബസിലാണ് യാത്ര. ലക്ഷ്വറി ബസുകളോടാണ് തങ്ങളുടെ മല്‍സരമെന്ന് നേരത്തെ എയര്‍ കേരള മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് മൈസൂരു വിമാനത്താവളത്തിലേക്കുള്ള ആകാശദൂരം 102 കിലോമീറ്ററാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 146 കിലോമീറ്ററും.
മൈസൂരു ടൗണില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 1940 ല്‍ മൈസൂര്‍ രാജ ഭരണകാലത്താണ് ആരംഭിച്ചത്. 2005 ല്‍ കര്‍ണാടക സര്‍ക്കാരിന്റെ കൂടി സഹകരണത്തോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. 200 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ടെര്‍മിനലില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം 1,27,994 യാത്രക്കാര്‍ ഇതുവഴി യാത്ര ചെയ്തു. 2,483 വിമാന സര്‍വ്വീസുകളാണുണ്ടായത്.
Read DhanamOnline in English
Subscribe to Dhanam Magazine